- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
20 വയസിനു മുൻപ് കല്യാണം നടന്നില്ലെങ്കിൽ വിവാഹം വൈകുമെന്ന് ജ്യോതിഷ പ്രവചനം; പ്ലസ്ടൂ കഴിഞ്ഞപാടേ കല്യാണം നടത്തിയത് ജാതക ദോഷം കാരണം; വിസ്മയയെ പോലെ ആത്മഹത്യ ചെയ്യില്ലെന്ന് പറഞ്ഞ കുട്ടി തൂങ്ങി മരിക്കുമോ? സൈനികന്റെ ഭാര്യയയുടെ മരണത്തിൽ ദുരൂഹത മാത്രം; സുചിത്രയുടേത് ആത്മഹത്യയോ?
കായംകുളം: 'എന്റെ കുഞ്ഞ് കട്ടിലിൽ കസേരയിട്ടു കയറി കുടുക്കിട്ടു എന്നു പറഞ്ഞാൽ വിശ്വസിക്കാനാകില്ല'സുചിത്രയുടെ അമ്മ സുനിത കരയുകയാണ്. വള്ളികുന്നം കടുവിനാലിൽ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ട സുചിത്രയുടേതുകൊലപാതകമാണെന്ന് കുടുംബം ഇപ്പോഴും വിശ്വസിക്കുന്നത്.
വിവാഹത്തിനു നൽകിയ സ്വർണാഭരണങ്ങൾക്കു പുറമേ 10 ലക്ഷം രൂപ ആവശ്യപ്പെട്ടും സ്വർണം പണയപ്പെടുത്തി പണം വേണമെന്നു പറഞ്ഞും ഭർതൃവീട്ടുകാർ മകളെ പീഡിപ്പിച്ചിരുന്നു. സുചിത്രയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം പൊലീസിൽ പരാതി നൽകും. അതിനിടെ ഇന്നലെ വള്ളികുന്നം പൊലീസ് സുചിത്രയുടെ ബന്ധുക്കളുടെ മൊഴിയെടുത്തു.
സുനിൽ ജോലി ചെയ്യുന്ന 'ഗ്രഫി'ലെ അധികൃതർ, മരണത്തിലെ ദുരൂഹത അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കലക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും കത്തയയ്ക്കാനുള്ള നടപടി തുടങ്ങിയെന്നു ബന്ധുക്കൾ പറഞ്ഞു. കൊല്ലത്തെ വിസ്മയയുടെ മരണത്തിന് ശേഷമാണ് സുചിത്രയുടെ മരണം. എന്ത് പ്രശ്നമുണ്ടെങ്കിലും താൻ ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കളോട് സുചിത്ര പറഞ്ഞിരുന്നു.
വിവാഹം ഉറപ്പിച്ച ശേഷം വിഷ്ണുവിന്റെ വീട്ടുകാർ ചില ബാധ്യതകൾ തീർക്കാൻ 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. ആ തുകയ്ക്കു തുല്യമായ സ്ഥലം സുചിത്രയുടെ പേരിൽ നൽകുമെന്നു പറഞ്ഞെങ്കിലും അതു നടക്കാത്തതിനാൽ പണം നൽകിയില്ല. വിവാഹശേഷം സുചിത്രയുടെ ആഭരണങ്ങൾ പണയം വയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കുറച്ചു സ്വർണം പണയംവച്ചു പണം നൽകി. അതിനു ശേഷം ഭർതൃവീട്ടുകാർ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ബന്ധുക്കൾ പറയുന്നു.
