രണകക്ഷിക്കും പ്രതിപക്ഷത്തിനും അൽപം ഭയപ്പാടോടെയല്ലാതെ പി.സി.ജോർജിനെ നേരിടാനാവില്ല. ജോർജ് എന്തുപറയുമെന്നോ എങ്ങനെ പറയുമെന്നോ ഒരു നിശ്ചയവുമില്ലാത്തതുകൊണ്ടാണത്. കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാരിനും ഇപ്പോഴൊരു പിസിയെ പേടിക്കണം. സുബ്രഹ്മണ്യം സ്വാമിയാണ് ബിജെപിക്കും പ്രതിപക്ഷമായ കോൺഗ്രസ്സിനും ഒരുപോലെ തലവേദനയായിരിക്കുന്നത്.

രാജ്യസഭയിലെ എംപിയായ സുബ്രഹ്മണ്യം സ്വാമിയുടെ വായിൽനിന്ന് എന്താണ് വീഴുകയെന്ന് ആർക്കും നിശ്ചയിക്കാനാവില്ല. റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജനെക്കുറിച്ച് സ്വാമി പറഞ്ഞതിന്റെ തലവേദന ഇനിയും തീർന്നിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് രംഗത്തെത്തുകയും സ്വാമിയുടെ പരാമർശങ്ങൾ അനുചിതമായെന്ന് അഭിപ്രായപ്പെടുകയും ചെയ്തതോടെയാണ് പാർട്ടിക്ക് അൽപമെങ്കിലും ആശ്വാസമായത്.

എന്നാൽ, പൂർണമായും മോചിതരായി എന്ന് പറയാനാവില്ല, സുബ്രഹ്മണ്യം സ്വാമി പ്രസംഗിക്കേണ്ടിയിരുന്ന രണ്ട് സമ്മേളനങ്ങൾ പാർട്ടി വേണ്ടെന്നുവച്ചത് അതിന് തെളിവാണ്. സ്വാമിയുടെ വാക്കുകൾ എങ്ങനെയാകും സർക്കാരിനെ ബാധിക്കുകയെന്ന് ഉറപ്പില്ലാത്തതിനാലാണ് ഈ പരിപാടികൾ ഒഴിവാക്കിയതെന്നാണ് വ്യാപകമായി പ്രചരിക്കുന്ന കാര്യം. എന്നാൽ, ആരും പാർട്ടി സംവിധാനത്തിന് മീതെയല്ല എന്ന ശക്തമായ താക്കീത് സ്വാമിക്ക് നൽകുന്നതിന് വേണ്ടിയാണ് ഇതു ചെയ്തതെന്നും വ്യാഖ്യാനിക്കപ്പെടുന്നു.

ദിവസവും സർക്കാരിനെ വിഷമത്തിലാക്കുന്ന ഒരു പ്രസ്താവനയെങ്കിലും നടത്താതെ സ്വാമി പോകാറില്ല. എന്നാൽ, റിസർവ് ബാങ്ക് ഗവർണറെക്കുറിച്ചുള്ള പരാമർശങ്ങളിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ അതിന് അറുതിവരുത്തിയേക്കുമെന്നും പാർട്ടി കരുതുന്നു. സ്വാമിയെ വിമർശിച്ചുകൊണ്ട് സംസാരിക്കുന്നതിന് ബിജെപി നേതാക്കൾക്കും വിലക്കുണ്ട്. ഉന്നത നേതൃത്വത്തിന്റെ അറിവോടെയല്ലാതെ സ്വാമിക്കെതിരെ പ്രതികരിക്കരുതെന്നാണ് താഴേത്തട്ടിലേക്കുള്ള നിർദ്ദേശം.

പ്രധാനമന്ത്രിയുമായും പാർട്ടി അധ്യക്ഷൻ അമിത്ഷായുമായും നേരിട്ടാണ് സ്വാമിയുടെ ഇടപാടുകൾ. സ്വാമിയെ അടക്കിനിർത്തുന്നതിനും നിയന്ത്രിക്കുന്നതുനും സാധിക്കാതെ വന്നതോടെയാണ് സ്വാമിക്കെതിരെ പ്രധാനമന്ത്രിയെക്കൊണ്ടുതന്നെ പ്രസ്താവനയിറക്കാൻ ബിജെപി തയ്യാറായത്. എന്നാൽ, അതും സ്വാമിയെ നിശബ്ദനാക്കുമെന്ന് കരുതാനാവില്ല.

സർക്കാരിനും മന്ത്രിമാർക്കുമെതിരെ സംസാരിക്കുന്നതിന് സ്വാമിയെ വിലക്കുന്നതിന് പകരം അതിനുള്ള അവസരം പരമാവധി കുറയ്ക്കുകയെന്ന തന്ത്രമാണ് പാർട്ടിയിപ്പോൾ സ്വീകരിച്ചിട്ടുള്ളത്. മുംബൈയിലും ചെന്നൈയിലുമായി ആർ.എസ്.എസ്. സംഘടിപ്പിച്ചിരുന്ന രണ്ട് യോഗങ്ങളാണ് പാർട്ടി ഇടപെട്ട് ഒഴിവാക്കിയത്. ഈ രണ്ട് യോഗങ്ങളിലും സ്വാമി പ്രസംഗിക്കേണ്ടതായിരുന്നു.