റിയാദ്: സൗദിയിൽ മലയാളി യുവാവ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു. മലപ്പുറം മുന്നിയൂർ പാറേക്കാവ് സ്വദേശി മുഹമ്മദ് ശരീഫ് ആണ് മരിച്ചത്. ജീസാനിൽ നിന്നും 50 കിലോമീറ്റർ അകലെ അബൂ അരീശിലാണ് സംഭവം. ഇന്ന് നാട്ടിൽ പോകാനിരിക്കെയാണ് സംഭവം.

20 വർഷത്തിലേറെയായി സൗദിയിൽ ജോലി ചെയ്തുവരികയായിരുന്നു മുഹമ്മദ് ശരീഫ്. അവധിക്ക് നാട്ടിലേക്ക് പോകാൻ ടിക്കറ്റു ബുക്കു ചെയ്യുകയും വിമാനത്താവളത്തിലേക്ക് പോകാൻ വാഹനം തയ്യാറാക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് അഹമ്മദിന്റെ ആത്മഹത്യ.

ഇയാൾ താമസിക്കുന്ന നാലു നില കെട്ടിടത്തിന്റെ മുകളിൽ മുന്നിലെ റോഡിലേക്ക് ചാടിയനിലയിലായിരുന്നു. രാവിലെ ആറ് മണിക്ക് ജോലിക്ക് പോകുന്നവരാണ് ആദ്യം കണ്ടത്. ഭാര്യാസഹോദരങ്ങളടക്കം ഇതേ ക്വാർട്ടേഴ്‌സിൽ തന്നെയാണ് താമസിക്കുന്നത്. ആളുകൾ ഒടിക്കൂടി ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലിസത്തെി കൂടെ താമസിക്കുന്നവരെയും മറ്റും ചോദ്യം ചെയ്തു.

നാട്ടിലേക്ക് കൊണ്ടുപോകാനുള്ള പെട്ടികൾ പായ്ക്ക് ചെയ്യാമെന്ന് സുഹൃത്തുക്കൾ ഇന്നലെ പറഞ്ഞിരുന്നുവെങ്കിലും കുറച്ചു സാധനങ്ങൾ കൂടി പുറത്തു നിന്നും വാങ്ങാനുണ്ടെന്നായിരുന്നു അഹമ്മദിന്റെ മറുപടി. അബു അരീശിലുള്ള ഒരു കടയിൽ പരപ്പനങ്ങാടി ഉള്ളനം സ്വദേശി ഹംസയ്‌ക്കൊപ്പമായിരുന്നു അഹമ്മദ് ജോലി ചെയ്തിരുന്നത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നമാണ് അഹമ്മദിന്റെ ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം അബു അരീശ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

അതേസമയം, മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.  മൂന്നിയൂർ പാറേക്കാവ് ഒടുങ്ങാട്ട് പരേതനായ അഹമ്മദിന്റെ മകനാണ്. ഭാര്യ: ഫൗസിയ. മുഹമ്മദ് സുഹൈൽ, മുഹമ്മദ് സഹൽ, രിഫ വാഹിദ്, ശിഫ ബിൻത് എന്നിവർ മക്കളാണ്. സഹോദരങ്ങൾ: ഷംസുദ്ദീൻ (ജിദ്ദ), ഹലീമ, മറിയം.