തൊടുപുഴ: അബ്കാരി കേസിൽ പ്രതികളെ സഹായിച്ചെന്ന കുറ്റത്തിന് തൊടുപുഴ സി ഐ സുധീർ മനോഹറിനെ സസ്പെന്റുചെയ്തു.അരയ്ക്കുതാഴേയ്ക്കു തളർന്നതിനുശേഷവും ഗുണ്ടാപ്രവർത്തനം നടത്തിവരുന്ന ആയി സജിയെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സഹായിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സുധീറിന് സസ്‌പെൻഷൻ. ആയി സജി സുധീർ മനോഹറിന്റെ അടുത്ത ബന്ധുവാണെന്നും സൂചനയുണ്ട്. ദക്ഷിണമേഖല ഐജി ഹർഷിത അട്ടല്ലൂരിയാണ് സുധീറിനെതിരെ നടപടി സ്വീകരിച്ചത്.

നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ആയി സജിയുമായി സുധീറിന് അടുത്തബന്ധമുണ്ടായിരുന്നെന്നാണ് വകുപ്പുതല അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. ഇതു സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തി, റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കോട്ടയത്ത് മദ്യവുമായി എത്തിയ ലോറി പൊലീസ് പിടികൂടിയിരുന്നു. ഇവിടെ പൊലീസ് നടത്തിയ പരിശോധനയിലാണ് ഗുണ്ടാ സംഘാംഗമായ യുവാവുമായി സി ഐ അടിക്കടി ഫോണിൽ സംസാരിച്ചിരുന്നതായി കണ്ടെത്തിയത്. തുടർന്ന് പൊലീസ് സംഘം ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് തയ്യാറാക്കി കൊച്ചി റേഞ്ച് ഐജിക്ക് നൽകുകയായിരുന്നു.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കൊച്ചി റേഞ്ച് ഐജി അന്വേഷണം ആരംഭിച്ചത്. ഇദ്ദേഹം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സിഐയെ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്തതിട്ടുള്ളത്. നിലവിലെ ഗുരുതരമായ കണ്ടെത്തലിനുപുറമെ മറ്റ് നിരവധി പരാതികളും സി ഐയ്ക്കെതിരെ ഉന്നതർക്ക് ലഭിച്ചിട്ടുണ്ടെന്നാണറിയുന്നത്. സി ഐ യുടെ ഗുണ്ടാ- മാഫിയ ബന്ധങ്ങൾ കണ്ടെത്തുന്നതിനായി ഇടുക്കി നർക്കോട്ടിക്ക് സെൽ ഡിവൈ.എസ്‌പിയുടെ നേതൃത്വത്തിൽ പ്രാഥമിക അന്വേഷണം നടത്തണമെന്നും റേഞ്ച്ഐ ജി അന്വേഷണ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. ഈ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാവും തുടർ നടപടികളിൽ തീരുമാന മുണ്ടാവുക.

അരയ്ക്ക് താഴോട്ട് തളർന്നിട്ടും ആയി സജി ക്വട്ടേഷൻ നിർത്തിയില്ല

2003-കൊച്ചി ഏലൂരിൽ പൊലീസിനു പിടിനൽകാതെ കെട്ടിടത്തിന്റെ മുകളിൽ നിന്നു ചാടിയതു മൂലമാണ് ആയി സജിക്ക് അരയ്ക്കു താഴേക്കു തളച്ച വന്നത്. നീണ്ടകാലത്തെ ചികിൽസയ്‌ക്കൊടുവിൽ ആയിയെ കോടതിയിൽ ഹാജരാക്കിയെങ്കിലും ഭിന്നശേഷിക്കാരനെന്ന പേരിൽ ഇയാളെ വെറുതേ വിട്ടു. ശരീരം തളർന്നെങ്കിലും 2003നു ശേഷവും ഒട്ടേറെ കേസുകളിൽ പ്രതിയായി. മണൽലോറി തട്ടിക്കൊണ്ടുപോകൽ, മോഷണം, വീട് ആക്രമണങ്ങൾ എന്നിവയടക്കം നിരവധി കേസുകളിൽ ഇയാൾ പ്രതിയായിരുന്നു.

