കൊച്ചി: സുഡാനിൽ നിന്നും ഇന്ത്യയിൽ ബിഫാം പഠിക്കാനായെത്തിയ സുഡാനി സ്വദേശി ലഹരിമരുന്ന് വിൽപ്പനയ്ക്കിടെ പിടിയിലായി. സുഡാൻ സ്വദേശി ഈറോഡിൽ വാടകയ്ക്കു താമസിക്കുന്ന ബാഷർ കമാൽ (28) ആണ് പൊലീസിന്റെ പിടിയിലായത്. ഇയാൾക്കൊപ്പം മരട് അയിനി നടയ്ക്കു സമീപം വാടകയ്ക്കു താമസിക്കുന്ന ഫൊട്ടോഗ്രഫർ തിരുവനന്തപുരം പട്ടം സുലോചന വിലാസം വീട്ടിൽ ബോറിസ് റാം (28) എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തു. വാട്‌സാപ് ഗ്രൂപ്പ് വഴി കഞ്ചാവും മറ്റു ലഹരി മരുന്നും വിപണനം നടത്തി വരികയായിരുന്നു ഇരുവരും.

കൊച്ചി കേന്ദ്രമാക്കിയാണ് ഇവർ പ്രവർത്തിച്ചിരുന്നത്. സുഡാനിൽ നിന്നും തമിഴ്‌നാട്ടിലെ സേലത്ത് ബിഫാം പഠിക്കാൻ എത്തിയതായിരുന്നു ബാഷർ കമാൽ. 2014ൽ കോഴ്‌സ് പൂർത്തിയാക്കിയിരുന്നുവെങ്കിലും ഇയാൾ പരീക്ഷ പാസായില്ല. ഇതിനെ തുടർന്ന് പരീക്ഷ എഴുതി പാസാകുവാനായി കോളേജ് അധികൃതരുടെ പ്രത്യേക അപേക്ഷ പ്രകാരം വിസ കാലാവധി നീട്ടി കിട്ടി. ഇതിനിടയിലാണ് ഇയാൾക്ക് മാതാപിതാക്കൾ പഠനത്തിനുള്ള ചെലവ്ക്കായി പണം അയച്ചു നൽകാതായി. പണത്തിന് ബുദ്ധിമുട്ട് വന്നതോടെ കോളേജിലെ ഒരു സുഹൃത്ത് വഴിയാണ് ലഹരി മരുന്ന് വിൽപ്പനയ്ക്കായി ഇറങ്ങി തിരിച്ചത്.

കഞ്ചാവ് വിൽപ്പനയായിരുന്നു തുടക്കം. പിന്നീട് എഡിഎംഎ ഗുളികളുടെ കച്ചവടവും തുടങ്ങി. കോളേജിലെ സുഹൃത്തിനൊപ്പം കൊച്ചിയിൽ അടുത്തിടെ നടന്ന ഒരു ഡി.ജെ പാർട്ടിയിൽ ബാഷർ പങ്കെടുക്കാനെത്തി. ഇവിടെ വച്ചാണ് ബോറിസ് റാമിനെ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പങ്കു കച്ചവടക്കാരാകുകയായിരുന്നു. ബോറിസ് ആവശ്യപ്പെടുമ്പോൾ ലഹരിമരുന്ന് കൊച്ചിയിലെത്തിക്കുകയാണ് ബാഷറിന്റെ ജോലി. വാട്ട്‌സാപ്പ് ഗ്രൂപ്പ് വഴി നിരവധി ചെറുപ്പക്കാർക്കും വിദ്യാർത്ഥികൾക്കും ലക്ഷകണക്കിന് രൂപയുടെ ലഹരിമരുന്നാണ് വിൽപ്പന നടത്തിയത്. പ്രത്യേക വാട്ട്‌സാപ്പ് ഗ്രൂപ്പ് രൂപീകരിച്ച് ഇതുവഴിയായിരുന്നു ഇടപാടുകൾ. സ്‌ക്കൂൾ കോളേജ് കുട്ടികളും യുവാക്കളുമായിരുന്നു പ്രധാന ഇടപാടുകാർ.

ബോറിസ് റാം മിന് സിനിമാ മേഖലയുമായി അടുത്ത ബന്ധമാണുള്ളത്. പ്രമുഖരായ സിനിമ പ്രവർത്തകർക്കും ഇയാൾ ലഹരി മരുന്ന് എത്തിച്ചു നൽകുന്നുണ്ടെന്ന് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ക്രൈം ഡിറ്റാച്ച്‌മെന്റ് എസിപി ടി.ബിജി ജോർജ്ജിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ഷാഡോ പൊലീസ് എസ്‌ഐ എ.ബി. വിബിൻ, പനങ്ങാട് എസ്‌ഐ റെജിൻ എം. തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.സിപിഒ മാരായ ടി.പി. അഫ്‌സൽ, ഹരിമോൻ, സാനു, വിശാൽ, രഞ്ജിത്, ശ്യാം, ഷാജി, യൂസഫ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

ഒരു ഇടപാടുകാരന് ലഹരി മരുന്ന് കൈമാറാൻ ശ്രമിക്കുമ്പോഴാണ് ഇരുവരും പിടിയിലാകുന്നത്. അര കിലോഗ്രാം കഞ്ചാവ്, വൈറ്റ്, ബ്രൗൺ നിറങ്ങളിലെ എംഡിഎംഎ പത്തു ഗ്രാം, ഗുളിക എന്നിവയാണു ഇവരുടെ പക്കൽ നിന്നും പിടിച്ചത്. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും.