കൊച്ചി: മമ്മൂക്ക പ്രണവിനെ അനുഗ്രഹിക്കുകയും ഫേസ് ബുക്കിൽ പോസ്റ്റിടുകയും ചെയ്തതും ദുൽഖർ ഫേസ്‌ബുക്കിൽ എഴുതിയ വാക്കുകൾ മറക്കാനാകില്ലെന്നും സുചിത്ര മോഹൻലാൽ പറഞ്ഞു. മനോരമക്ക് നൽകിയ അഭിമുഖത്തിലാണ് താര രാജാവിന്റെ ഭാര്യയും പ്രണവ് മോഹൻലാലിന്റെ അമ്മയുമായ സുചിത്ര ആദിയെക്കുറിച്ചുള്ള ആധി മനസ്സ് തുറന്നത്.

ലാലേട്ടൻ സന്തോഷമായാലും സങ്കടമായാലും വല്ലാതെ പുറത്തു കാണിക്കില്ല. സ്വന്തം സിനിമയെക്കുറിച്ചുപോലും ഒന്നും പറയാറില്ല. ആദിയുടെ റിലീസ് ദിവസം ലാലേട്ടൻ മുംബൈയിലായിരുന്നു. അവിടെനിന്നു പതിവില്ലാതെ പലതവണ വിളിച്ചു. അവൻ നന്നായിട്ടുണ്ടെന്നു എല്ലാവരും പറയുന്നതായി പറയുകയും ചെയ്തു. ആന്റണിയും പറഞ്ഞു, ലാൽ സാറിനെ ഇതുപോലെ ടെൻഷനോടെ കണ്ടിട്ടെ ഇല്ലെന്ന്. ഞങ്ങളോടുള്ള കരുതലു കൊണ്ടാകണം ആന്റണി സിനിമ ജനുവരി 26 റിലീസ് ചെയ്തത്. ക്രിസ്മസ്സിനു റിലീസ് ചെയ്യാണ് ആദ്യം ആലോചിച്ചത്. ഡാഡിയും മമ്മിയും ഇതു കാണാനുണ്ടായില്ല എന്ന സങ്കടം എനിക്കുണ്ട്- സുചിത്ര പറയുന്നു.

അപ്പു മനസ്സു തുറക്കുന്നതിൽ അച്ഛനെക്കാൾ പതുക്കെയാണ്. റിലീസ് ചെയ്യുന്നതിന്റെ രണ്ടു ദിവസം മുൻപ് അവൻ ഹിമാലയത്തിലേക്കു പോയി. ഫോൺ റെയ്ഞ്ചുപോലും ഇല്ല. റിലീസ് ദിവസം ഉച്ചയ്ക്കു വിളിച്ചപ്പോൾ ഞാൻ പറഞ്ഞു, സിനിമ എല്ലാവരും നന്നായി എടുത്തുവെന്നു തോന്നുന്നുവെന്ന്. 'ഗുഡ്, ഗുഡ്' എന്നു രണ്ടു തവണ പറഞ്ഞു. പിന്നെ അവൻ സിനിമയെക്കുറിച്ചു സംസാരിച്ചതെയില്ല. മായ അമേരിക്കയിലാണ്. അവൾക്കു സിനിമ കാണാനായിട്ടില്ല. കുട്ടികൾ രണ്ടുപേരും നല്ല കൂട്ടാണ്. അവളാണ് എന്നും ചേട്ടന്റെ സംരക്ഷക. സിനിമയെക്കുറിച്ചു അവർ തമ്മിൽ സംസാരിച്ചുകാണും

ഞങ്ങളുടെ കുടുംബത്തിൽ ഇതു വലിയ ആഘോഷംതന്നെയാണ്. പ്രത്യേകിച്ചു കുട്ടികൾക്ക്. അവരുപോലും അപ്പു അഭിനയിക്കുമെന്നു കരുതിയിട്ടില്ല. പക്ഷെ അവൻ അഭിനയിച്ച നാടകം കണ്ടു വർഷങ്ങൾക്കു മുൻപു പ്രിയദർശൻ പറഞ്ഞു, അവനൊരു നല്ല നടനാകുമെന്നു തോന്നുന്നുണ്ടെന്ന്. മമ്മൂക്ക അവനെ അനുഗ്രഹിക്കുകയും ഫേസ് ബുക്കിൽ പോസ്റ്റിടുകയും ചെയ്തു. ദുൽഖർ ഫേസ്‌ബുക്കിൽ എഴുതിയ വാക്കുകൾ മറക്കാനാകില്ല. അവരെല്ലാം അവന്റെ കൂടെ നിൽക്കുന്നു എന്നതു നൽകുന്നതു വലിയ സന്തോഷമാണെന്നും സുചിത്ര പറഞ്ഞു.