ആലപ്പുഴ: ട്രോളന്മാരുടെ ശ്രദ്ധയ്ക്ക്. പൂച്ചേ,പൂച്ചേ, മണൽക്കാട്ടിലെ പൂച്ചേ തുടങ്ങിയ ജി.സുധാകരൻ കവിതകളെ കടിച്ചുകീറുന്നവർ ഇത്തവണ മന്ത്രിയെ വെറുതെ വിടണം. നല്ല ഉഗ്രൻ നടനാണ് ഈ കുട്ടനാട്ടുകാരൻ. ഒറ്റ ഷോട്ടുകളിൽ ടേക് ഓക്കെയാക്കി സുധാകരൻ, സംവിധായകൻ ഗഫൂർ.വൈ.ഇല്ല്യാസിനെ പോലും ഞെട്ടിച്ചുകളഞ്ഞു.

മുൻപരിചയമൊന്നുമില്ലെങ്കിലും,യാതൊരുപകപ്പുമില്ലാതെ മന്ത്രി ക്യാമറയ്ക്ക് മുന്നിൽ അഭിനയിച്ചുതകർത്തു. സ്വന്തം കവിതയ്ക്ക് ദൃശ്യാവിഷ്‌കാരമൊരുക്കാനാണ് മന്ത്രി ജി.സുധാകരൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്. കുട്ടനാടിന്റെ പ്രകൃതിഭംഗിയുടെ പശ്ചാത്തലത്തിൽ ശനിയാഴ്ച നടന്ന ഷൂട്ടിങ്ങിൽ റബ്ബർചെരുപ്പും കൈലിമുണ്ടും ബനിയനുമായിരുന്നു മന്ത്രിയുടെ അഭിനയവേഷം. തോണിയിൽ സഞ്ചരിക്കുന്നതും ചായക്കടയിലിരുന്ന് ചായകുടിക്കുന്നതും ചിത്രീകരിച്ചു. പാരീത് പണ്ടാരിയിലൂടെ ശ്രദ്ധേയനായ യുവസംവിധായകൻ ഗഫൂർ വൈ.ഇല്ല്യാസാണ് കവിതയുടെ ദൃശ്യാവിഷ്‌കാരം ഒരുക്കിയിരിക്കുന്നത്.

2.42 മിനിട്ട് ദൈർഘ്യമുള്ള കവിതയുടെ ദൃശ്യാവിഷ്‌കാരം വളരെ വേഗത്തിൽതന്നെ പൂർത്തിയായി.

രാജേഷ് കൊച്ചുവീട്ടിലാണ് കവിത ആലപിച്ചിരിക്കുന്നത്. മുഹമ്മദ് ഷിബിൻ, ഷെബാബ് എന്നിവർ ചേർന്നാണ് നിർമ്മാണം. കാസർകോട് സ്വദേശിയായ ബാബുപ്രസാദാണ് കവിതയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്.

ചിത്രം: കടപ്പാട് മാതൃഭൂമി