മുംബൈ: സുചി ലീക്ക്‌സ് വീണ്ടും വാർത്തകളിൽ നിറയുന്നു. ധനുഷ്, റാണ ദഗ്ഗുബാട്ടി, തൃഷ, ഹൻസിക മോട്വാനി, അനിരുദ്ധ് രവിചന്ദർ, അൻഡ്രിയ ജെറീമിയ തുടങ്ങിയ സൂപ്പർ താരങ്ങൾക്ക് വൻ തിരിച്ചടിയായി മാറിയ ഗായിക സുചിത്രയുടെ ട്വിറ്റർ പേജിൽ നിന്ന് വന്ന ചിത്രങ്ങൾ വീണ്ടും വാർത്തകളിൽ നിറയുകയാണ്.

ഇപ്പോൾ നടി അനുയ ഭഗവത്താണ് രംഗത്തെത്തിയിരിക്കുന്നത്. സാഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ടാണ് അനുയ മുംബൈ പൊലീസിന്റെ സൈബർ സെല്ലിൽ പരാതി നൽകിയത്. ഈ ചിത്രങ്ങൾ ഉപയോഗിച്ച് തന്നെ ചിലർ വ്യക്തിഹത്യ ചെയ്യുന്നുണ്ടെന്നും അനുയ പരാതിയിൽ പറഞ്ഞു.

ഈ പ്രശ്നത്തിന് സ്വയം പരിഹാരം കാണാൻ ശ്രമിച്ചതുകൊണ്ടാണ് പൊലീസിൽ പരാതി നൽകാൻ ഒൻപത് മാസം വൈകിയതെന്ന് അനുയ പറഞ്ഞു. സുചിലീക്ക്സിൽ പെട്ടപ്പോൾ പ്രശ്നം പരിഹരിക്കാൻ ഞാൻ സ്വയം പരിശ്രമിച്ചിരുന്നു. എന്നാൽ, ആ ശ്രമം പരാജയപ്പെട്ടു. ഇത് ഉപയോഗിച്ച് ചിലർ എന്നെ വ്യക്തിഹത്യ ചെയ്യുക വരെ ചെയ്തു. ഇതിനുശേഷമാണ് അഭിഭാഷകനുമായി കൂടിയാലോചന നടത്തി കേസ് ഫയൽ ചെയ്യാൻ തീരുമാനിച്ചത്.

ചിത്രങ്ങൾ പുറത്ത് വന്ന് മാസങ്ങൾക്ക് ശേഷമാണ് അനുയ ചിത്രത്തിനെതിരെ രംഗത്ത് വന്നത്. ആരോ തന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്ത് താരങ്ങളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് കാണിച്ച് സുചിത്ര കാർത്തിക് നൽകിയ പരാതിയിൽ ചെന്നൈ പൊലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.