- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പിണറായിയെ അറിയിച്ചത് വെട്ടിനിരത്തരുതെന്ന അഭ്യർത്ഥന; സജി ചെറിയാനെ ചെന്ന് കണ്ടത് ഒത്തുതീർപ്പിന്; അമ്പലപ്പുഴയിലെ വോട്ട് ചോർച്ചയിൽ പാർട്ടി നടപടി വെറും ശാസനയിൽ ഒതുങ്ങും; സുധാകരനെ വേദനിപ്പിക്കേണ്ടെന്ന നിലപാടിൽ പിണറായി; നിർണ്ണായകം ഐസക്കിന്റെ മനസ്സ്
തിരുവനന്തപുരം: ആലപ്പുഴയിലെ വോട്ട് ചോർച്ചാ പ്രശ്‌നം കൂടുതൽ വിവാദങ്ങളിലേക്ക് എത്തിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് താൽപ്പര്യമില്ലെന്ന് സൂചന. മുൻ മന്ത്രി ജി സുധാകരണെതിരായ ആരോപണങ്ങൾ ഗൗരവമാണെങ്കിലും നടപടി ശാസനയിൽ ഒതുങ്ങും. സുധാകരനെ പാർട്ടിയിൽ തരംതാഴ്‌ത്തില്ല. നല്ലൊരു കമ്മ്യൂണിസ്റ്റുകാരൻ എന്ന പരിഗണന സുധാകരന് നൽകും. തോമസ് ഐസക് ഈ വിഷയത്തിൽ എടുക്കുന്ന നിലപാടും നിർണ്ണായകമാകും.
പാർട്ടി കമ്മിഷന്റെ അന്വേഷണം തുടങ്ങുന്നതിനുമുമ്പ് സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ക്ലിഫ് ഹൗസിലെത്തിയായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിയുടെ നിർദേശമനുസരിച്ച് മന്ത്രി സജി ചെറിയാനെയും അദ്ദേഹം കണ്ടു. അമ്പലപ്പുഴ മണ്ഡലത്തിലെ പ്രചാരണത്തിലെ വീഴ്ചയാണ് കമ്മിഷൻ അന്വേഷിക്കുന്നത്. എംഎൽഎ. എച്ച്. സലാം അടക്കമുള്ള നേതാക്കളുടെ പരാതികളാണ് അന്വേഷണത്തിലേക്ക് എത്തിയത്. സജി ചെറിയാനും പരാതിക്കാർക്കൊപ്പമാണ്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെ സുധാകരൻ കണ്ടത്.
സൂധാകരനെതിരെ ഓഡിയോ തെളിവുകൾ പോലും സലാം പക്ഷത്തിന്റെ കൈയിലുണ്ട്. ആലപ്പുഴയിൽ തോമസ് ഐസക് വിഭാഗവും എഎ ആരിഫും സുധാകരന് എതിരാണ്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെ സുധാകരൻ കണ്ടത്. പ്രചാരണരംഗത്തെ ഇടപെടലും തിരഞ്ഞെടുപ്പും സംബന്ധിച്ച് അദ്ദേഹം മുഖ്യമന്ത്രിയുമായി സംസാരിച്ചു. സജി ചെറിയാനുമായും സുധാകരൻ സംസാരിച്ചു. നിലവിൽ സംസ്ഥാന കമ്മറ്റി അംഗമാണ് സുധാകരൻ. ഈ സ്ഥാനം സുധാകരന് നഷ്ടമാകില്ല.
പല ഘട്ടത്തിലും സുധാകരനെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ആഗ്രഹിച്ചിട്ടുണ്ട്. അന്നെല്ലാം തനിക്ക് ആലപ്പുഴയിൽ പ്രവർത്തിക്കാനാണ് താൽപ്പര്യമെന്ന് പറഞ്ഞ നേതാവായിരുന്നു സുധാകരൻ. സ്ഥാനമാനങ്ങൾക്ക് അപ്പുറം ആലപ്പുഴയിൽ പാർട്ടിയെ ശക്തിപ്പെടുത്തിയത് താനാണെന്ന വാദമാണ് സുധാകരനുള്ളത്. ഇതിൽ വസ്തുത ഉണ്ടെന്ന് പിണറായിയും മനസ്സിലാക്കുന്നു. അതുകൊണ്ട് തന്നെ സംസ്ഥാന നേതൃത്വത്തിൽ സുധാകരൻ തുടർന്നും ഉണ്ടാകും.
സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങൾ പരിശോധിക്കുന്ന ഏക തിരഞ്ഞെടുപ്പ് പരാതിയാണിത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എളമരം കരീം, കെ.ജെ. തോമസ് എന്നിവരുൾപ്പെടുന്നതാണ് കമ്മിഷൻ. ഇന്നലെ ജി.സുധാകരൻ, എച്ച്. സലാം എംഎൽഎ എന്നിവർ കമ്മിഷന് മുന്നിലെത്തി കാര്യങ്ങൾ ബോധിപ്പിച്ചു. മൂന്നു മണിക്കൂർ സമയമെടുത്താണ് സുധാകരൻ തന്റെ ഭാഗം വിശദീകരിച്ചത്. അമ്പലപ്പുഴ മണ്ഡലത്തിൽ തിരഞ്ഞെടുപ്പു രംഗത്തു സജീവമായിരുന്നില്ലെന്ന ആരോപണം സുധാകരൻ രേഖകൾ സഹിതം പ്രതിരോധിച്ചു.
തൊട്ടടുത്ത ആലപ്പുഴ മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥിക്ക് മുൻ തിരഞ്ഞെടുപ്പിനെക്കാൾ പതിനായിരത്തോളം വോട്ട് കുറഞ്ഞപ്പോൾ അമ്പലപ്പുഴയിൽ 1700 വോട്ട് മാത്രമാണു കുറഞ്ഞത്. തനിക്കു സ്വാധീനമുള്ള ആലപ്പുഴ നഗരസഭയിലും പുന്നപ്ര ഉൾപ്പെടെയുള്ള പഞ്ചായത്തുകളിലും വോട്ട് ചോർച്ചയുണ്ടായിട്ടില്ലെന്നും അദ്ദേഹം കമ്മിഷൻ അംഗങ്ങളായ എളമരം കരീമിനെയും കെ.ജെ. തോമസിനെയും ധരിപ്പിച്ചു. ആലപ്പുഴ മണ്ഡലത്തിന്റെ ഭാഗമായ നഗരസഭയിലെ വാർഡുകളിലും സമീപ പഞ്ചായത്തുകളിലും ഉൾപ്പെടെ വലിയ തിരിച്ചടി നേരിട്ടതിനെക്കുറിച്ച് ഇതുവരെ പാർട്ടി അന്വേഷിക്കാത്തതിലെ പ്രതിഷേധം അദ്ദേഹം അറിയിച്ചെന്നും സൂചനയുണ്ട്. സുധാകരനു പിന്നാലെ എച്ച്.സലാം എംഎൽഎയും കമ്മിഷനു മുന്നിലെത്തി.
സംസ്ഥാന കമ്മിറ്റിക്കു നൽകിയ പരാതിയിൽ ഉറച്ചു നിൽക്കുന്നുവെന്നു അദ്ദേഹം കമ്മിഷനെ അറിയിച്ചെന്നാണു സൂചന. സ്ഥാനാർത്ഥിത്വം പ്രഖ്യാപനത്തിനു പിന്നാലെ തനിക്കെതിരെ എസ്ഡിപിഐ ബന്ധമാരോപിച്ചു പതിച്ച പോസ്റ്ററിനു പിന്നിൽ സുധാകരന്റെ ഓഫിസിനു ബന്ധമുണ്ടെന്ന ആരോപണം ആവർത്തിച്ചു.
അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചുമതലയുണ്ടായിരുന്ന കെ.പ്രസാദ് ഉൾപ്പെടെയുള്ള ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളിൽ നിന്നും അമ്പലപ്പുഴയിൽ നിന്നുള്ള ജില്ലാ കമ്മിറ്റി അംഗങ്ങളിൽ നിന്നും കമ്മിഷൻ വിവരങ്ങൾ ശേഖരിച്ചു. കഴിഞ്ഞ മാസം 27 നു ജില്ലാ കമ്മിറ്റി യോഗത്തിൽ സുധാകരനെതിരെ സംസാരിച്ച അംഗങ്ങൾ കമ്മിഷനു മുന്നിലും അത് ആവർത്തിച്ചുവെന്നും അറിയുന്നു.
മറുനാടന് മലയാളി ബ്യൂറോ