കോവിഡ് മഹാമാരി അനിയന്ത്രിതമായി കുതിക്കുന്ന ഭീഷണമായ സാഹചര്യത്തിൽ, സംസ്ഥാനമാകെ ലോക്ഡൗണും തലസ്ഥാനം അടക്കമുള്ള ചില ജില്ലകളിൽ ട്രിപ്പിൾ ലോക്ക് ഡൗണും ഏർപ്പെടുത്തിയിരിക്കവെ, വലിയ ആൾക്കൂട്ടത്തെ ക്ഷണിച്ചു വരുത്തി കൊണ്ടുള്ള മന്ത്രിസഭാ സത്യപ്രതിജ്ഞ ഒഴിവാക്കണമെന്ന് എസ് യു സി ഐ സംസ്ഥാന സെക്രട്ടറി വി വേണുഗോപാൽ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

നിത്യവേല ചെയ്തു കുടുംബം പോറ്റുന്ന വരെ പോലും പുറത്തിറങ്ങിയാൽ ശിക്ഷിക്കുന്ന സാഹചര്യമാണുള്ളത്. കൂടുതൽ കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ച് ചികിത്സ രംഗത്ത് നിന്ന് മാറേണ്ടി വരുന്നു. ആശുപത്രികൾ നിറയുകയാണ്. ഇത്തരമൊരു ഗുരുതരമായ സാഹചര്യത്തിൽ, ഭരണനേതൃത്വം തന്നെ ഒഴിവാക്കാവുന്ന ആൾക്കൂട്ടത്തെ വിളിച്ചുവരുത്തുന്നത് ഒട്ടും മാതൃകാപരമല്ല. ആയതിനാൽ ആരോഗ്യരംഗത്തെ സംഘടനകൾ ആവശ്യപ്പെടുന്നതു കൂടി പരിഗണിച്ച് പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വേളയിലെ ആൾക്കൂട്ടം ഒഴിവാക്കണമെന്ന് എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.