ന്യൂഡൽഹി: നടൻ സുരേഷ് ഗോപിക്കു പുറമേ മുതിർന്ന ബിജെപി നേതാവ് ഡോ. സുബ്രഹ്മണ്യൻ സ്വാമി, മുൻ ക്രിക്കറ്റ് താരം നവ്‌ജ്യോത് സിങ് സിദ്ദു, ഒളിംപ്യൻ ബോക്‌സർ മേരി കോം, മുതിർന്ന പത്രപ്രവർത്തകൻ സ്വപൻ ദാസ്ഗുപ്ത, സാമ്പത്തിക വിദഗ്ധൻ ഡോ. നരേന്ദ്ര ജാദവ് എന്നിവരെ ബിജെപി രാജ്യസഭയിലേക്കു നാമനിർദ്ദേശം ചെയ്തു. കേന്ദ്രമന്ത്രിസഭയും പ്രധാനമന്ത്രിയുടെ ഓഫിസും അംഗീകരിച്ച പട്ടിക രാഷ്ട്രപതിക്ക് അയച്ചിട്ടുണ്ട്. ഉടൻ തന്നെ രാഷ്ട്രപതിയുടെ തീരുമാനം എത്തും.

ഏഴ് പേരെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യാനാകും. ഏഴാമനായി അനുപം ഖേർ എത്തുമെന്നാണ് സൂചന. അസമിൽ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് മേരി കോമിനെ നാമനിർദ്ദേശം ചെയ്യുന്നത്. ഇത് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളെ ബിജെപിയുമായി അടുപ്പിക്കാനുള്ള നീക്കമാണ്. പഞ്ചാബിലെ ബിജെപി നേതാവായ സിദ്ദുവും പാർട്ടി കേന്ദ്ര നേതൃത്വവുമായി അടുപ്പത്തിൽ അല്ല. ആംആദ്മി പാർട്ടിയുമായി സിദ്ദു അടുക്കുന്നതായും സൂചനയുണ്ട്. ആപ്പിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി സിദ്ദു മാറുമെന്ന അഭ്യൂഹവും ശക്തമാണ്. ഈ സാഹചര്യത്തിലാണ് സിദ്ദുവിനെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യുന്നത്.

സോണിയാഗാന്ധിക്കും രാഹുൽഗാന്ധിയിക്കും എതിരെ നിയമയുദ്ധങ്ങൾ നയിക്കുന്ന വ്യക്തിയാണ് സുബ്രഹ്മണ്യം സ്വാമി. ജെഎൻയുവിന്റെ വൈസ് ചാൻസലർ പദവി ഉൾപ്പെടെ പലതിലേക്കും പരിഗണിച്ചിരുന്നു. എന്നാൽ ഒന്നും നൽകിയില്ല. ഇതിൽ അതൃപ്തനായിരുന്നു സ്വാമി. ഇതു മനസ്സിലാക്കിയാണ് തമിഴ്‌നാട്ടിൽ നിന്നുള്ള നേതാവിനെ രാജ്യസഭയിലേക്ക് അയക്കുന്നത്. മന്ത്രിസഭാ പുനഃസംഘടനയിൽ സുബ്രഹ്മണ്യം സ്വാമിയെ മന്ത്രിയാക്കാനും സാധ്യതയുണ്ട്. തമിഴ്‌നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ കൂടിയാണ് സുബ്രഹ്മണ്യം സ്വാമിയേയും രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യുന്നത്.

സുരേഷ് ഗോപിയും മന്ത്രിയാകാൻ സാധ്യത ഏറെയാണ്. പഞ്ചാബിൽ ബിജെപി സാധ്യത സജീവമാക്കാൻ സിദ്ദുവിനേയും മന്ത്രിയാക്കുമെന്നും സൂചനയുണ്ട്.