- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാമക്ഷേത്രം... സിവിൽകോഡ്... കാശ്മീർ...ഗോവധം...ഹിന്ദുത്വ അജണ്ടകൾ നടപ്പിലാക്കാൻ സുബ്രഹ്മണ്യം സ്വാമി പുതിയ സംഘടന രൂപവൽക്കരിക്കുന്നു; ചാണക്യന്റെ സൂത്രങ്ങൾ തലവേദനയാകും എന്ന ആശങ്കയിൽ മോദി
ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിലെ ബുദ്ധിരാക്ഷസനെന്നാണ് സുബ്രഹ്മണ്യം സ്വാമി സ്വയം വിലയിരുത്തിയിരുന്നത്. കോൺഗ്രസ് സർക്കാരിനെ പല രീതിയിൽ ബുദ്ധിമുട്ടിച്ചിട്ടുള്ള സ്വാമി ബിജെപി അധികാരത്തിൽ എത്തിയപ്പോൾ കേന്ദ്രസർക്കാരിനെ നിയന്ത്രിക്കുന്ന ചാണക്യനായി മാറുമെന്നും പലരും കരുതി. എന്നാൽ, ഒന്നുമുണ്ടായില്ല. സ്വാമിയെ മൂലയ്ക്കിരുത്തി നരേന്

ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിലെ ബുദ്ധിരാക്ഷസനെന്നാണ് സുബ്രഹ്മണ്യം സ്വാമി സ്വയം വിലയിരുത്തിയിരുന്നത്. കോൺഗ്രസ് സർക്കാരിനെ പല രീതിയിൽ ബുദ്ധിമുട്ടിച്ചിട്ടുള്ള സ്വാമി ബിജെപി അധികാരത്തിൽ എത്തിയപ്പോൾ കേന്ദ്രസർക്കാരിനെ നിയന്ത്രിക്കുന്ന ചാണക്യനായി മാറുമെന്നും പലരും കരുതി. എന്നാൽ, ഒന്നുമുണ്ടായില്ല. സ്വാമിയെ മൂലയ്ക്കിരുത്തി നരേന്ദ്ര മോദിയും അമിത് ഷായും ഭരണം തുടങ്ങി. അവഗണന സഹിക്കാഞ്ഞ് ബിജെപിയിലെ ഹിന്ദുത്വ വാദികളെ കൂടെ നിർത്താൻ പുതിയ തന്ത്രമിറക്കുകയാണ് സ്വാമി ഇപ്പോൾ.
വിരാട് ഹിന്ദുസ്ഥാൻ സംഘം എന്ന പുതിയ സംഘടനയെ ഹിന്ദുത്വ വാദികളെ കൂടെ നിർത്താനുള്ള അടവായാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. അയോധ്യ രാമക്ഷേത്ര നിർമ്മാണം, ഏകീകൃത സിവിൽ കോഡ്, കാശ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370-ാം വകുപ്പു റദ്ദാക്കൽ, ദേശീയതലത്തിൽ ഗോവധ നിരോധനം തുടങ്ങിയ ബിജെപിയുടെയും ആർഎസ്എസ്സിന്റെയും പ്രഖ്യാപിത ലക്ഷ്യങ്ങൾ ഉയർത്തിക്കാട്ടിയാണ് ഈ സംഘടന മുന്നോട്ടുവന്നത്. മോദി സർക്കാർ ഈ ലക്ഷ്യങ്ങളിൽനിന്ന് പിന്നോക്കം പോകുന്നുവെന്ന് പരോക്ഷമായി പ്രഖ്യാപിക്കുകയാണ് സ്വാമിയുടെ ലക്ഷ്യം.
ഇതിന്റെ ഭാഗമായി ബിജെപിയുടെ തിരഞ്ഞെടുപ്പു പ്രകടനപത്രികയിലെ ഹിന്ദുത്വ അജൻഡ നടപ്പാക്കാനുള്ള കർമപരിപാടി രൂപീകരിക്കാൻ പാർട്ടി ദേശീയ നിർവാഹക സമിതിയുടെ പ്രത്യേക യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് നിർവാഹക സമിതിയംഗമായ സുബ്രഹ്മണ്യൻ സ്വാമി പാർട്ടി അധ്യക്ഷൻ അമിത് ഷായ്ക്കു കത്തയച്ചു. ഇന്ത്യ ഫ്രാൻസിൽ നിന്നു റാഫേൽ വിമാനങ്ങൾ വാങ്ങുന്നതിനെതിരെയും കഴിഞ്ഞദിവസം സ്വാമി രംഗത്തെത്തിയിരുന്നു. സ്വാമിയുടെ ഇടപെടലുകൾ മോദിക്ക് പുതിയ തലവേദനയായി മാറിയിരിക്കുകയാണ്.
മോദിയുമായി വ്യക്തിപരമായ അടുപ്പവും ആർഎസ്എസിന്റെ പിന്തുണയുമുണ്ടായിട്ടും കേന്ദ്ര സർക്കാരിൽ ഔദ്യോഗിക പദവികൾ ലഭിക്കുന്നില്ലെന്നതാണ് സ്വാമിയെ പ്രകോപിപ്പിക്കുന്നത്. തനിക്ക് അവസരം കിട്ടാതിരിക്കുന്നതിന് പിന്നിൽ ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയാണെന്ന് സ്വാമി കരുതുന്നുണ്ട്. ഇക്കാര്യം കുറച്ചുനാൾ മുൻപു ജയ്റ്റ്‌ലിയെ നേരിൽ കണ്ട് സ്വാമി പറയുകയും ചെയ്തിരുന്നു. രാജ്യസഭാ സീറ്റ് ജയ്റ്റ്‌ലി ഉറപ്പുനൽകിയിരുന്നെങ്കിലും അതും കിട്ടാതെ വന്നതോടെയാണ് വിരാട് സംഘവുമായി സ്വാമിയുടെ പടപ്പുറപ്പാട്.
1999-ൽ വാജ്‌പേയി സർക്കാരിനെ മറിച്ചിടാൻ ജയലളിതയെ പ്രേരിപ്പിച്ചയാളാണ് സ്വാമി. അതുകൊണ്ടുതന്നെ സ്വാമിയെ തിരിച്ചെടുക്കുന്നതിൽ ജയ്റ്റ്‌ലിയടക്കമുള്ള ബിജെപി നേതാക്കൾക്ക് എതിർപ്പുണ്ടായിരുന്നു. എന്നാൽ, ജനതാ പാർട്ടി അധ്യക്ഷനായിരിക്കെ തന്നെ, മോദിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വത്തിനു പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് സ്വാമി ബിജെപിയിലേക്ക് പുനഃപ്രവേശനത്തിനു വഴിയൊരുക്കുകയായിരുന്നു.
മോദി സർക്കാരിൽ മന്ത്രിയാകുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും സ്വാമിയുടെ ആഗ്രഹങ്ങൾക്ക് തടയിട്ടത് ജയ്റ്റ്‌ലിയാണ്. സ്വാമിയെ മന്ത്രിസഭയിലെടുക്കുന്നതു ഭാവിയിൽ വിനയാകുമെന്നുള്ള ജയ്റ്റ്‌ലിയുടെ ഉപദേശം മോദി മാനിക്കുകയായിരുന്നു. രാജ്യസഭാ സീറ്റിനായുള്ള കാത്തിരിപ്പും ദീർഘമായി നീണ്ടുപോകുന്നതാണ് പുതിയൊരു സംഘടനയുമായി മുന്നോട്ടുവരാൻ സ്വാമിയെ പ്രേരിപ്പിച്ചത്.

