കൊച്ചി: പിണറായി വിജയനുമായി ബ്രണ്ണൻ കോളജിലുണ്ടായ സംഘർഷം സംബന്ധിച്ച് മനോരമ ആഴ്ചപ്പതിപ്പിൽ വന്ന ചില കാര്യങ്ങൾ പ്രസിദ്ധീകരിക്കാൻ ഉദ്ദേശിച്ചു പറഞ്ഞതായിരുന്നില്ലെന്നു വിശദീകരിക്കുമ്പോൾ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറയാതെ പറയുന്നത് പിണറായിയെ ചവിട്ടി താഴെയിട്ടു എന്നു തന്നെ. ബ്രണ്ണൻ കോളജിൽ പിണറായി പരീക്ഷയെഴുതാൻ വന്നുവെന്നതു സത്യം. അവിടെ സംഘർഷം ഉണ്ടായെന്നതും സത്യം. പക്ഷേ, അതങ്ങനെ പ്രചരിക്കണമെന്നു ഞാൻ ആഗ്രഹിച്ചില്ല. അത് അഭിമുഖത്തിൽ ചേർത്തതിന്റെ കുറ്റം എന്റേതല്ല''-ഇതാണ് സുധാകരൻ പറയുന്നത്.

. ''ബ്രണ്ണൻ കോളജിൽ വച്ച് അദ്ദേഹത്തെ ചവിട്ടി താഴെയിട്ടോയെന്നു റിപ്പോർട്ടർ ചോദിച്ചപ്പോൾ അതേക്കുറിച്ചു പറയാൻ താൽപര്യമില്ലെന്നാണു ഞാൻ പറഞ്ഞത്. അപ്പോൾ അദ്ദേഹം പറഞ്ഞത്, 'അറിയാൻ വേണ്ടി മാത്രമാണ്, ഒരു കാരണവശാലും പ്രസിദ്ധീകരിക്കില്ല' എന്നാണ്. തുടർന്ന് 'ഓഫ് ദ് റെക്കോർഡ്' എന്ന് അടിവരയിട്ടുപറഞ്ഞാണ് ആ സംഭവങ്ങൾ അദ്ദേഹത്തോടു വിശദീകരിച്ചത്-ഇതാണ് സുധാകരന്റെ ഇന്നലത്തെ വെളിപ്പെടുത്തൽ. അതായത് പിണറായിയുടെ വാദങ്ങളെ എല്ലാം സുധാകരൻ തള്ളുന്നു.

പിണറായി വിജയൻ ബ്രണ്ണൻ കോളേജിൽ വന്നപ്പോൾ സംഘർഷമുണ്ടായി എന്നത് സത്യമാണ്. അഭിമുഖത്തിൽ വന്ന ആ യാഥാർഥ്യവും ശരിയാണ്. പക്ഷേ ഞാൻ രഹസ്യമായി പറഞ്ഞ കാര്യം പരസ്യ പ്രസിദ്ധീകരണം നടത്തിയത് ശരിയല്ല. അത് ഞാൻ ആഗ്രഹിക്കാത്തതാണ്. അതിൽ പിടിച്ച് എനിക്കെതിരെ ഉയർന്ന ആരോപണങ്ങളെ ഞാൻ നിഷേധിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു. കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ തനിക്കെതിരെ ഉന്നയിച്ച ഗുരതരമായ ആരോപണങ്ങളും വിമർശനങ്ങളോടും മറുപടി പറയുകയായിരുന്നു കെ.സുധാകരൻ.

അതിനിടെ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും തമ്മിലുള്ള വാക്‌പോര് മുന്നോട്ട് കൊണ്ടുപോകേണ്ടതില്ലെന്ന് കോൺഗ്രസിൽ പൊതുധാരണ. മുഖ്യമന്ത്രിയുടെ ആരോപണങ്ങൾക്ക് സുധാകരൻ മറുപടി പറഞ്ഞതോടെ വിവാദം അവസാനിച്ചെന്ന നിലപാടിലാണ് നേതാക്കൾ. അതേസമയം, ഇത്തരം കാര്യങ്ങളിൽ കെപിസിസി അധ്യക്ഷൻ കൂടുതൽ ജാഗ്രത കാട്ടണമെന്നും കോൺഗ്രസിൽ അഭിപ്രായമുണ്ട്. മുഖ്യമന്ത്രിക്ക് സുധാകരൻ മറുപടി നൽകിയതോടെ വിവാദം അവസാനിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വ്യക്തമാക്കിയതും ഇതിന്റെ ഭാഗമാണ്.

