- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലത്ത് വിസ്മയയുടെ മരണവാർത്ത കണ്ടപ്പോൾ ഞങ്ങളും പേടിച്ചിരുന്നു; 'പക്ഷേ ഞാൻ അങ്ങനെ ചെയ്യുമോ ? എനിക്കു വിഷ്ണുച്ചേട്ടന്റെ കൂടെ പോകേണ്ടതല്ലേ' ഇതായിരുന്നു മകളുടെ ചോദ്യം; പട്ടാളക്കാരന്റെ ഭാര്യയുടെ മരണത്തിലും ദുരൂഹത; ഫോൺ പരിശോധന തുടങ്ങി; സുചിത്രയ്ക്ക് സംഭവിച്ചത് എന്ത്?
ആലപ്പുഴ: വള്ളികുന്നം കടുവിനാലിൽ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ട സുചിത്ര(19)യുടെ മരണത്തിലും വിശദ അന്വേഷണത്തിന് പൊലീസ്. വിവാഹത്തിനു നൽകിയ സ്വർണാഭരണങ്ങൾക്കു പുറമേ 10 ലക്ഷം രൂപ ആവശ്യപ്പെട്ടും സ്വർണം പണയപ്പെടുത്തി പണം വേണമെന്നു പറഞ്ഞും ഭർതൃവീട്ടുകാർ മകളെ പീഡിപ്പിച്ചിരുന്നതായി സുചിത്രയുടെ മാതാപിതാക്കളായ സുനിതയും സുനിലും പരാതിപ്പെടുന്ന സാഹചര്യത്തിലാണ് ഇത്. പ്രാഥമിക അന്വേഷണത്തിൽ മരണത്തിൽ അസ്വാഭാവികത പൊലീസും കണ്ടെത്തിയിട്ടുണ്ട്.
ഭർതൃവീട്ടുകാർ സ്ത്രീധനത്തിന്റെ പേരിൽ മകളെ പീഡിപ്പിച്ചതായും ഭർതൃമാതാവ് സുചിത്രയെ ദേഹോപദ്രവം ഏൽപിച്ചെന്നും മാതാപിതാക്കൾ മൊഴി നൽകി. സുചിത്രയുടെ ഭർത്താവ് വിഷ്ണുവിന്റെയും ബന്ധുക്കളുടെയും മൊഴിയും ശേഖരിച്ചു. ഇതെല്ലാം വിശദമായി പരിശോധിക്കും. അന്വേഷണം നടത്തി പൊലീസ് സത്യം പുറത്തുകൊണ്ടുവരട്ടെയെന്നു വിഷ്ണുവും മാതാപിതാക്കളും പ്രതികരിക്കുന്നു. അന്വേഷണത്തെ അവരും സ്വാഗതം ചെയ്യുകയാണ്.
സുചിത്രയുടെ മൊബൈൽ ഫോൺ സൈബർ സെൽ മുഖേന പരിശോധിക്കാൻ നടപടി തുടങ്ങിയെന്നു വള്ളികുന്നം സിഐ ഡി.മിഥുൻ പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സുചിത്ര മരിച്ചത്. കഴിഞ്ഞ മാർച്ച് 21ന് ആയിരുന്നു വിവാഹം. സൈനികനായ വിഷ്ണു, സുചിത്ര മരിക്കുമ്പോൾ ഉത്തരാഖണ്ഡിലെ ജോലിസ്ഥലത്തായിരുന്നു. സംഭവ സമയം ഭർതൃമാതാവ് സുലോചന വീട്ടിലും പിതാവ് ഉത്തമൻ കെട്ടിനിർമ്മാണ ജോലിയുമായി ബന്ധപ്പെട്ട സ്ഥലത്തുമായിരുന്നു എന്നാണ് വിഷ്ണുവിന്റെ വീട്ടുകാർ പറയുന്നത്.
സുനിൽ ജോലി ചെയ്യുന്ന 'ഗ്രഫി'ലെ അധികൃതർക്കും പരാതി നൽകുമെന്നും സുചിത്രയുടെ ബന്ധുക്കൾ പറയുന്നു. 'മരിക്കുന്നതിന്റെ തലേന്നു വിഡിയോ കോൾ ചെയ്തപ്പോഴും എന്റെ കുഞ്ഞ് കരഞ്ഞു. അവളെ അവർ ഒത്തിരി വഴക്കു പറഞ്ഞു. ഞങ്ങളെല്ലാവരും സമാധാനിപ്പിച്ചു. വിഷ്ണുവിനോട് അവൾ കാര്യങ്ങളെല്ലാം പറഞ്ഞിരുന്നു. കൊല്ലത്ത് വിസ്മയയുടെ മരണവാർത്ത കണ്ടപ്പോൾ ഞങ്ങളും പേടിച്ചിരുന്നു. പക്ഷേ, 'ഞാൻ അങ്ങനെ ചെയ്യുമോ ? എനിക്കു വിഷ്ണുച്ചേട്ടന്റെ കൂടെ പോകേണ്ടതല്ലേ' എന്നാണ് സുചിത്ര പറഞ്ഞത്. അങ്ങനെ പറഞ്ഞ കുഞ്ഞ് പിറ്റേന്ന് ജീവനൊടുക്കുമെന്നു വിശ്വസിക്കാനാകുമോ...' സുനിത ചോദിച്ചു.
'വീട്ടിൽ വന്നശേഷം രണ്ടാഴ്ച മുൻപാണ് കുഞ്ഞ് തിരികെ വിഷ്ണുവിന്റെ വീട്ടിലേക്കു പോയത്. മരിച്ച ദിവസം രാവിലെ പുറത്തേക്കിറങ്ങിയപ്പോൾ കുഞ്ഞ് എന്നെ വിഡിയോ കോൾ ചെയ്തിരുന്നു. അതു ഞാൻ കണ്ടില്ല. ഞാൻ ഫോൺ എടുത്തില്ലെങ്കിൽ തുടർച്ചയായി വിളിക്കുമായിരുന്നു. അന്നു പക്ഷേ, ആ ഒരു കോൾ മാത്രമേ വിളിച്ചുള്ളൂ. പിന്നാലെയാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടത്. ആ കോൾ എടുത്തിരുന്നെങ്കിൽ ചിലപ്പോൾ ഒന്നും സംഭവിക്കുമായിരുന്നില്ല. വല്ലാതെ വിഷമിച്ചതുകൊണ്ടാകും അവൾ വിളിച്ചത്' സുനിത പറഞ്ഞു.
വിവാഹം ഉറപ്പിച്ച ശേഷം വിഷ്ണുവിന്റെ വീട്ടുകാർ ചില ബാധ്യതകൾ തീർക്കാൻ 10 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നു സുനിതയുടെ സഹോദരൻ സന്തോഷ് പറഞ്ഞു. ആ തുകയ്ക്കു തുല്യമായ സ്ഥലം സുചിത്രയുടെ പേരിൽ നൽകുമെന്നു പറഞ്ഞെങ്കിലും അതു നടക്കാത്തതിനാൽ പണം നൽകിയില്ല. വിവാഹശേഷം സുചിത്രയുടെ ആഭരണങ്ങൾ പണയം വയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കുറച്ചു സ്വർണം പണയംവച്ചു പണം നൽകി. അതിനു ശേഷം ഭർതൃവീട്ടുകാർ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ബന്ധുക്കൾ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