തിരുവനന്തപുരം: രാജ്യസുരക്ഷ അടിയറവ് വയ്ക്കുന്നതും ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പു നല്കുന്ന സ്വകാര്യതയെ പിച്ചിച്ചീന്തുന്നതുമായ ഫോൺ ചോർത്തൽ സംഭവം ഞെട്ടിപ്പിക്കുന്നതാണെണെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപി. ഇന്ത്യയുടെ ചരിത്രത്തിൽ കേട്ടുകേഴ്‌വിപോലുമില്ലാത്ത അതീവ ഗുരുതരമായ വിഷയമാണിത്.

സ്വന്തം കാബിനറ്റിലെ രണ്ട് കേന്ദ്രമന്ത്രിമാരുടെയും രാഹുൽ ഗാന്ധി ഉൾപ്പെടെ മൂന്നു പ്രതിപക്ഷ നേതാക്കളുടേയും ഒരു ഭരണഘടന സ്ഥാപനത്തിന്റെയും, സുരക്ഷാ സേനകളുടെ മുൻ തലവന്മാരുടെയും നാല്പത് മുതിർന്ന മാധ്യമ പ്രവർത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും ഫോൺ സംഭാഷണങ്ങൾ ഇസ്രയേലി സോഫ്‌റ്റ്‌വെയർ പെഗസിസ് ഉപയോഗിച്ച് ചോർത്തിയിട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് നേരെ ചോദ്യങ്ങൾ ഉയരുമ്പോൾ സ്വന്തം പേര് വെച്ച് വെള്ളക്കടലാസ്സിൽ ഒരു മറുപടി പോലും പറയാൻ തയ്യാറാവാത്ത ഭീരുത്വത്തിന്റെ പേരാണ് നരേന്ദ്ര മോദി.

പൗരന്മാരുടെ ഫോണുകളിൽ നിന്ന് ഡേറ്റ ചോർത്താൻ പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ പ്രത്യക്ഷമായി ഇടപെടൽ നടത്തുകയാണ്. സർക്കാർ സംവിധാനങ്ങൾക്ക് മാത്രം ബന്ധപ്പെടാവുന്ന 'പെഗസ്സസ്' എന്ന ചാര സോഫ്റ്റ്‌വെയർ രാജ്യത്തെ മുതിർന്ന രാഷ്ട്രീയ പ്രവർത്തകരുടേയും, നീതിന്യായ വ്യവസ്ഥയിലെ ഉന്നത ഉദ്യോഗസ്ഥരുടേയും, സർക്കാരിനെ വിമർശിക്കുന്ന മാധ്യമപവർത്തകരുടേയും ഫോൺ ചോർത്താൻ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ കള്ളൻ കപ്പലിൽ തന്നെയാണ്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞടുപ്പിനു മുമ്പു ഫോണുകൾ ചോർത്തി മോദി സർക്കാർ ജനാധിപത്യത്തെ അട്ടിമറിച്ച് വളഞ്ഞ വഴിയിലൂടെയാണ് അധികാരത്തിലെത്തിയത് എന്നത് അങ്ങേയറ്റം വേദനപ്പിക്കുന്ന യാഥാർത്ഥ്യമാണ്. ഇത് ഇന്ത്യൻ ജനാധിപത്യത്തിനേറ്റ് കനത്ത പ്രഹരമാണ്. അധികാരം പിടിച്ചെടുക്കാനും അതു നിലനിർത്താനും മോദി ഏതറ്റം വരെയും പോകുമെന്നു വ്യക്തം. ഫലസ്തീൻ വിരുദ്ധത മുഖമുദ്രയാക്കിയ സയണിസത്തിന്റ സഹായത്തോടെയാണ് മോദി സർക്കാർ അധികാരത്തിലേറിയതെന്നത് അതീവ ഗുരുതരമായ കണ്ടെത്തലാണ്.

ഇന്ത്യ ഏറെ നാൾ അകറ്റി നിർത്തിയിയിരുന്ന ഇസ്രയേലിന് മോദി സർക്കാർ അധികാരത്തിലേറിയതിനു ശേഷമാണ് ചുവന്ന പരവതാനി വിരിച്ചു കൊടുത്തത്. ഇസ്രയേലിന്റെ സയണിസവും നരേന്ദ്ര മോദിയുടെ ഹിന്ദുവതയും കൈകോർക്കുകയാണു ചെയ്തത്. 2017ൽ ഇസ്രയേൽ സന്ദർശിച്ച ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. തുടർന്ന് 2018ൽ ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു ഇന്ത്യ സന്ദർശിച്ച് സൗഹൃദം ഊട്ടിയുറപ്പിച്ചു.

ഫോൺ ചോർത്തൽ വിവാദത്തെ അതീവ ഗുരുതരമായാണ് കോൺഗ്രസ് ദേശീയ നേതൃത്വം കാണുന്നത്. ഇതിനെതിരേ പാർലമെന്റിനകത്തും പുറത്തും അതിശക്തമായ പോരാട്ടം ഉണ്ടാകുമെന്ന് സുധാകരൻ പറഞ്ഞു.