ന്യൂഡൽഹി: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തിൽ പ്രതിഷേധ പ്രകടനങ്ങൾ ശക്തമായി നടക്കുകയാണ്. ഇതിനിടയിലാണ് സംഭവത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി രംഗത്തെത്തിയത്. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് സ്വാമി ഇക്കാര്യം തുറന്ന് പറഞ്ഞത്.

'ശബരിമലയിൽ പോകാൻ സ്ത്രീകളെ കോടതി നിർബന്ധിക്കുന്നില്ല. പോകണോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും തീരുമാനമാണ്'. 'എന്തിനാണ് സുപ്രീംകോടതി വിധിക്കെതിരെ കേരളത്തിലെ സ്ത്രീകൾ പ്രതിഷേധങ്ങൾ നടത്തുന്നത്. ആർത്തവ ദിനങ്ങളിൽ ക്ഷേത്രത്തിൽ പോകാൻ സ്ത്രീകളെ വിധി നിർബന്ധിക്കുന്നില്ല. ശബരിമലയിൽ പോകണോ വേണ്ടയോ എന്നത് സ്ത്രീകൾ സ്വന്തം നിലയിൽ തീരുമാനിക്കേണ്ട കാര്യമാണ്..'- സ്വാമി ട്വിറ്ററിൽ കുറിച്ചു.

അതുപോലെ തന്നെ ശബരിമലയ്ക്കു പോകാൻ ഏതെങ്കിലും സ്ത്രീ ആഗ്രഹിക്കുന്നുവെങ്കിൽ അവരോടു പോകേണ്ടെന്നു നിർബന്ധിക്കാനും കഴിയില്ല. ദൈവം എന്താണ് ആഗ്രഹിക്കുന്നതെന്ന് ആർക്കറിയാം- സ്വാമി ട്വിറ്ററിൽ പറയുന്നു. കഴിഞ്ഞ മാസം 28നാണ് ശബരിമലയിൽ ഏതുപ്രായത്തിലുമുള്ള സ്ത്രീകൾക്കു പ്രവേശിക്കാമെന്ന നിർണായകവിധി സുപ്രീം കോടതി പുറപ്പെടുവിച്ചത്. ഇതിനെതിരെ സംസ്ഥാനമെങ്ങും ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്.

സ്ത്രീകൾ തെരുവിലിറങ്ങി പ്രതിഷേധ പ്രകടനങ്ങളും നടത്തുന്നു. വിധി നടപ്പാക്കാനുള്ള തീരുമാനവുമായി മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.ഇതിനിടെ ശബരിമല സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് തന്ത്രി കുടുംബത്തെ സർക്കാർ ചർച്ചയ്ക്ക് വിളിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റാണ് തന്ത്രി കുടുംബത്തെ ക്ഷണിച്ചത്. കണ്ഠര് രാജീവര്, കണ്ഠര് മോഹനര് , മഹേഷ് മോഹനര് എന്നിവരുമായി ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ സംസാരിച്ചു.

എന്നാൽ ചർച്ച വേണമെന്ന് പറഞ്ഞത് സമവായത്തിനല്ല, വിധി നടപ്പാക്കാനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ശബരിമല വിധിയിൽ സിപിഎം നിലപാട് മയപ്പെടുത്തിയിട്ടില്ലെന്നും ബിജെപിയും കോൺഗ്രസും രണ്ടാം വിമോചനസമരത്തിന് ശ്രമിക്കുന്നുവെന്നും കോടിയേരി പറഞ്ഞു.

