- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൃത്രിമ നിറങ്ങൾ ചേർത്ത് മായം കലർന്ന 'സുബി 'മധുര പദാർത്ഥം വിറ്റ കേസ്: മണ്ണന്തല ഹൈപ്പർ മാർക്കറ്റ് ഉടമയും ചെന്നൈ നിർമ്മാതാക്കളുമടക്കം ആറ് പ്രതികൾ കോടതിയിൽ ഹാജരാകാൻ ഉത്തരവ്
തിരുവനന്തപുരം: കൃത്രിമ നിറങ്ങൾ ചേർത്തതും മായം കലർന്നതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ' സുബി 'എന്ന മധുര പദാർത്ഥം വിറ്റ ഫുഡ് കേസിൽ മണ്ണന്തല ഹൈപ്പർ മാർക്കറ്റ് ഉടമയും ചെന്നൈ നിർമ്മാതാക്കളുമടക്കം 6 പ്രതികൾ ഹാജരാകാൻ തിരുവനന്തപുരം അഞ്ചാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. പൊലീസ് റിപ്പോർട്ടിന്മേൽ അല്ലാതെയുള്ള സ്വകാര്യ അന്യായത്തിന്മേലുള്ള കേസായതിനാൽ കുറ്റം ചുമത്തുന്നതിന് മുന്നോടിയായുള്ള തെളിവെടുപ്പിനായാണ് മജിസ്ട്രേട്ട് അശ്വതി നായർ പ്രതികളോട് മാർച്ച് 24 ന് ഹാജരാകാൻ ആവശ്യപ്പെട്ടത്. വാദിയായ ഫുഡ് സേഫ്റ്റി ഓഫീസറും അന്നേ ദിവസം ഹാജരാകണം.
സുബി (ഷുഗർ ബോയ്ൽഡ് കൺഫക്ഷനറി) വിൽപ്പന നടത്തിയ മണ്ണന്തല അവന്യൂ സെന്റർ ഷോപ്പി കുന്നിൽ ഹൈപ്പർ മാർക്കറ്റ് സ്ഥാപനത്തിലെ ഫുഡ് ബിസിനസ് ഓപ്പറേറ്റർ എം. ബ്ലെസെൻ (26) , കുന്നിൽ ഹൈപ്പർ മാർക്കറ്റ് സ്ഥാപന ഉടമയും ഭക്ഷ്യ സുരക്ഷാ ലൈസൻസിയുമായ എ.ആർ. നസിമുദ്ദീൻ , ഭക്ഷ്യയോഗ്യമല്ലാത്ത സുബി വിതരണ സ്ഥാപനമായ പനവിള വെസ്റ്റേൺ കൺസപ്റ്റ്സ് ലൈസൻസി നാലാഞ്ചിറ സ്വദേശി ജാക്സൺ തോമസ്, സുബി നിർമ്മിച്ച ചെന്നൈ രവീന്ദ്രാ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഡയറക്ടർമാരായ റ്റോൺട്യാർപെറ്റ് സ്വദേശികളായ വി.ആർ.സതീഷ് കുമാർ (37) , വി.ആർ. ദിനേശ് കുമാർ (36) , വി.ആർ. പ്രഭു (33) , നിർമ്മാണക്കമ്പനി യൂണിറ്റുകളായ മെസ്സേഴ്സ് രവീന്ദ്രാ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് റ്റോൺട്യാർപെറ്റ് യൂണിറ്റ് എ, ചെന്നൈ റോയപുരം യൂണിറ്റ് ബി എന്നിവരാണ് ഫുഡ് അഡൽറ്ററേഷൻ കേസിലെ യഥാക്രമം 1 മുതൽ 8 വരെയുള്ള പ്രതികൾ.
വട്ടിയൂർക്കാവ് സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. എ. രേഖ കോടതിയിൽ സമർപ്പിച്ച സ്വകാര്യ അന്യായത്തിലാണ് കോടതി നിർമ്മാണ കമ്പനിയടക്കം 8 പേരെ പ്രതി ചേർത്ത് കോടതി കേസെടുത്തത്. 2018 ഓഗസ്റ്റ് 9 വൈകിട്ട് 5 മണിക്കാണ് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ മണ്ണന്തല കുന്നിൽ ഹൈപ്പർ മാർക്കറ്റ് ഷോപ്പിൽ പരിശോധന നടത്തിയത്. പരിശോധനയിൽ അവിടെ മനുഷ്യാഹാരമായി വിൽപ്പനക്ക് പ്രദർശിപ്പിച്ചിരുന്ന ഷുഗർ ബോയിൽഡ് കോൺഫക്ഷനറി (സുബി) 50 ഗ്രാമിന്റെ 16 എണ്ണം പരിശോധനക്കായി നോടീസ് നൽകി 777 രൂപ നൽകി വിലയ്ക്ക് വാങ്ങി.