പാലാ, കിടങ്ങൂർ, പള്ളിക്കത്തോട്, മേലുകാവ് പൊലീസ് സ്റ്റേഷനുകളിലാണ് കേസ് നിലവിലുണ്ടായിരുന്നത്.കളമശേരി, കുറവിലങ്ങാട്, കൂത്താട്ടുകുളം എന്നിവിടങ്ങളിൽ കൊലപാതകശ്രമ കേസുകളിലും ഇയാൾ പ്രതിചേർക്കപ്പെട്ടിരുന്നു. ആക്രമണങ്ങൾ, തട്ടിക്കൊണ്ടുപോകൽ, മോഷണം എന്നിവയാണു പ്രധാന കേസുകൾ. കേരളത്തിനകത്തും പുറത്തുമായി നൂറോളം കേസുകളിൽ ഇയാൾ പ്രതിയാണെന്നുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്.

2010 ൽ പൊലീസുകാരെ അക്രമിക്കുകയും തോക്കു ചൂണ്ടി അറസ്റ്റ് തടയാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ആയി സജിക്ക് (ഇടപ്പാടി ഇഞ്ചിയിൽ സജി) കോടതി ഏഴു വർഷം കഠിന തടവ് വിധിച്ചിരുന്നു. നിരവധി ഗുണ്ടാക്കേസുകളിൽ പ്രതിചേർക്കപ്പെട്ടിരുന്നു എങ്കിലും അന്നാദ്യമായാണ് സജിക്ക് ശിക്ഷ ലഭിക്കുന്നത്. മുമ്പത്തെ കേസുകളിൽ സാക്ഷികളില്ലാത്തതിനാൽ സജിയെ വെറുതെ വിടുകയായിരുന്നു.

2002 ഒക്ടോബർ ഇരുപത്തിനാലാം തീയതി വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. എറണാകുളം ജിസിഡിഎ കോംപ്ലക്‌സിൽ ആയി സജി എത്തിയിട്ടുണ്ടെന്ന് അറിഞ്ഞു പാലാ സിഐ ആയിരുന്ന ജോർജ് വർഗീസ് എആർ ക്യാംപിലെ പൊലീസുകാരുമായി എത്തിയെങ്കിലും ആയി സജി ഓട്ടോയിൽ രക്ഷപ്പെട്ടു. വേറൊരു ഓട്ടോയിൽ പൊലീസുകാർ ആയി സജി സഞ്ചരിച്ചിരുന്ന ഓട്ടോയെ പിന്തുടർന്നുവെങ്കിലും പൊലീസിന്റെ നേർക്കു വെടിവച്ചശേഷം ആയി സജി രക്ഷപ്പെട്ടുവെന്നാണു കേസ്.

കോട്ടയം, ഇടുക്കി ജില്ലകളിലായി നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ട ആയി സജി പൊലീസ് വലയിലായത് തികച്ചും അപ്രതീക്ഷിതമായാണ്. 2009 സെപ്റ്റംബർ പത്താം തീയതിയാണ് ആയി സജി പൊലീസിന്റെ പിടിയിലായത്. പൊലീസുകാരനായ ജ്യേഷ്ഠന്റെ സഹായത്തോടെ ഒളിവിൽ കഴിയുകയായിരുന്നു ആയി സജി.

