- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഐപിഎൽ മത്സരങ്ങളെല്ലാം ഒത്തുകളി; ഇന്റലിജൻസ് ഏജൻസികൾക്ക് സംശയമുണ്ട്; ഫൈനലിൽ ഗുജറാത്ത് ജയിച്ചയുടൻ ജയ് ഷാ നടത്തിയ ആഘോഷം സംശയത്തിന് ഇട നൽകുന്നത്; പൊതു താത്പര്യ ഹർജി നൽകേണ്ടിവരും'; ആരോപണവുമായി സുബ്രഹ്‌മണ്യൻ സ്വാമി

ന്യൂഡൽഹി: ഐപിഎൽ 15ാം സീസണിലെ മത്സരങ്ങളിൽ ഒത്തുകളി നടന്നിരുതായി ഇന്റലിജൻസ് ഏജൻസികൾക്ക് സംശയമുണ്ടെന്ന ആരോപണവുമായി മുതിർന്ന ബിജെപി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമി. ഐപിഎൽ 2022 സീസൺ സമാപിച്ചതിന് പിന്നാലെയാണ് സ്വാമിയുടെ ഗുരുതര ആരോപണം.
ഐപിഎൽ ഫൈനലിൽ ഗുജറാത്തിന് ജയിക്കാനായി രാജസ്ഥാൻ റോയൽസ് വിട്ടുവീഴ്ച ചെയ്തെന്ന ആരാധകരുടെ ആരോപണം നിലനിൽക്കുന്നതിനിടെയാണ് ടൂർണമെന്റിനെ സംശയത്തിന്റെ നിഴലിൽ നിർത്തി സുബ്രഹ്‌മണ്യൻ സ്വാമി രംഗത്തെത്തിയത്. ഗുജറാത്ത് ഫൈനലിൽ ജയിച്ചയുടൻ ജയ് ഷാ നടത്തിയ ആഘോഷം സംശയത്തിന് ഇട നൽകുന്നതാണെന്നും ബിസിസിഐ സെക്രട്ടറി എന്ന നിലയിൽ അദ്ദേഹം തന്റെ പ്രൊഫഷൻ ഉയർത്തിപ്പിടിച്ചില്ലെന്നും ആരാധകരുടെയും ആരോപണമുണ്ട്.
സുബ്രഹ്‌മണ്യൻ സ്വാമിയുടെ ട്വീറ്റിൽ ഗുരുതര ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. ഇന്റലിജൻസ് ഏജൻസികൾക്ക് ഐപിഎൽ മത്സരങ്ങൾ ഒത്തുകളിയാണെന്ന സംശയമുണ്ടെന്നാണ് സ്വാമിയുടെ ട്വീറ്റ്. ഇതേക്കുറിച്ച് അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറയുന്നു.
'ടാറ്റാ ഐപിഎൽ ക്രിക്കറ്റിലെ മത്സരഫലങ്ങളെല്ലാം കപടമാണെന്ന വ്യാപകമായ സംശയം ഇന്റലിജൻസ് ഏജൻസികൾക്കുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ അന്വേഷണം ആവശ്യമാണ്. പക്ഷേ, അതിനായി പൊതുതാൽപര്യ ഹർജി നൽകേണ്ടി വരും. കാരണം, ബിസിസിഐയുടെ തലപ്പത്തിരിക്കുന്നത് അമിത് ഷായുടെ മകൻ ജയ് ഷാ ആയതിനാൽ സർക്കാർ മുൻകയ്യെടുത്ത് അന്വേഷിക്കുമെന്ന് കരുതാൻ വയ്യ' സുബ്രഹ്‌മണ്യൻ സ്വാമി ട്വിറ്ററിൽ കുറിച്ചു.
സുബ്രഹ്‌മണ്യൻ സ്വാമിയെപ്പോലെ സർക്കാർ തലത്തിൽ പല കാര്യങ്ങളും അറിയാവുന്ന ഒരു വ്യക്തി ഈ രീതിയിൽ ഉന്നയിച്ച ആരോപണം അതീവ ഗൗരവതരമാണ്. ഐപിഎൽ ഫൈനലിൽ നിർണായക ടോസ് നേടിയിട്ടും രാജസ്ഥാൻ റോയൽസ് ബാറ്റിങ് തെരഞ്ഞെടുത്തപ്പോൾ തന്നെ ആരാധകർ സോഷ്യൽ മീഡിയയിൽ ഒത്തുകളി ആരോപണവുമായി രംഗത്തെത്തിയിരുന്നു.ഗുജറാത്തിന്റെ ചേസിങ് റെക്കോർഡ് അറിയാമായിരുന്നില്ലും സഞ്ജു അവർക്ക് ചേസിങ്ങിന് അവസരം നൽകിയതാണ് ഒരു വിഭാഗം ആരാധകരിൽ സംശയം നിറച്ചത്.
അഹമ്മദാബാദിൽ നടന്ന രണ്ടാം ക്വാളിഫയറിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ തോൽപ്പിച്ചാണ് രാജസ്ഥാൻ റോയൽസ് കലാശക്കളിക്ക് അർഹത നേടിയത്. ആ മത്സരത്തിൽ ആദ്യം ബൗളിങ് തെരഞ്ഞെടുത്തായിരുന്നു വിജയം. തൊട്ടു പിന്നാലെ ഫൈനലിൽ ടോസ് നേടിയിട്ടും ബാറ്റിങ് തെരഞ്ഞെടുത്തത് ദുരൂഹമാണ്. അമിത് ഷായുടേയും മകന്റേയും സംസ്ഥാനത്തെ ഫ്രാഞ്ചൈസിക്ക് വേണ്ടിയാണ് ഫൈനലിൽ റോയൽസ് വിട്ടുവീഴ്ച ചെയ്തതെന്ന ആരോപണം അന്നുയർന്നിരുന്നു.
ഗുജറാത്ത് ഫൈനലിൽ ജയിച്ചയുടൻ ജയ് ഷാ നടത്തിയ ആഘോഷം ആരാധകർ ചൂണ്ടിക്കാട്ടുകയുണ്ടായി. സ്വാമിയുടെ ആരോപണത്തോടെ ഐപിഎൽ മത്സരങ്ങളെല്ലാം സംശയ നിഴലിലായിരിക്കുകയാണ്. വിഷയത്തിൽ അദ്ദേഹം തന്നെ പൊതു താത്പര്യ ഹർജി നൽകാനും സാധ്യതയുണ്ട്. സുബ്രഹ്‌മണ്യൻ സ്വാമിയുടെ ആരോപണം സോഷ്യൽ മീഡിയയിലെ ക്രിക്കറ്റ് ആരാധകർക്കിടയിൽ പുതിയ ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്.


