ന്യൂഡൽഹി: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി നെഹ്‌റുവിനെതിരെ വിവാദ പരാമർശവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി രംഗത്ത്. ജവഹർലാൽ നെഹ്‌റുവിന് മൂന്നാം ക്ലാസ് വിദ്യാഭ്യാസമേയുള്ളൂവെന്ന സുബ്രഹ്മണ്യം സ്വാമിയുടെ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്. ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു) യുടെ പേര് മാറ്റണമെന്നും സുബ്രഹ്മണ്യം സ്വാമി ആവശ്യപ്പെട്ടിട്ടുണ്ട്.

നേതാജി സുഭാഷ് ചന്ദ്രബോസിന് നല്ല വിദ്യാഭ്യാസ യോഗ്യതയുണ്ട്. എന്നാൽ നെഹ്‌റുവിന് മൂന്നാം ക്ലാസ് വിദ്യാഭ്യാസമേയുള്ളൂ. അതിനാൽ ജവഹർലാൽ നെഹ്‌റു സർവകലാശാലയുടെ പേര് മാറ്റി സുഭാഷ് ചന്ദ്രബോസിന്റെ പേര് വേണം സർവ്വകലാശാലയ്ക്ക് നൽകാൻ എന്നും അദ്ദേഹം പറഞ്ഞു. ജെഎൻയുവിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും നക്‌സലൈറ്റുകളാണെന്നും സ്വാമി ആരോപിച്ചു.

ജെഎൻയുവിന്റെ പുതിയ വൈസ് ചാൻസലറായി സുബ്രഹ്മണ്യം സ്വാമിയെ നിയമിക്കുന്നതിന് കേന്ദ്രസർക്കാർ തീരുമാനിച്ചതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ചുമതല ഏറ്റെടുക്കുന്നതിന് ചില നിർദേശങ്ങൾ സ്വാമി മുന്നോട്ടുവച്ചിട്ടുള്ളതായാണ് വിവരം. എന്നാൽ ഇതുസംബന്ധിച്ച് മന്ത്രായലത്തിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ലഭ്യമായിട്ടില്ല.

നെഹ്‌റുവിനെതിരായ സ്വാമിയുടെ ആരോപണങ്ങൾക്കെതിരെ കോൺഗ്രസ് ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. സുബ്രഹ്മണ്യം സ്വാമി മികച്ച നേതാവാണെന്നും എന്നാൽ ഇപ്പോൾ രാഷ്ട്രീയ കോമാളിയായി മാറിയിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് ദിക്ഷിത് പ്രതികരിച്ചിട്ടുണ്ട്.