കുറഞ്ഞകാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസിൽ ഹാസ്യതാരമായും സ്വഭാവനടനായും ഒടുവിൽ സംവിധായകനായും കൈയടി നേടിയ സൗബിൻ സാഹി നായകനാകുന്നു. നവാഗതനായ സക്കരിയ്യ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലാണ് സൗബിൻ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ദുൽഖർ സൽമാൻ ഫേസ്‌ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സൗബിനെ കൂടാതെ നൈജീരിയക്കാരനായ സാമുവൽ ആബിയോളയും ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.

റെക്‌സ് വിജയനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ഫുട്‌ബോൾ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. കോഴിക്കോടും മലപ്പുറത്തുമായാണ് ചിത്രീകരണം.സമീർ താഹിറും ഷൈജു ഖാലിദും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.