'ബോംബാണേൽ കിട്ടാൻ എളുപ്പമാണ്... ഇവിടെയുടുത്ത് മലപ്പുറത്തുണ്ട്.' ആറാം തമ്പുരാൻ എന്ന സിനിമയിൽ മോഹൻലാലിന്റെ ജഗന്നാഥൻ പറയുന്ന ഡയലോഗാണിത്. മലപ്പുറം ജില്ലയെക്കുറിച്ച് ഇതുപോലുള്ള വർണ്ണനകൾ മലയാള സിനിമ എത്രയോ കാലമായി പ്രേക്ഷകർക്ക് പകർന്നു നൽകുന്നു. മുസ്ലിം ജീവിത പശ്ചാത്തലത്തിലാണ് സിനിമയെങ്കിൽ കഥാപാത്രങ്ങൾക്ക് ചില വാർപ്പ് മാതൃകകൾ മലയാള സിനിമ സൃഷ്ടിച്ചിച്ചുണ്ട്. അതിന്റെ കയറിൽ പിടിച്ചാണ് പശ്ചാത്തല-കഥാപാത്ര നിർമ്മിതികളെല്ലാം. ബാങ്കുവിളിയും ഒപ്പനയും നിറഞ്ഞു നിൽക്കുന്ന ഫ്രെയിമുകൾ.. അങ്ങയേറ്റം സ്ത്രീ വിരുദ്ധരായ കഥാപാത്രങ്ങൾ. വിവരദോഷികളും പിന്തിരിപ്പന്മാരുമാണ് ഭൂരിഭാഗം സിനിമകളിലെയും മലപ്പുറം കഥാപാത്രങ്ങൾ. വിവരക്കേടിൽ നിന്നുണ്ടാവുന്നതാണ് അവരുടെ തമാശകൾ.

ഇത്തരം വാർപ്പു മാതൃകകളുടെയും ക്‌ളീഷെകളുടെയും പുറംതോട് പൊട്ടിച്ചറെിഞ്ഞ് സത്യസന്ധമായി മലപ്പുറം ജീവിതം പകർത്തുകയാണ് നവാഗതനായ സക്കറിയ എന്ന സംവിധായകൻ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ. മലപ്പുറവും കോഴിക്കോടുമെല്ലാം സെവൻസ് ഫുട്‌ബോളിന്റെയും നാടാണ്. ഉത്സവങ്ങളോ പള്ളിപ്പെരുന്നാളോ പോലെ അവരുടെ ജീവിതത്തിൽ അലിഞ്ഞു ചേർന്നതാണ് ഈ കമ്പവും. കൽപ്പന്തുകളിയുടെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മഹനീയ മാതൃകയായി വളർത്തിയെടുക്കുമ്പോൾ സുഡാനി ഒരു ലോക സിനിമ തന്നെയായി മാറുകയാണ്.