രാവിലെ എട്ടരയോടെ ആയി സജിയും സംഘവും യാത്ര ചെയ്തിരുന്ന വെള്ള ഷെവർലെ കാർ കൊല്ലപ്പിള്ളി ടൗണിലെ ഒരു പെട്രോൾ പമ്പിൽ നിന്ന് ആയിരം രൂപയ്ക്ക് പെട്രോൾ അടിച്ച ശേഷം പണം നൽകാതെ രക്ഷപ്പെട്ടു. കാറിലുണ്ടായിരുന്നത് ആയി സജിയാണെന്ന് മനസിലാക്കിയ പമ്പ് ജീവനക്കാർ പൊലീസിന് വിവരം നൽകി. തുടർന്ന് പല സംഘങ്ങളായി തിരിഞ്ഞ പൊലീസ് വെള്ള ഷെവർലെ കാർ ലക്ഷ്യമാക്കി തെരച്ചിൽ ആരംഭിച്ചു.

മഫ്തിയിൽ ഒരു സംഘം ആയി സജിയുടെ കാറിനെ പിന്തുടർന്ന് പൊലീസിന് വിവരങ്ങൾ കൈമാറി. തൊടുപുഴ റൂട്ടിൽ നെല്ലപ്പാറയിൽ വെച്ച് ഷെവർലെ കാർ പൊലിസ് തടഞ്ഞെങ്കിലും പിടികൂടാനായില്ല. എന്നാൽ ഇവിടെ വച്ച് കോൺസ്റ്റബിൾ വി ആർ ജയചന്ദ്രൻ കാറിന്റെ ചില്ല് കൈകൊണ്ട് അടിച്ച് തകർത്തു.

ഇതോടെ പൊലീസിന് കാര്യങ്ങൾ കൂടുതൽ എളുപ്പമായി. ചില്ല് തകർന്ന കാർ ലക്ഷ്യമാക്കി തെരച്ചിൽ തുടരാൻ എല്ലാ സ്റ്റേഷനുകളിലേക്കും വയർലെസ് സന്ദേശം പാഞ്ഞു. നെല്ലപ്പാറയിൽ നിന്ന് കുറിഞ്ഞി വഴി രാമപുരം, കൂത്താട്ടുകുളം റൂട്ടിലേക്ക് കടന്നു. തുടർന്ന് കൂത്താട്ടുകുളത്തുനിന്നും പൊലീസിന്റെ വലയിൽപ്പെടാതെ ആയി രക്ഷപ്പെട്ടു. തുടർന്ന് പുതുവേലിയിൽ നിന്ന് വൈക്കം റോഡിലേക്ക് തിരിഞ്ഞ ഷെവർലെ കാർ നാല് ഭാഗത്ത് നിന്നും പൊലീസ് വളഞ്ഞു.

രക്ഷയില്ലെന്ന് മനസിലായതോടെ കാറിന്റെ ഡ്രൈവർ ചിരട്ടപ്പൂൾ സജി ഓടി രക്ഷപ്പെട്ടു. നേരത്തെ ഒരു സംഘട്ടനത്തിനിടെ കെട്ടിടത്തിൽ നിന്ന് വീണ് അരയ്ക്കു താഴെ തളർന്ന സജി കാറിന്റെ മുൻഭാഗത്തെ സീറ്റിൽ ഇരിക്കുകയായിരുന്നു. പാലായിൽ ഓട്ടോ ഡ്രൈവറായിരുന്ന സജി തല്ലുകേസുകളിലാണ് ആദ്യം പൊലീസിന്റെ നോട്ടപുള്ളിയാകുന്നത്. പിന്നീട് പിലു ആനന്ദ് എന്ന ഗുണ്ടയോടൊപ്പം ചേർന്നതോടെ 'സജി' പാലാ നഗരത്തെ വിറപ്പിക്കുന്ന ഗുണ്ടയായി വളർന്നു. ആർപ്പൂക്കരയിൽ ടാക്സി ഡ്രൈവറുടെ കൈ വെട്ടിയതും മൂന്നാറിൽ വ്യാപാരിയെ ആക്രമിച്ച് ഒരുകോടിയോളം രൂപ തട്ടിയതും ആയിയുടെ ക്വട്ടേഷൻ സംഘങ്ങളായിരുന്നു.