- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മോദി ഇന്ത്യയുടെ രാജാവ് അല്ല എന്ന് തുറന്നടിച്ചു; റോമിലെ ആഗോള സമാധാന സമ്മേളത്തിൽ പങ്കെടുക്കാൻ മമതാ ബാനർജിക്ക് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ചു; പലവട്ടം ദീദിക്ക് പ്രശംസ; ഡൽഹിയിൽ എത്തിയ മമതയുമായി കൂടിക്കാഴ്ചയും; സുബ്രഹ്മണ്യൻ സ്വാമി തൃണമൂലിലേക്ക്?
ന്യൂഡൽഹി: വരുൺ ഗാന്ധി തൃണമൂൽ കോൺഗ്രസിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾക്കിടെ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയും തൃണമൂലിൽ ചേരുമെന്ന് സൂചന. കേന്ദ്ര സർക്കാരിനെ നിരന്തരം വിമർശിക്കുന്ന സ്വാമിയെ ബിജെപി ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഡൽഹിയിൽ എത്തിയ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി സ്വാമി കൂടിക്കാഴ്ച നടത്തി.പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പാണ് മമത സ്വാമിയെ കണ്ടത്
അടുത്തിടെ മമത ബാനർജിയെ പ്രശംസിച്ച് പലതവണ സ്വാമി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ മാസമാണ് ബിജെപി ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ടത്. 'ഞാൻ നേരത്തെ തന്നെ മമതയ്ക്ക് ഒപ്പമാണ്. പാർട്ടിയിൽ ചേരേണ്ട കാര്യം തന്നെയില്ല', സുബ്രഹ്മണ്യൻ സ്വാമി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഉച്ചകഴിഞ്ഞ് 3.30 ഓടെ, ടിഎംസി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ ഔദ്യോഗിക വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
മമതാ ബാനർജി അഞ്ചു മണിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുന്നുണ്ട്. ഒക്ടോബറിൽ റോമിൽ നടന്ന ആഗോള സമാധാന സമ്മേളത്തിൽ പങ്കെടുക്കാൻ മമതാ ബാനർജിക്ക് അനുമതി നിഷേധിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ സുബ്രമണ്യൻ സ്വാമി പ്രതിഷേധമറിയിച്ചിരുന്നു. നന്ദിഗ്രാമിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മമതയുടെ കാലിന് പരിക്കേറ്റപ്പോൾ സ്വാമി ആയുരാരോഗ്യ സൗഖ്യം നേരുകയും ചെയ്തു.
ഇത് ബംഗാൾ ബിജെപിയിൽ അതൃപ്തിയുണ്ടാക്കിയിരുന്നു. മമത ബാനർജി ഹിന്ദുവും ദുർഗ ഭക്തയും ആണെന്നും അവരുടെ രാഷ്ട്രീയം വ്യത്യസ്തമാണെന്നുമാണ് 2020-ൽ സുബ്രമണ്യൻ സ്വാമി ട്വീറ്റ് ചെയ്തത്.രാജ്യസഭാംഗമായ സുബ്രമണ്യൻ സ്വാമി, സാമ്പത്തിക - വിദേശ നയങ്ങളിൽ താൻ നരേന്ദ്ര മോദിക്കെതിരാണെന്ന് രണ്ട് മാസം മുമ്പ് വ്യക്തമാക്കിയിരുന്നു. മോദി ഇന്ത്യയുടെ രാജാവല്ലെന്നും വിമർശിച്ചു.
അന്താരാഷ്ട്ര തലത്തിൽ അജിത് ഡോവലും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും രാജ്യത്തിന് മാനക്കേടുണ്ടാക്കിയെന്നും അയൽരാഷ്ട്രങ്ങളെല്ലാം ഇന്ത്യയുമായി അകലുകയാണ് ചെയ്തിട്ടുള്ളതെന്നും സ്വാമി ആരോപിച്ചു. ഇതൊക്കെ ബിജെപി കേന്ദ്രങ്ങളിൽ അസ്വസ്ഥത സൃഷ്ടിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