വ്യാജവാർതത്തകളുടെയും വ്യാജ സന്ദേശങ്ങളുടെയും പ്രവാഹമാണ് വാട്‌സാപ്പടക്കമുള്ള മെസ്സേജിങ് ആപ്ലിക്കേഷനുകളിൽ. വാട്‌സാപ്പിന്റെ സൗജന്യ സബ്‌സ്‌ക്രിപ്ഷൻ തീർന്നുവെന്നും ഇനി പണം അടയ്ക്കണമെന്നും പറഞ്ഞുകൊണ്ടുള്ള വാട്‌സാപ്പിൽനിന്നെന്ന് തോന്നിപ്പിക്കുന്ന സന്ദേശമാണ് ഏറ്റവും പുതിയ തട്ടിപ്പുകളിലൊന്ന്. ഇത്തരത്തിൽ സബ്‌സ്‌ക്രിപ്ഷൻ ആവശ്യപ്പെട്ടുകൊണ്ടുള്ള യാതൊരു സന്ദേശവും അയച്ചിട്ടില്ലെന്നും ഇത് തികച്ചും വ്യാജമാണെന്നും വാട്‌സാപ്പ് കേന്ദ്രങ്ങൾ വ്യക്തമാക്കി.

കഴിഞ്ഞവർഷമാണ് ഈ സന്ദേസം ആദ്യം പ്രത്യക്ഷപ്പെട്ടത്. സബ്‌സ്‌ക്രിപ്ഷൻ പുതുക്കുന്നതിന് 99 പെൻസ് അടയ്ക്കണമെന്നായിരുന്നു സന്ദേശം. ഇതേക്കുറിച്ച് ഉപഭോക്താക്കൾ ട്വിറ്ററിലൂടെയും മറ്റും വ്യാപകമായി അന്വേഷണവും നടത്തിയിരുന്നു. ചെറി സംഖ്യ അടച്ച് ആജീവനാന്തകാലത്തേക്ക് സബ്‌സ്‌ക്രിപ്ഷൻ സ്വന്തമാക്കാമെന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. യഥാർഥത്തിലിത് ഉപഭോക്താക്കളുടെ പേയ്‌മെന്റ് വിവരങ്ങൾ സ്വന്തമാക്കാൻ നടത്തിയ ഗൂഢാലോചനയായിരുന്നു.

ഇത്തരം സന്ദേശങ്ങൾ ലഭിക്കുകയാണെങ്കിൽ അവഗണിക്കാൻ ബ്രിട്ടീഷ് സൈബർ ക്രൈം റിപ്പോർട്ടിങ് സെന്ററായ ആക്ഷൻ ഫ്രോഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വാട്‌സാപ്പിന്റെ വാർഷിക വരിസംഖ്യയെന്ന ഏർപ്പാട് കമ്പനിയെ 2016-ൽ ഫേസ്‌ബുക്ക് ഏറ്റെടുത്തതോടെ അവസാനിച്ചുവെന്നും 2016 മുതൽക്ക് എല്ലാ ഉപഭോക്താക്കൾക്കും വാട്‌സാപ്പ് തികച്ചും സൗജന്യമാണെന്നും ആക്ഷൻ ഫ്രോഡ് വ്യക്തമാക്കുന്നു. വ്യാജ സന്ദേശങ്ങൾ പിന്തുടർന്ന് വ്യക്തിഗത വിവരങ്ങൾ കൈമാറരുതെന്നും അവർ ആവശ്യപ്പെടുന്നു.

ആജീവനാന്ത സബ്‌സ്‌ക്രിപ്ഷൻ ലഭിക്കുന്നതിന് എന്തുചെയ്യണമെന്ന് സൂചിപ്പിക്കുന്ന മാർഗനിർദ്ദേശങ്ങളടക്കം, യഥാർഥമെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ഈ സന്ദേശമെത്തുന്നത്. ഇത്തരം സന്ദേശങ്ങൾ ലഭിച്ചവർ എത്രയും പെട്ടെന്ന് അത് ഡിലീറ്റ് ചെയ്യുകയാണ് ആദ്യം വേണ്ടത്. സന്ദേശത്തിനൊപ്പമുള്ള ലിങ്കിൽ നിങ്ങൾ ക്ലിക്ക് ചെയ്തുപോയെങ്കിൽ ആന്റിവൈറസ് സംവിധാനം ഉപയോഗിച്ച് മൊബൈൽ സ്‌കാൻ ചെയ്ത് വൈറസ് കടന്നുകൂടിയിട്ടില്ലെന്ന് ഉറപ്പാക്കുകയും വേണമെന്ന് വിദഗ്ദ്ധർ പറയുന്നു.