'എന്റെ കുഞ്ഞ് കട്ടിലിൽ കസേരയിട്ടു കയറി കുടുക്കിട്ടു എന്നു പറഞ്ഞാൽ വിശ്വസിക്കാനാകില്ല' വള്ളികുന്നം കടുവിനാലിൽ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ട സുചിത്ര(19)യുടെ അമ്മ സുനിത പറയുന്നു. കൃഷ്ണപുരം കൊച്ചുമുറി സുനിൽ ഭവനത്തിൽ കണ്ണീരുണങ്ങിയിട്ടില്ല. വിവാഹത്തിനു നൽകിയ സ്വർണാഭരണങ്ങൾക്കു പുറമേ 10 ലക്ഷം രൂപ ആവശ്യപ്പെട്ടും സ്വർണം പണയപ്പെടുത്തി പണം വേണമെന്നു പറഞ്ഞും ഭർതൃവീട്ടുകാർ മകളെ പീഡിപ്പിച്ചിരുന്നതായി സുചിത്രയുടെ മാതാപിതാക്കളായ സുനിതയും സുനിലും പറഞ്ഞു.
സൈനികനായ ഭർത്താവ് ജോലിസ്ഥലത്തേക്കു മടങ്ങിയതോടെ ഭർത്താവിന്റെ അമ്മ മാനസികമായി പീഡിപ്പിച്ചെന്നാണു പരാതി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഓച്ചിറ സ്വദേശിനിയായ സുചിത്ര വള്ളികുന്നത്ത് ഭർത്താവ് വിഷ്ണുവിന്റെ വീട്ടിൽ തൂങ്ങി മരിച്ചത്. വിവാഹം കഴിഞ്ഞ് മൂന്നു മാസം തികയുന്ന ദിവസമായിരുന്നു 19 വയസു മാത്രം പ്രായമുള്ള സുചിത്രയുടെ മരണം. വിവാഹത്തിനു സ്ത്രീധനമായി 51 പവനും സ്കൂട്ടറുമായിരുന്നു വാഗ്ദാനം. സ്കൂട്ടർ പോര കാർ വേണമെന്ന ആവശ്യത്തിനും വഴങ്ങി.
വിവാഹം കഴിഞ്ഞതോടെ 10 ലക്ഷം രൂപകൂടി ആവശ്യപ്പെട്ടു. സുചിത്രയുടെ സ്വർണത്തിൽ കുറച്ച് ഭർത്താവിന്റെ വീട്ടുകാർ പണയം വച്ചു. ബാക്കി സ്വർണം ലോക്കറിൽ വയ്ക്കാൻ ആവശ്യപ്പെട്ടതോടെ പ്രശ്നം വഷളായി. സൈനികനായ ഭർത്താവ് ജോലി സ്ഥലത്തേക്കു മടങ്ങിയതോടെയാണു മകൾ കൂടുതൽ പ്രതിസന്ധിയിലായതെന്ന് അമ്മ പറയുന്നു. കൊല്ലത്തെ വിസ്മയയുടെ മരണ വാർത്ത കണ്ടു ഭയന്നു വിളിച്ചപ്പോൾ താൻ അങ്ങനെയൊന്നും ചെയ്യില്ലെന്ന് സുചിത്ര ഉറപ്പു നൽകിയിരുന്നു. 20 വയസിനു മുൻപ് കല്യാണം നടന്നില്ലെങ്കിൽ വിവാഹം വൈകുമെന്ന ജാതകം കാരണമാണ് പ്ലസ്ടൂ കഴിഞ്ഞപാടേ കല്യാണം നടത്തിയത്.
ഈ കേസിൽ പൊലീസ് വിശദമായ അന്വേഷണത്തിനൊരുങ്ങുന്നുണ്ട്. ജില്ലാ പൊലീസ് മേധാവി കേസ് അന്വേഷണ ചുമതല ഡിവൈഎസ്പിക്ക് കൈമാറി. വീട്ടിലെ കിടപ്പുമുറിയിലാണ് സുചിത്രയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ അച്ഛനും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വാതിൽ തുറക്കാതായതോടെ തകർത്ത് അകത്ത് കടക്കുകയായിരുന്നു. ഒരു മാസം മുൻപാണ് ഭർത്താവ് വിഷ്ണു ഝാർഖണ്ഡിലെ ജോലി സ്ഥലത്തേക്ക് മടങ്ങിപ്പോയത്. ഫോൺ വിവരങ്ങളടക്കം പരിശോധിക്കുമെന്ന് ചെങ്ങന്നൂർ ഡിവൈഎസ്പി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