 

സൈന്യത്തെ വിളിച്ചായാലും കോടതി വിധി നടപ്പാക്കണമെന്നും സ്വാമി

ശബരിമല വിധി സൈന്യത്തെ വിളിച്ചായാലും നടപ്പാക്കണമെന്ന് മുതിർന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. പ്രതിഷേധങ്ങൾ ഒഴിവാക്കാൻ ആവശ്യമെങ്കിൽ കേരളത്തിൽ സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന നിയമം നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

'ശബരിമല വിധിക്ക് എതിരായ ബിജെപി സംസ്ഥാന ഘടകത്തിന്റെ പ്രതിഷേധം പാർട്ടി നിലപാട് അല്ല. പാർട്ടി നിലപാട് ആകണമെങ്കിൽ ദേശീയ നിർവ്വാഹക സമിതി തീരുമാനം എടുക്കണം. പാർട്ടി പ്രവർത്തകരുടേതാണ് കേരളത്തിലെ പ്രതിഷേധം. പാർട്ടി പരിപാടി അല്ല ഇത്.ആർഎസ്എസ് നിലപാട് മയപ്പെടുത്തിയിട്ടില്ല. എല്ലാവരോടും ചർച്ച നടത്തണം എന്നു മാത്രമാണ് ആവശ്യപ്പെട്ടത്.ഇത് പാർട്ടി വിഷയം ആകാൻ പാടില്ല. പാർട്ടി രാമ ക്ഷേത്ര വിഷയത്തിൽ പോലും നേരിട്ട് ഇടപെടുന്നില്ല. ഞാൻ നേരിട്ടാണ് കേസ് നടത്തുന്നത്.ഭരണഘടന ഒരു മതത്തിനും പൂർണ്ണ സ്വാതന്ത്ര്യം നൽകുന്നില്ല. അത് നിയന്ത്രണങ്ങൾക്ക് വിധേയമാണ്.

ഈ കേസിൽ സ്ത്രീയേയും പുരുഷനെയും ഒരു പോലെ കാണണം. അയ്യപ്പന് കോപം വരും എന്ന് പറയുന്നത് എന്താടിസ്ഥാനത്തിൽ? അത് ആർക്ക് അറിയാം. പോകാത്തവർ പോകണ്ട. പോകാൻ ആഗ്രഹിക്കുന്നവരെ എങ്ങനെ തടയാൻ കഴിയും.ആർത്തവം മോശം കാര്യമല്ല. അയ്യപ്പൻ ബ്രഹ്മചാരിയാണെന്ന് പറയുന്നതും വ്യാഖ്യാനിക്കുന്നതും എന്തടിസ്ഥാനത്തിലാണ്.മുഖ്യമന്ത്രി യോഗം വിളിച്ചു വിധി നടപ്പാക്കാൻ ബാധ്യസ്ഥനാണെന്ന് പ്രതിഷേധക്കാരെ അറിയിക്കണം.പുനഃപരിശോധന ഹർജി നൽകിയാൽ കോടതിയിൽ നിന്ന് കനത്ത പ്രഹരമേൽക്കും. കോടതി അവരെ കർശനമായി നേരിടും.

ഇത് ആധുനിക കാലത്തിന്റെ കാഴ്ചപ്പാടാണ്. അത് നടപ്പാക്കുകയാണ് വേണ്ടത്.പൊലീസിന് പറ്റില്ലെങ്കിൽ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടണം. ആവശ്യമെങ്കിൽ സായുധസേന നിയമം പ്രഖ്യാപിച്ചു വിധി നടപ്പാക്കണം കേരളത്തിൽ.ഹിന്ദു കോഡ് കൊണ്ടുവന്നപ്പോൾ 1955ൽ നിരവധി പ്രതിഷേധങ്ങൾ ഉണ്ടായി എന്നിട്ടും നടപ്പാക്കി. ആർത്തവത്തിൽ യാതൊരു പ്രശ്‌നവും ഇല്ല. ഉണ്ടെന്ന കാഴ്ചപ്പാട് ആദ്യം മാറ്റണം. ഏകീകൃത സിവിൽ കോഡിന് വേണ്ടി തുടക്കം മുതൽ നിലപാട് എടുക്കന്നയാളാണ് ഞാൻ. ഈ വിധി അതിന് ഉപയോഗിക്കേണ്ട ആവശ്യമില്ലെന്നും' അദ്ദേഹം കൂട്ടിച്ചേർത്തു.