ടക്കൻ അയർലണ്ട് ഹിന്ദു കൂട്ടായ്മയായ 'സുദർശനം' കുടുംബംഗങ്ങൾ സ്വതസിദ്ധവും എന്നാൽ വൈവിദ്ധ്യവുമായ അവതരണ ശൈലിയിൽ തിരുവോണം 2016 ആഘോഷിച്ചു. ബെൽഫാസ്റ്റ് ഷാങ്കിൽ റോഡ് സ്‌പെക്ടറം സെന്റെറിൽ സെപ്റ്റംബർ 25 ഞായറാഴ്ച 12 മണിക്ക് തുടങ്ങിയ പരിപാടികൾ 5 മണിക്ക് അവസാനിച്ചു.

ഡോക്ടർ ഉമേഷ് വിജയം ഓണത്തിന്റെ സന്ദേശം കുട്ടികളുമായി പങ്കിട്ടു . മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയാണെന്നും മകൻ ബാണനാണെന്നും സദസ്സിൽ പലർക്കും പുതിയ ഒരറിവായിരുന്നു. കൗതുകകരമായ ചോദ്യോത്തരങ്ങളുമായി കുട്ടികളും മുതിർന്നവരും സംവദിച്ചു.

സന്തോഷും കൂട്ടരും ഒരുക്കിയ പൂക്കളം അതീവ ഹൃദ്യമായിരുന്നു. സന്തോഷിന്റെ മേൽനോട്ടത്തിൽ കുട്ടികള്ക്കും മുതിർന്നവർക്കും കസേര കളി, വടംവലി മത്സരങ്ങളും ഉണ്ടായിരുന്നു. കുട്ടികളുടെ ബലൂൺ പൊട്ടിക്കൽ രസകരമായിരുന്നു.സുദർശനം അമ്മമാരുടെ തിരുവാതിരക്കളി ചടുലമായ താള ലയ നാട്യ ഭാവങ്ങളിലൂടെ ഏവരെയും വിസ്മരി പ്പിക്കുന്നതായിരുന്നു .

സുദർശനം അച്ഛ്ന്മാരുടെ സമൂഹഗാനം ഒത്തൊരുമയുടെ മറ്റൊരു ഉദാഹരണമാകുമ്പോൾ , കുട്ടികളുടെ റാമ്പ് വാക്ക് വ്യത്യസ്തമായ മറ്റൊരു ആകർഷക ഇനമായിരുന്നു. പ്രദീപായിരുന്നു കലാ പരിപാടികൾക്ക് ചുക്കാൻ പിടിച്ചത് .പരിപാടികൾക്ക് ശേഷം ആകർഷകങ്ങളായ സമ്മാനങ്ങൾ എല്ലാ കുട്ടികളെയും തേടിയെത്തിയ

ഷാബുവിന്റെയും വിനീതിന്റെയും നേതൃത്വത്തിൽ കുടുംബാംഗങ്ങൾ തന്നെ ഒരുക്കിയ വിപുല സമൃദ്ധവും സ്വാദിഷ്ടവുമായ സദ്യയായിരുന്നു ഈ ഒത്തുകൂടലിന്റെ ആർദ്രതയെ ഒന്ന് കൂടി അരക്കിട്ടുറപ്പിക്കുന്നത്. കുട്ടികളും മുതിർന്നവരും ഒരു പോലെ പങ്കെടുത്തു ആഘോഷിച്ച ഓണം ഏവരെയും ഗൃഹാതുരത്വത്തിന്റെ മറ്റൊരു തലത്തിലേക്ക് കൂട്ടികൊണ്ടു പോയി .

പരിപാടികളുടെ മികവിന് വേണ്ടി അഹോരാത്രം പ്രവർത്തിച്ച എല്ലാ കുടുംബാംഗങ്ങൾക്കും നന്ദി രേഖപ്പെടുത്തി പിരിയുമ്പോൾ, മറക്കനാകാത്ത ഒരു പിടി ഓർമകളുമായി അടുത്ത ആഘോഷത്തിനായി ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു .