സിഎച്ച് ആറിന്റെ പുതിയ ചെയർമാനായ സുദർശൻ റാവുവുമായുള്ള പഴയൊരഭിമുഖം ടിവിയിൽ കണ്ടു. പുതിയ അഭിമുഖം നെറ്റിലും വായിച്ചു. അപാരഫുത്തിമാൻ തന്നെ. ചരിത്രജ്ഞാനം തുള്ളിത്തുളുമ്പുകയാണ്.

ഖനനം മുതൽ വസ്തുതാശേഖരണം വരെ ആധുനികചരിത്രശേഖരണം വളർത്തിയെടുത്ത യാതൊരു ചരിത്രഗവേഷണോപാധികളിലും അങ്ങേർക്കു വിശ്വാസമില്ല. എല്ലാറ്റിനും തെളിവുവേണമെന്നു പറയുന്നതേ മണ്ടത്തരമാണ് എന്നു പലവട്ടം പറയുന്നുണ്ട്. പൊലീസ് മഹസ്സറല്ല ചരിത്രം എന്നു ചുണ്ടുകോട്ടി ഒരു പരിഹാസം. അപ്പോൾ പിന്നെ പുണ്യാത്മാവിന്റെ ചരിത്രഗവേഷണഡിവൈസ് എന്താണാവോ? അതു ചോദിക്കാതെ തന്നെ പറയുന്നുണ്ട്. നമ്മൾ ഒരു നാട്ടിൽ പോയി അവിടുത്തെ ജനങ്ങളോട് ചോദിക്കുക, ഇവിടെന്താ പണ്ടുണ്ടായിരുന്നേ എന്ന്. അവർ പറയും. അതാണ് ആ നാടിന്റെ ഏറ്റവും വിശ്വസനീയമായ ചരിത്രം. അതായത് അയോദ്ധ്യയിൽ പോയി അവിടെ പൂജാകിടുപിടികൾ വിൽക്കുന്ന ആളോട് ചോദിക്കൂ, അയോദ്ധ്യയിൽ രാമൻ ജനിച്ചോ ഇല്ലയോ എന്ന്. അങ്ങേരു പറയും. അതാണ് ചരിത്രം. മനസ്സിലായോ? എങ്ങനെണ്ട്, എങ്ങനെണ്ട്?

പത്തൊമ്പതാം നൂറ്റാണ്ടിലെ നവോദ്ഥാനപ്രസ്ഥാനമായി നാം പഠിക്കുന്ന ആരൃസമാജത്തിന്റെ സ്ഥാപകൻ, ദയാനന്ദസരസ്വതിയെ അറിയുമോ നിങ്ങൾ? നല്ല മൻഷനാണ്. അങ്ങേരുടെ ഹൈന്ദവവിശ്വാസപ്രകാരമുള്ള പുനർജന്മമാണീ ഫുത്തിമാൻ എന്ന് ഒരു നിമിഷം തോന്നിപ്പോയി. ഈച്ച ചത്തൊരു പൂച്ചയായ് മാറുന്നു എന്നാണല്ലോ.

ദയാനന്ദിന്റെ സിദ്ധാന്തം ലളിതമായിരുന്നു. സകലവിജ്ഞാനങ്ങളും ഉണ്ടായത് ആര്യാവർത്തത്തിലാണ്. ആര്യാവർത്തം എന്നുവച്ചാൽ തെക്ക് വിന്ധ്യപർവ്വതത്തിനും വടക്ക്‌ബ്രഹ്മപുത്രയ്ക്കും പടിഞ്ഞാറ് സിന്ധുനദിക്കും ഇടക്ക് കിടക്കുന്ന ഭൂമി. ബ്ലഡി മല്ലൂസ് ഒന്നും ആര്യാവർത്തത്തിൽ വരില്ല എന്നർത്ഥം. ആര്യാവ്ർത്തത്തിനു പുറത്ത് മുഴുവൻ ദസ്യുക്കളും( രാക്ഷസർ) മ്ലേച്ഛന്മാരുമാണ്. അതുകൊണ്ട് ആര്യാവർത്തത്തിനു പുറത്ത് രണ്ടുദേശമേയുള്ളൂ, ദസ്യുദേശവും മ്ലേച്ഛദേശവും. അവിടങ്ങളിൽ വസിക്കുന്നവർ 'നീഗ്രോ'കളെപ്പോലെ 'കറുത്തവരും' വിരൂപരുമാണ്. ആര്യാവർത്തത്തിൽ വേദമുണ്ടായി. വേദത്തിലില്ലാത്ത ഒന്നും ഇന്നോളം കണ്ടുപിടിച്ചിട്ടില്ല. കണ്ടുപിടിക്കാൻ മനുഷ്യനാവുകയുമില്ല. ഇതറിയാൻ ആര്യാവർത്തത്തിലെ ഓരോ പ്രദേശത്തുമുള്ള മനുഷ്യരോട് ചോദിച്ചാൽ മതി. അതാത് സ്ഥലത്ത് പണ്ട് എന്തെല്ലാം നടന്നു എന്ന് അവരുടെ മുതുമുത്തച്ഛന്മാർ അവർക്ക് പറഞ്ഞുകൊടുത്തിട്ടുണ്ട്. സോ സിമ്പിൾ.

