മനാമ: ആരാധനാലയങ്ങൾ, അസോസിയേഷനുകൾ, ക്ലബുകൾ, പാർക്കുകൾ എന്നിവയ്ക്കുള്ള വൈദ്യുതി-ജല സബ്‌സിഡി ഒഴിവാക്കാൻ ഊർജമന്ത്രിയുടെ നിർദ്ദേശം. ഇനി മുതൽ ഇത്തരം സ്ഥാപനങ്ങൾക്ക് വിദേശികളായ ഗാർഹിക ഉപയോക്താക്കൾക്ക് ഏർപ്പെടുത്തിയ ചാർജ് ബാധകമായിരിക്കുമെന്ന് ഊർജമന്ത്രി ഡോ. അബ്ദുൽ ഹുസൈൻ ബിൻ അലി മിർസ നിർദ്ദേശം നൽകി.

ഗസറ്റിൽ പ്രസിദ്ധീകരിച്ച ഉടൻ തന്നെ പുതിയ സ്‌ളാബ് സമ്പ്രദായം നടപ്പാക്കാനാണ് നിർദേശിച്ചിട്ടുള്ളത്. ഇതനുസരിച്ച് യൂനിറ്റൊന്നിന് ആറ് മുതൽ 19 ഫിൽസ് വരെ വൈദ്യുതിക്കും വെള്ളം യൂനിറ്റിന് 80 മുതൽ 300 ഫിൽസ് വരെയും ചാർജ് നൽകേണ്ടി വരും.
രണ്ട് സുന്നി ജഅ്ഫരീ ഔഖാഫുകൾക്ക് കീഴിലുള്ള ആരാധനാലയങ്ങളുടെ 200 വരെയുള്ള കുടിശിക എഴുതിത്ത്തള്ളും. വർധിപ്പിച്ച വൈദ്യുതി-വെള്ള നികുതി അടയ്ക്കുന്നതിന് സുന്നി ജഅ്ഫരീ ഔഖാഫുകൾക്കുള്ള സാമ്പത്തിക സഹായം വർദ്ധിപ്പിക്കും.

ബഹ്‌റൈനികൾ ഒഴികെയുള്ള എല്ലാ പ്രവാസികൾക്കും വലിയ കമ്പനികൾക്കും പുതിയ വെള്ളം, വൈദ്യുതി നിരക്കുകൾ നിലവിൽ വന്നത് ഈ മാർച്ചുമുതലാണ്.സ്വന്തം ആവശ്യത്തിനല്ലാതെ ഉപയോഗിക്കുന്ന ഒന്നിലധികം വീടുള്ള ബഹ്‌റൈനികളും പുതിയ നിരക്കാണ് നൽകുന്നത്.
ബഹ്‌റൈനികളായ വിവാഹമോചിതർ,വിധവകൾ,21വയസിനു മുകളിൽ പ്രായമുള്ള വിവാഹിതരാകാത്ത സ്ത്രീകൾ, വാടകക്ക് താമസിക്കുന്ന സ്വദേശികൾ, ബഹ്‌റൈൻ ഇതര പൗരന്മാരെ വിവാഹം കഴിച്ച ബഹ്‌റൈനി സ്ത്രീകൾ, 21വയസിന് താഴെ പ്രായമുള്ള ബഹ്‌റൈനികളെ പരിപാലിക്കുന്ന ബഹ്‌റൈൻ ഇതര പൗരന്മാർ, ബഹ്‌റൈൻ ഇതര പൗരന്മാരായ അവകാശികൾ എന്നിവർക്ക് പഴയ നിരക്കു തന്നെ നൽകിയാൽ മതി. ചെറുകിട-ഇടത്തരം സ്ഥാപനങ്ങളും യൂനിറ്റൊന്നിന് 16 ഫിൽസ് തന്നെ നൽകിയാൽ മതി. 5,000 യൂനിറ്റ് വരെയാണ് ഇത് കണക്കാക്കുക.