- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിരോഷിമയിലെയും നാഗസാക്കിയിലെയും സമാനതകൾ ഇല്ലാത്ത ദുരന്തം കണ്ട് ഓപ്പൻ ഹൈമർ പറഞ്ഞു: 'എന്റെ കൈകളിൽ രക്തമുണ്ട്; ഓരോ ഓഗസ്റ്റ് ആറും ഓർമ്മിപ്പിക്കുന്നതും യുദ്ധങ്ങളുടെ നിരർത്ഥകത തന്നെയല്ലേ? സുധാ മേനോൻ എഴുതുന്നു
എഴുപത്തി ആറു വർഷങ്ങൾക്കു മുൻപ് ഇതേ ദിവസമായിരുന്നു, ഒരു പാട് ദൂരെ, ജപ്പാനിലെ ഹിരോഷിമയിൽ, ഒരു ലക്ഷത്തിൽ അധികം മനുഷ്യർ ഒരൊറ്റ മിന്നൽ പ്രഭയിൽ പിടഞ്ഞുവീണു മരിച്ചപ്പോൾ, അമേരിക്കൻ പ്രസിഡണ്ട് ട്രൂമാന്റെ മുഖത്ത് 'ലോകമഹായുദ്ധം' ജയിച്ച അഭിമാനച്ചിരി വിടർന്നത്.
തോറ്റുകൊണ്ടിരിക്കുന്ന ജനതക്ക് മേൽ അനാവശ്യമായി ബോംബിട്ട് അവരുടെ ജീവിതം ദീർഘകാലം ദുരന്തപൂർണ്ണമാക്കിയിട്ടും അമേരിക്കയും ബ്രിട്ടനും ഒക്കെ ഉദാത്തമായ ജനാധിപത്യപൈതൃകത്തിന്റെ മാതൃകയായി എന്നും വാഴ്ത്തപെട്ടത് ചരിത്രത്തിലെ ക്രൂരമായ തമാശയാണ്. ആ ഓർമ്മപ്പെടുത്തൽ ആണ് ഓരോ ഓഗസ്റ്റ് ആറാം തിയതിയും. ഒപ്പം റോബർട്ട് ഓപ്പൻ ഹൈമർ എന്ന പ്രതിഭാശാലിയായ ശാസ്ത്രജ്ഞന്റെ അവസാനനാളുകളും...
കഴിഞ്ഞ നൂറ്റാണ്ട് കണ്ട ഏറ്റവും പ്രതിഭാശാലിയായ മനുഷ്യരിൽ ഒരാൾ ആയിരുന്നു ആണവായുധത്തിന്റെ പിതാവായ ഓപ്പൻ ഹൈമർ. ഇന്നു അമേരിക്കയെ ലോകരാഷ്ട്രങ്ങളുടെ നെറുകയിൽ എത്തിച്ചതിൽ ഏറ്റവും പ്രധാനി. ലോകസാമ്രാജ്യത്വത്തിന്റെ നായകപദവി സ്വന്തമാക്കാൻ അമേരിക്കയെ സഹായിച്ചത് ഹൈമർ നേതൃത്വം വഹിച്ച മൻഹാട്ടൻ പദ്ധതിയും ആണവായുധവും ആണ്. രണ്ടാം ലോകയുദ്ധകാലത്ത്, അണുബോംബ് നിർമ്മാണത്തിനായി മൻഹാട്ടൻ പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ചത് പ്രതിഭാശാലികളായ 1,25,000 ശാസ്ത്രജ്ഞരും എൻജിനിയർമാരുമായിരുന്നു.
ബ്രിട്ടൻ, ക്യാനഡ തുടങ്ങി നിരവധി രാജ്യങ്ങളിലെ രസതന്ത്രജ്ഞരും ഭൗതികശാസ്ത്രജ്ഞരും എൻജിനിയർമാരും ഇതിൽ ഉൾപ്പെട്ടിരുന്നു. ഹിറ്റ്ലറുടെ ജർമനിയടക്കം യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് അഭയാർഥികളായി വന്നവരും നാസി പീഡനം ഭയന്ന് നാടുവിട്ടവരുമെല്ലാം ഇതിലുണ്ടായിരുന്നു.
യുദ്ധക്കൊതിയോ അണുബോംബിനോടുള്ള പ്രണയമോ ഒന്നുമായിരുന്നില്ല ഇവരെയെല്ലാം ഒന്നിപ്പിച്ചത്. അണുബോംബ് ആദ്യം ഹിറ്റ്ലറുടെ കൈയിലെത്തിയാലുള്ള ഭവിഷ്യത്തോർത്താണ് ശാസ്ത്രജ്ഞർ അന്ന് കാര്യമായ സാമ്രാജ്യത്വ കടന്നുകയറ്റങ്ങൾക്കു മുതിരാതെ വ്യവസായ-വാണിജ്യ വളർച്ചയിൽ മാത്രം ശ്രദ്ധിച്ചിരുന്ന അമേരിക്കയുടെ പിന്നിൽ അണിനിരന്നത്.
എന്നാൽ ഈ ശാസ്ത്രജ്ഞരുടെ വാക്കുകൾ അവഗണിച്ച് യുദ്ധാവസാനം അനാവശ്യമായി ജപ്പാനിൽ അണുബോംബുകളിട്ട് ലോകമേധാവിത്തം സ്ഥാപിക്കുകയായിരുന്നു അമേരിക്ക എന്നത് ചരിത്രം. ആ ചരിത്രത്തിനു നിർഭാഗ്യവശാൽ വളമിട്ടു കൊടുക്കാൻ വിധിക്കപ്പെട്ടത് ലോകം കണ്ട ഏറ്റവും മികച്ച പ്രതിഭാശാലികൾ ആയ ആൽബർട്ട് ഐൻസ്റ്റീനും ഓപ്പൻ ഹൈമറും!