നാലു പതിറ്റാണ്ടു മുൻപ് നടന്നെന്നും ഇല്ലെന്നും പറയുന്ന വിഷയം ചർച്ച ചെയ്തു നീട്ടിക്കൊണ്ടുപോകുന്നത് പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കുമെന്ന് കോൺഗ്രസിൽ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്. ഈ വിവാദത്തിൽ സുധാകരന്റെ അണികൾ ആവേശത്തിലാണ്. ഇക്കാര്യത്തിൽ ഇനി മുഖ്യമന്ത്രി പ്രതികരിച്ചാൽ മാത്രം സുധാകരൻ മറുപടി നൽകിയാൽ മതിയെന്നാണ് മുതിർന്ന നേതാക്കളുടെ അഭിപ്രായം. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ളവർ ഈ വിഷയത്തിൽ കരുതലോടെ മാത്രമേ പ്രതികരിക്കൂ.

സുധാകരന്റെ മറുപടിയിലൂടെ മുൻതൂക്കം കിട്ടിയെന്നാണ് കോൺഗ്രസിലെ സുധാകര പക്ഷത്തിന്റെ വിലയിരുത്തൽ. 'സ്വന്തം അനുഭവം പങ്കുവെക്കാൻ അദ്ദേഹം എഴുതി വായിക്കേണ്ടതുണ്ടോ? എന്റെ അനുഭവം ഞാൻ നിങ്ങളോട് പറയുന്നത് എഴുതിയിട്ടല്ല. അനുഭവം എഴുതി വായിക്കേണ്ട അവസ്ഥ മറ്റാർക്കുമുണ്ടാകുമെന്ന് തോന്നുന്നില്ല. 'മക്കളെ തട്ടിക്കൊണ്ടുപോകാൻ ഞാൻ പദ്ധതിയിട്ടെന്ന് പറഞ്ഞ ആളുടെ പേര് പറയുന്നില്ല. ബ്രണ്ണൻ കോളേജിൽ പഠിക്കുന്ന എനിക്ക് എന്ത് ഫിനാൻഷ്യറാണ് ഉണ്ടാകുക? വിദ്യാർത്ഥികൾക്ക് എന്ത് ഫിനാൻഷ്യറാണ് ഉണ്ടാകുക? മരിച്ചുവെന്ന് പറഞ്ഞ ആളാണ് പറഞ്ഞതെന്നാണ് പിണറായി പറഞ്ഞത്. അയാളുടെ പേര് എന്തുകൊണ്ട് പറയുന്നില്ല. സ്വന്തം കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ട വിവരം എന്തുകൊണ്ട് പൊലീസിൽ പരാതിപ്പെട്ടില്ല. 'ഭാര്യയോട് പോലും പറഞ്ഞില്ലെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? പിണറായി വിജയൻ ഒരച്ഛന്റെ സ്ഥാനത്തായിരുന്നോ എന്ന് ഞാൻ സംശയക്കുന്നു. ഒരു മുഖ്യമന്ത്രിയുടെ കസേരക്കും അന്തസ്സിനും യോജിച്ചതല്ല-ഈ വാക്കുകൾ പിണറായിയെ പൊളിച്ചടുക്കിയെന്നാണ് അവരുടെ വിലയിരുത്തൽ.

എറണാകുളം ഡിസിസി ഓഫീസിലാണ് സുധാകരൻ ഇന്നലെ മാധ്യമങ്ങളെ കണ്ടത്. തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ സുധാകരൻ പദ്ധതിയിട്ടതായി തനിക്ക് അദ്ദേഹത്തിന്റെ വിശ്വസ്തനിൽ നിന്ന് വിവരം ലഭിച്ചിരുന്നുവെന്നടക്കം മുഖ്യമന്ത്രി ആരോപിച്ചിരുന്നു. ബ്രണ്ണൻ കോളേജിലെ പഠനകാലത്തെ കുറിച്ച് തനിക്കെതിരെ സുധാകരൻ മനോരമ വാരികയിൽ പറഞ്ഞ കാര്യങ്ങൾക്ക് മറുപടി പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രി വിമർശനങ്ങൾ.