ഏത് പ്രായത്തിലുമുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാം എന്ന സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. പണ്ടു കാലത്ത് ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നുണ്ടായിരുന്നു എന്നത് മുതൽ സന്നിധാനത്ത് സിനിമാ ഷൂട്ടിങ് നടന്നിരുന്നു എന്നതുൾപ്പടെയുള്ള വാദങ്ങളാണ് ഇതിനോടകം ഉയർന്നത്. ഈ അവസരത്തിലാണ് സീരിയൽ താരവും നർത്തകിയമായ സുധാ ചന്ദ്രനെതിരെയും വിമർശനം ഉയർന്നത്.

സന്നിധാനത്ത് പതിനെട്ടാംപടിക്ക് സമീപത്തായി നടി സുധാ ചന്ദ്രൻ നൃത്തം ചെയ്തുവെന്ന വാർത്ത ഏറെ വിവാദശരങ്ങൾക്ക് വഴിവെച്ചിരുന്നു. വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയ സിനിമയിൽ സുധ പതിനെട്ടാം പടിക്ക് സമീപം നൃത്തം ചെയ്യുന്ന രംഗമുണ്ട്. എന്നാൽ അതിന് പിന്നിലുള്ള സത്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സുധ.

സംഭവത്തെ കുറിച്ച് സുധ പറയുന്നതിങ്ങനെ.വർഷങ്ങൾക്ക് മുൻപ് പതിനെട്ടാം പടിയിൽ നൃത്തം ചെയ്തു എന്നൊരു വിവാദം തന്റെ പേരിലുണ്ടായി. പക്ഷെ അത് സത്യമല്ലെന്നാണ് സുധ അറിയിച്ചിരിക്കുന്നത്. ചെന്നൈയിലെ ഒരു സ്റ്റുഡിയോയിൽ സെറ്റിട്ടാണ് ഗാനരംഗം ചിത്രീകരിച്ചതെന്നും ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റ് രംഗങ്ങൾ ശബരിമലയ്ക്ക് താഴെയും പിന്നിലെ കവാടത്തിലുമായി ചിത്രീകരിച്ചുവെന്നും അവർ വ്യക്തമാക്കുന്നു.

41 ദിവസം വ്രതമെടുത്ത് നിഷ്ഠകളെല്ലാം പാലിച്ചാണ് തന്റെ ഭർത്താവ് ശബരിമലയിൽ പോയത്, അയ്യപ്പനെ തൊഴണമെന്നത് തന്റെയും ഏറ്റവും വലിയ ആഗ്രഹം എന്നാൽ ഏത് കോടതി വിധി വന്നാലും ആചാരങ്ങളെ നിഷേധിക്കാൻ തയ്യാറല്ലെന്നും ഉറപ്പിച്ചു പറയുന്നു. 52 വയസായി. എങ്കിലും അയ്യപ്പനെ കാണാൻ കാത്തിരിക്കാൻ ഇപ്പോഴും തയ്യാറാണ്. എപ്പോഴാണോ ഭഗവാൻ വിളിക്കുന്നത് അപ്പോഴേ മല ചവിട്ടൂ. -സുധ പറഞ്ഞു.'ആരു മനസ്സുരുകി പ്രാർത്ഥിച്ചാലും ദൈവം വിളി കേൾക്കും..ദൈവം സത്യത്തിന്റെ കൂടെ നിൽക്കുകയും ചെയ്യും അതാണെന്റെ വിശ്വാസം' സുധ പറയുന്നു.