കൊച്ചി: സുഡാനി ഫ്രം നൈജീരിയ കണ്ട എല്ലാവരും അത്ഭുതത്തോടെ നോക്കി നിന്നവരാണ് ചിത്രത്തിലെ രണ്ട് ഉമ്മമാരും. മികച്ച പ്രകടനത്തിലും തന്മയത്വത്തിലൂടെ അഭിനയത്തിലുമാണ് ഇരുവരും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയത്. നാടക രംഗത്ത് വർഷങ്ങളായി ഉള്ള സാവിത്രി ശ്രീധരനും സരസ ബാലുശ്ശേരിയുമായിരുന്നു ചിത്രത്തിൽ ഈ മനുഷ്യത്വത്തിന്റെ മുഖമായ ഉമ്മമാരെ അഭിനയിപ്പിച്ചത്. ചിത്രത്തിനായി ഇവരെ കണ്ട് പിടിച്ച കഥ പറയുകയാണ് സംവിധായകനായ സക്കറിയ. മനോരമക്ക് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ നായികമാരെക്കണ്ടെത്തിയ അനുഭവം വിവരിച്ചത്.

അഭിനേതാക്കളെല്ലാം പുതുമുഖങ്ങളായിരിക്കണം എന്നു നിർബന്ധമുണ്ടായിരുന്നു. അതേസമയം കഥാപാത്രത്തിന്റെ ആത്മാവിനെ ഉൾക്കൊണ്ട് തീവ്രത നഷ്ടപ്പെടാതെ സ്‌ക്രീനിലേക്ക് പകർത്താൻ കഴിവുള്ളവരും ആയിരിക്കണം. എനിക്കു കുറെക്കാലമായി പരിചയമുള്ള കൂട്ടുകാരും അയൽവാസികളും നാടകത്തിൽ ഒപ്പം പ്രവർത്തിച്ചവരുമൊക്കെയാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സിനിമയുടെ ആത്മാവായി മാറുന്ന ഉമ്മമാരെ കണ്ടെത്തുക ശ്രമകരമായിരുന്നു. അവരെ കണ്ടെത്താൻ എന്നെ സഹായിച്ചത് സുഹൃത്ത് അബു വളയംകുളമാണ്. അദ്ദേഹത്തോട് ഞാൻ ഏറെ കടപ്പെട്ടിരിക്കുന്നു. അബു സന്തോഷത്തോടെ ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. അദ്ദേഹം ഒരു കാറും എടുത്ത് കോഴിക്കോടുള്ള പഴയകാല നാടകപ്രവർത്തകരുടെ വീടുകൾ കയറി ഇറങ്ങി.

സാവിത്രി ശ്രീധരന്റെയും സരസ ബാലുശ്ശേരിയുടെയും മൊബൈൽ ഫൂട്ടേജുമായിട്ടാണ് അബു വന്നത്. എന്നാൽ ഇവർ സിനിമയ്ക്ക് അനുയോജ്യരാണെന്ന് പ്രൊഡക്ഷൻ ടീമിനെ എനിക്കു ബോധ്യപ്പെടുത്തണമായിരുന്നു. ഇരുവരേയും ഓഡിഷനു വിളിച്ചു. ഞങ്ങൾ നാടകപ്രവർത്തകരാണ് സിനിമ ശരിയാകുമെന്നു തോന്നുന്നില്ല എന്ന മട്ടിൽ ആത്മവിശ്വാസമില്ലാതെയാണ് അവർ സംസാരിച്ചത്. എന്റെ ആത്മവിശ്വാസവും അതോടെ നഷ്ടപ്പെട്ടു. എന്നാൽ അബു ധൈര്യം നൽകി. അവർക്കു തിരക്കഥ വായിക്കാൻ നൽകാൻ പറഞ്ഞു. അവന്റെ ചെറിയ പ്രായം മുതൽ കാണുന്ന നടിമാരാണ്, അവർക്ക് ഈ വേഷങ്ങൾ ഭംഗിയാക്കാൻ കഴിയുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് അവൻ തീർത്തു പറഞ്ഞു. പിന്നീട് എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് ഇരുവരും സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുകയായിരുന്നു. മിക്ക രംഗങ്ങളും ഒറ്റ ടേക്കിൽ അവർ ഓകെയാക്കി. കൂടെ അഭിനയിച്ചവരുടെ പിഴവു മൂലം മാത്രമാണ് ഒന്നിലേറെ ടേക്കുകൾ പോവേണ്ടി വന്നത്. സിനിമ കണ്ട് ഇറങ്ങുന്നവരും ഉമ്മമാരെ നെഞ്ചോടു ചേർക്കുന്നു.