നിയമാനുസരണം സാമ്പിൾ തയ്യാറാക്കി ഒന്നാം ഭാഗം തിരുവനന്തപുരം ഗവ. അനലിസ്റ്റ് ലബോറട്ടറിയിൽ പരിശോധനയ്ക്കയച്ചു. സാമ്പിളിന്റെ നാലാം ഭാഗം അക്രഡിറ്റഡ് ലാബിൽ പരിശോധനക്കയക്കാൻ താൽപര്യമില്ല എന്നറിയിച്ചതിനെ തുടർന്ന് സാമ്പിളിന്റെ രണ്ടും മൂന്നും നാലും ഭാഗങ്ങൾ ഡെസിഗ്നേറ്റഡ് ഓഫീസർക്ക് ഇന്റിമേഷൻ സഹിതം നൽകിയതായി ഫുഡ് സേഫ്റ്റി ഓഫീസർ കോടതിയിൽ സമർപ്പിച്ച പരാതിയിൽ പറയുന്നു.
സാമ്പിൾ പരിശോധിച്ച് ഫുഡ് അനലിസ്റ്റ് റിപ്പോർട്ട് നൽകി. റിപ്പോർട്ടിൽ സാമ്പിളിൽ കൃത്രിമമായുണ്ടാക്കിയ ഭക്ഷ്യയോഗ്യമല്ലാത്ത ഫുഡ് കളർ പോൺഷിയ , ഹൈപ്പർ സെൻസിറ്റിവിറ്റി ആസ്മ എന്നീ ദോഷഫലങ്ങൾ ഉളവാക്കുന്ന ടാർട്രാസിൻ (സാൾട്ട് ഫുഡ് കളറിങ്) , ബ്രില്യന്റ് ബ്ലൂ എന്നിവ അനുവദനീയമായ പരമാവധി അളവിൽ കൂടുതൽ ഉള്ളതായും ആയതിനാൽ സുരക്ഷിതമല്ലെന്നും ഭക്ഷ്യ യോഗ്യമല്ലെന്നും രേഖപ്പെടുത്തിയിരുന്നു.
ഡ്യൂപ്ലിക്കേറ്റ് സാമ്പിൾ മൈസൂർ റെഫറൽ ഫുഡ് ലബോറട്ടറിയിലേക്ക് അയച്ച് റിപ്പോർട്ട് ലഭ്യമാക്കി. 2011 ൽ നിലവിൽ വന്ന ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് (പാക്കിങ് ആൻഡ് ലേബലിങ്) റെഗുലേഷൻസ് ചട്ടങ്ങൾ പ്രകാരം ലേബൽ നിബന്ധനകൾ നിർമ്മാണ കമ്പനി പാലിച്ചിട്ടില്ലെന്നും സാമ്പിൾ 2006 ഭക്ഷൃ സുരക്ഷാ ഗുണ നിലവാര നിയമ പ്രകാരം സാമ്പിൾ സുരക്ഷിതമല്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. കൂടാതെ പരമാവധി അനുവദനീയ പരിധിയിൽ കവിഞ്ഞ് കൃത്രിമ കളറിങ് ദ്രവ്യ പദാർത്ഥങ്ങൾ അമിതമായുള്ളതായും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു.
2006 ൽ നിലവിൽ വന്ന ഭക്ഷ്യ സുരക്ഷാ ഗുണ നിലവാര നിയമത്തിലെ വകുപ്പുകളായ 3 (1) , 26 , 38 (1) , 42 (5) , 59, 2011 ൽ നിലവിൽ വന്ന ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് (ഫുഡ് പ്രോഡക്റ്റ്സ് സ്റ്റാൻഡേർഡ്സ് ആൻഡ് ഫുഡ് അഡിറ്റീവ്സ് ) റെഗുലേഷൻ വകുപ്പ് 5 (2) എന്നിവ പ്രകാരമാണ് കോടതി പ്രതികൾക്കെതിരെ കലണ്ടർ കേസെടുത്ത് പ്രതികളെ ഹാജരാക്കാൻ ആവശ്യപ്പെട്ടത്.
ഔദ്യോഗിക സാക്ഷികളായ ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. രേഖ , ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ സി.എൽ.ദിലീപ് , മൈസൂർ റെഫറൽ ഫുഡ് ലബോറട്ടറി ഡയറക്ടർ അലോക് കുമാർ ശ്രീവാസ്തവ , കേരള ഫുഡ് സേഫ്റ്റി കമ്മീഷണർ ഡോ. രത്തൻ കേൽഖർ ഐ.എ.എസ് , സ്വതന്ത്ര്യ സാക്ഷിയായ മഹസർ സാക്ഷി പിരപ്പൻകോട് ശ്യാം എന്നിവരാണ് സാക്ഷിപ്പട്ടികയിലെ 1 മുതൽ 6 വരെയുള്ള സാക്ഷികൾ. ഫുഡ് അനലിസ്റ്റ് റിപ്പോർട്ടുകളടക്കം 22 പ്രാമാണിക രേഖകൾ അന്യായത്തോടൊപ്പം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.