- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കശ്മീരും കേരളവും ബംഗാളും' ആകരുത് ഉത്തർപ്രദേശ് എന്ന പ്രഖ്യാപനം തമാശയോടെ കാണേണ്ട ഒന്നല്ല; കിറുകൃത്യമായ വർഗീയധ്രുവീകരണം തന്നെയാണ് ഈ പ്രസ്താവനയിലൂടെ ലക്ഷ്യമിട്ടത്': സുധാ മേനോൻ എഴുതുന്നു
'പാകിസ്ഥാൻ ആഗ്രഹിക്കുന്നത് അഹമ്മദ് പട്ടേൽ ഗുജറാത്ത് മുഖ്യമന്ത്രി ആകണം എന്നാണ്'.
2017ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ അവസാനറൗണ്ടിലെ റാലികളിൽ ഒന്നിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇങ്ങനെ പ്രസംഗിച്ചത്. അവസാന ദിവസങ്ങളിൽ, മറ്റെല്ലാ അടിസ്ഥാനപ്രശ്‌നങ്ങളെയും അപ്രസക്തമാക്കികൊണ്ട്, നിരവധി വേദികളിൽ മോദി നടത്തിയ വൈകാരികപ്രസംഗങ്ങൾ കൃത്യമായ ഗുജറാത്തി ഹൈന്ദവസ്വത്വ ബിംബങ്ങൾ സമർത്ഥമായി ഉപയോഗിച്ച് കൊണ്ടുള്ളതായിരുന്നു.
'ഞാൻ ആണ് വികസനം, ഞാൻ ആണ് ഗുജറാത്ത്', എന്ന് തുടങ്ങി 'പാക്കിസ്ഥാൻ എന്നെ കോൺഗ്രസിന്റെ സഹായത്തോടെ അട്ടിമറിക്കാൻ ശ്രമിക്കുന്നു'എന്നതിൽ വരെ എത്തിക്കുന്ന തീവ്രദേശിയത തുളുമ്പിനില്ക്കുന്ന തൊണ്ട ഇടറിക്കൊണ്ടുള്ള പ്രസംഗങ്ങളും, 'എന്റെ തോൽവി ഗുജറാത്തിന്റെ തോൽവി' ആയിരിക്കുമെന്ന ഭീഷണിയും കൃത്യമായി ജനങ്ങളിൽ എത്തി. ഇഞ്ചോട് ഇഞ്ച് പോരാട്ടത്തിൽ ആയിരുന്ന കോൺഗ്രസ്സ് അതോടെ പിന്തള്ളപ്പെട്ടു. നേരിയ ഭൂരിപക്ഷത്തിൽ ബിജെപി അധികാരത്തിൽ എത്തി.
ഇന്ന് അതേ നാടകമാണ് യോഗി ആദിത്യനാഥിലൂടെ ആവർത്തിക്കപ്പെട്ടത്. തീവ്രവാദിഭീഷണി എടുത്തു പറഞ്ഞുകൊണ്ടാണ് 'ഭയമില്ലാത്ത' അഞ്ചു വർഷങ്ങൾ കൂടി അദ്ദേഹം വോട്ടർമാർക്ക് വാഗ്ദാനം ചെയ്യുന്നത്. 'കശ്മീരും കേരളവും ബംഗാളും' ആകരുത് ഉത്തർപ്രദേശ് എന്ന പ്രഖ്യാപനം തമാശയോടെ കാണേണ്ട ഒന്നല്ല. കിറുകൃത്യമായ വർഗീയധ്രുവീകരണം തന്നെയാണ് ഈ പ്രസ്താവനയിലൂടെ ലക്ഷ്യമിട്ടത്. പടിഞ്ഞാറൻ യുപിയിലെ കർഷകരോഷത്തിന് എതിരെയുള്ള ആവനാഴിയിലെ അവസാന അസ്ത്രം. മതം, അപരത്വം, ഭയം,തീവ്രവാദം...ഒരേ സ്ട്രാറ്റജി! എന്തായാലും കേരളത്തെ യോഗി ഭയക്കുന്നതുകൊണ്ട് ഒരു സംഖ്യ ഓർമിപ്പിക്കട്ടെ.
എട്ടുലക്ഷത്തി മുപ്പത്തിഎട്ടായിരത്തി മുന്നൂറ്റി പതിമൂന്ന്! എന്താണ് ഈ സംഖ്യ എന്നറിയണ്ടേ? കോവിഡ് കാലത്തു കിഴക്കൻ യുപിയിലെ ഗോരഖ്പുർ മേഖലയിൽ മാത്രം തിരിച്ചെത്തിയ ദരിദ്രരായ അന്തർസംസ്ഥാനതൊഴിലാളികളുടെ എണ്ണമാണിത്. നാലു ജില്ലകൾ ഉൾപ്പെടുന്ന ഗോരഖ്പൂർ ഡിവിഷന്റെയും സംസ്ഥാനത്തിന്റെയും രക്ഷകൻ ആണ് ആദിത്യനാഥ് എന്ന് മറക്കരുത്. കിഴക്കൻ യുപിയിൽ നിന്നും , ബിഹാറിൽ നിന്നും ആണ് ഏറ്റവും കൂടുതൽ സാധു തൊഴിലാളികൾ നഗരങ്ങളിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും ജോലി തേടിപ്പോകുന്നത്. പക്ഷെ അവർക്കു ഏറ്റവും മികച്ച കൂലി കിട്ടുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്!
എന്നിട്ട്, ആ കേരളമാകരുത് എന്നാണ് യോഗി ആദിത്യനാഥ് ആ സാധുക്കളോടു പറയുന്നത്!