സുദർശൻ റാവുവിന്റെ ആര്യാവർത്തത്തിനെന്തു വലിപ്പം വരും എന്നറിയില്ല. എന്തായാലും ദയാനന്ദിനേക്കാൾ കുറച്ചുകൂടുമായിരിക്കും. ആന്ധ്രയായിരുന്നല്ലോ ലാവണം. എന്നാലും മനസ്സിനു വലിപ്പം തീരെ കൂടില്ല. അതേ ഊളത്തരം, അൽപ്പബുദ്ധി. സുദർശൻ റാവുവിന്റെ ഭാരതത്തിൽ കേരളം പെടുമെങ്കിൽ ഗവേഷണത്തിനുള്ള ആദ്യ ഡാറ്റ ഞാൻ തരാം. എന്റെ നാടായ മണ്ണാർക്കാട് വന്നുചോദിച്ചാൽ കുന്തിപ്പുഴ തുടങ്ങുന്ന പാത്രക്കടവ് കുന്തീദേവി പാണ്ഡവർക്കു ഭക്ഷണം കൊടുത്ത് പാത്രം കമഴ്‌ത്തിവച്ചതാണെന്നു പറയും. വരാപ്പുഴയ്ക്കു തെക്കുള്ള പാണ്ഡവൻ കാട് ബകവനമായിരുന്ന ഏകചക്രയാണെന്നവർ പറയും. പരശുരാമൻ എന്നു പറയുന്ന പഴയേതോ മരംവെട്ടുകാരൻ കോടാലിയെറിഞ്ഞാണ് ഈ നാടുതന്നെ ഉണ്ടായത്. ഗുരുവും വായുവും പ്രളയജലത്തിൽ നിന്നു കൃഷ്ണവിഗ്രഹം പ്രതിഷ്ഠിച്ച സ്ഥലമാണ് ഗുരുവായൂർ. അതു യാദവകുലം മുടിഞ്ഞപ്പോഴാണത്രേ. വിഷ്ണുവും ശിവനും കൂടിയുള്ള ജിഞ്ചിലാക്കിയിൽ ഉണ്ടായ കുട്ടിയെ ഉപേക്ഷിച്ചതു തന്നെ ഇവിടെ പന്തളം രാജാവ് നായാട്ടിനു പോയിരുന്ന കാട്ടിലായിരുന്നു. ആ കൊച്ച് ഇപ്പോൾ ശബരിമലയിലിരിപ്പുണ്ട്. ആകാശമാർഗ്ഗേണ രാവണൻ സീതയെ കൊണ്ടുപോവുമ്പോൾ വീണുപോയ സീതയുടെ താലി 'സീതത്താലി' എന്നൊരു ചെടിയായി കേരളത്തിലുടനീളം കിടപ്പുണ്ട്. അതൊക്കെ സുദർശൻ റാവു വന്ന് പെറുക്കിയെടുക്കണം.

പറഞ്ഞിട്ടു കാര്യമില്ല. ഭഗത് സിങ്ങിനെ ആന്തമാനിൽ കൊണ്ടുപോയിട്ട, റഷ്യയിൽ പോയി ചായയെന്നു കേട്ടു വാ പൊളിച്ച മോന്തായത്തിന് ഇങ്ങനൊരു കഴുക്കോൽ തന്നെയാണ് പാകം.