നാസികളുടെ അതിക്രമങ്ങൾമൂലം സ്വന്തം നാടുപേക്ഷിച്ച് അമേരിക്കയിലെത്തിയ ഐൻസ്റ്റീൻ തനിക്കയച്ച വിഖ്യാതമായ കത്തിലെ അഭ്യർത്ഥനയാണ് അണവ പരീക്ഷണത്തിന് കൂടുതൽ പണം അനുവദിക്കാൻ അമേരിക്കൻ പ്രസിഡന്റ് റൂസ്വെൽറ്റിനെ പ്രേരിപ്പിച്ചത്. മൻഹാട്ടൻ പ്രൊജക്ടിന്റെ നായകനായിരുന്ന ഓപ്പൻഹൈമർ ജനിച്ചത് ന്യൂയോർക്കിലാണെങ്കിലും അച്ഛൻ ജർമൻകാരനായിരുന്നു.
ആദ്യത്തെ ആണവപരീക്ഷണം നടത്തിയ ഉടൻ ഭഗവത് ഗീതയിലെ ദിവി സൂര്യ സഹസ്ര്യസ്യ എന്ന ശ്ലോകം ഉദ്ധരിച്ചു കൊണ്ട് ഒരായിരം ഉച്ചസൂര്യന്മാർ ഒന്നിച്ചു ആകാശത്തിൽ ഉദിച്ച പ്രതീതി എന്നാണു അദ്ദേഹം പറഞ്ഞത്. ഒപ്പം 'കാലോസ്മി ലോക ക്ഷയ കൃത് പ്രവൃദ്ധോ' എന്ന വിശ്വരൂപദർശനത്തിലെ 'ലോകത്തെ മുഴുവൻ സംഹരിക്കുന്ന കാലമാണ് ഞാൻ, മരണമാണ് ഞാൻ...എന്ന ഭാഗവും.
പക്ഷെ ഹിരോഷിമയിലെയും നാഗസാക്കിയിലെയും സമാനതകൾ ഇല്ലാത്ത ദുരന്തവും,മനുഷ്യവിരുദ്ധതയും ഹൈമറേയും ഒടുവിൽ തകർത്തു കളഞ്ഞു.
'എന്റെ കൈകളിൽ രക്തമുണ്ട് 'എന്നായിരുന്നു കുറ്റബോധത്തോടെ അദ്ദേഹം ട്രൂമാനോട് പിന്നീട് പറഞ്ഞത്. ഇതേ ഓപ്പൻഹൈമറെ പിന്നീട് കമ്യൂണിസ്റ്റ് അനുഭാവിയെന്ന് മുദ്രയടിച്ച് അമേരിക്കൻ ഭരണകൂടം വേട്ടയാടി. സോവിയറ്റ് യൂണിയൻ ആണവപരീക്ഷണം നടത്തിയത് ഓപ്പൻഹൈമർ ആണവരഹസ്യം ചോർത്തിയതിനാലാണെന്നാരോപിച്ച് അദ്ദേഹത്തെ വിചാരണചെയ്യുകവരെ ഉണ്ടായി.
ശാസ്ത്രാന്വേഷണങ്ങൾക്ക് അതിരുകളില്ലെന്നും ലോകത്തിന്റെ പല കോണുകളിലും സമാനമായ ആണവപരീക്ഷണങ്ങൾ നടക്കുന്നുണ്ടായിരുന്നു എന്ന വാദമൊന്നും അമേരിക്കൻ ഭരണകൂടത്തിന് കാണാനായില്ല. അന്ന് ഓപ്പൻഹൈമർക്കുവേണ്ടി ശക്തമായി വാദിച്ചവരിൽ ഒരാൾ ഐൻസ്റ്റീനായിരുന്നു.
കെയ് ബേർഡും മാർട്ടിൻ ഷേർവിനും ചേർന്ന് എഴുതിയ, പുലിസ്ടർ സമ്മാനം നേടിയ അനുപമമായ പുസ്തകമാണ് 'American Prometheus: The Triumph and Tragedy of J. Oppenheimer. ഹിരൊഷിമയിലെയും നാഗസാക്കിയിലെയും നിരപരാധികളായ സാധുമനുഷ്യരുടെ മരണത്തിൽ ഓപ്പൻ ഹൈമറിന് തോന്നിയ കുറ്റബോധവും ശാസ്ത്രത്തെ സംഹാരശക്തിയും മരണവുമാക്കിയതിന്റെ തീരാവേദനയും ഈ പുസ്തകത്തിൽ ഹൃദയസ്പർശിയായി വിവരിക്കുന്നുണ്ട്.
ഒടുവിൽ തൊണ്ടയിൽ കാൻസർ ബാധിച്ച്, കഠിനവേദനയും, അതിലേറെ മാനസികവ്യഥയും, ഒറ്റപ്പെടലും പേറി നീറിനീറി മരിക്കുമ്പോൾ ഓപ്പൻ ഹൈമർ അങ്ങേയറ്റം നിരാശനായിരുന്നു. വാസ്തവത്തിൽ ഓരോ ഓഗസ്റ്റ് ആറും ഓർമ്മിപ്പിക്കുന്നതും യുദ്ധങ്ങളുടെ നിരർത്ഥകത തന്നെയല്ലേ?