- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽബിജെപിയും സിപിഎമ്മും തമ്മിൽ ഡീൽ ഉണ്ടെന്ന് പരസ്യമായി പ്രഖ്യാപിച്ചത് ആർഎസ്എസ് സൈദ്ധാന്തികൻ ബാലശങ്കർ; സുധാകരൻ കെപിസിസി അധ്യക്ഷനായതോടെ അങ്കലാപ്പിലായത് സി പി എമെന്ന് കെ ബാബു
തിരുവനന്തപുരം: കെ പി സി സി അധ്യക്ഷനായി നിയോഗിക്കപ്പെട്ട കെ. സുധാകരനെ സി പി എം എത്രമാത്രം ഭയപ്പെടുന്നുവെന്നതിന്റെ തെളിവാണ് അദ്ദേഹത്തിനെതിരായ സി പി എം സംസ്ഥാന സെക്രട്ടറിയറ്റിന്റെ വ്യക്തിഹത്യാ പ്രസ്താവനയെന്ന് നിയമസഭ കോൺഗ്രസ് കക്ഷി ഉപനേതാവ് കെ. ബാബു എംഎൽഎ. കെ സുധാകരൻ പുതിയ കെ പി സി സി പ്രസിഡന്റ് ആണെന്ന് അറിഞ്ഞതോടെ. സിപിഎം അങ്കലാപ്പിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ഏതെങ്കിലും പാർട്ടിക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന് ആരോപിക്കാൻ സിപിഎമ്മിന് എന്ത് ധാർമികാവകാശമാണ് ഉള്ളത്? നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയും സി പി എമ്മും തമ്മിൽ ഡീൽ ഉണ്ടെന്ന് പരസ്യമായി പ്രഖ്യാപിച്ചത് ആർഎസ്എസ് സൈദ്ധാന്തികൻ ബാലശങ്കർ അല്ലെയെന്നും കെ. ബാബു ചോദിച്ചു.
കേരളത്തിൽ ആർഎസ്എസ് പിന്തുടർന്ന അടവുനയത്തിന്റെ അടിസ്ഥാനത്തിലാണ് പിണറായി വിജയൻ മന്ത്രിസഭ അധികാരമേറ്റതെന്നു തുറന്നു പറഞ്ഞത് ആർഎസ്എസ് മുഖപത്രമായ കേസരിയാണ്. കേരളത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കല്പനകൾ എന്തുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ വള്ളിപുള്ളി വിടാതെ നടപ്പിലാക്കുന്നത്? കേരള നിയമസഭയിൽ ഏതെങ്കിലും സന്ദർഭത്തിൽ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഒരക്ഷരം ഉരിയാടിയിട്ടുണ്ടോ? കേരളത്തിലെ സിപിഎം നേതൃത്വം നരേന്ദ്ര മോദി സർക്കാരിന്റെ ആജ്ഞാനുവൃത്തികളായിട്ടാണ് അണിയറയിൽ പ്രവർത്തിക്കുന്നത്. ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ ഇതുപോലുള്ള പ്രസ്താവനകൾ പടച്ചുവിടും. എന്തിനേറെ പശ്ചിമബംഗാളിൽ ആരാ സിപിഎമ്മിന്റെ മുഖ്യശത്രു. പതിനായിരക്കണക്കിന് സി പി എം അണികൾ ആണ് ബംഗാളിൽ ബിജെപിയിലേക്ക് ഒഴുകിയത്. കേരളത്തിൽ ബിജെപിയിലേക്ക് പോയ ഒരേ ഒരു എം എൽ എ സി പി എം പിന്തുണയിൽ ജയിച്ച അൽഫോൻസ് കണ്ണന്താനം മാത്രമാണ്. അദ്ദേഹത്തെ കേന്ദ്രമന്ത്രിസഭയിൽ നരേന്ദ്ര മോദി ഉൾപ്പെടുത്തിയപ്പോൾ അദ്ദേഹത്തെ ആദരിച്ചു പ്രത്യേക വിരുന്ന് നൽകിയ മുഖ്യമന്ത്രിയുടെ പാർട്ടിയാണ് ഇപ്പോൾ കെ. സുധാകരനെതിരെ വ്യക്തിഹത്യ നടത്തുന്നതെന്നും കെ ബാബു തന്റെ പ്രസ്താവനയിൽ പറഞ്ഞു.
കെ സുധാകരനെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ദേശീയ നേതൃത്വമാണ് പ്രസിഡന്റായി നിയമിച്ചത്. കെ പി സി സിയുടെ നിലപാടിൽ ഹൈക്കമാണ്ട് നിലപാട് വ്യക്തമാക്കണമാത്രേ! സുധാകരൻ കെ പി സി സി പ്രസിഡന്റ് ആകുന്നുവെന്ന വാർത്ത പുറത്തുവന്നതോടെ സിപിഎമ്മിന് സമനില തെറ്റിയോ? അതോ കെ പി സി സി പ്രസിഡന്റിനെ നിയമിക്കും മുൻപ് എ കെ ജി സെന്ററിൽ പോയി സർട്ടിഫിക്കറ്റ് വാങ്ങണമെന്നാണോ? കേരളത്തിൽ മാത്രം കൊടിയും ഓഫീസും ഉള്ള ഒരു പാർട്ടിയുടെ അഹങ്കാരമേ ?
കഴിവുള്ള എല്ലായിടങ്ങളിലും ഭിന്നിപ്പുകളും പിളർപ്പുകളും ഉണ്ടാക്കുകയാണ് സിപിഎം ലക്ഷ്യം. അവർ എത്ര ശ്രമിച്ചിട്ടും കേരളത്തിലെ കോൺഗ്രസിൽ വിള്ളലുണ്ടാക്കാൻ കഴിയുന്നില്ല.തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ അവർ പ്രചരിപ്പിച്ചതെന്താ, കോൺഗ്രസുകാർ മോഹഭംഗം വന്ന് ബിജെപിയിലേക്ക് ഒഴുകാൻ പോകുകയാണെന്നാണ്. അതിൽ നിരശയായപ്പോൾ അടുത്ത ഉന്നം കോൺഗ്രസ് നേതൃത്വ പുനഃസംഘടനയോടെ കോൺഗ്രസ് തമ്മിലടിച്ചു തകരുമെന്നാണ്. അതും ഫലിക്കുന്നില്ലെന്ന് കണ്ടപ്പോഴാണ് ഏറ്റവും ഒടുവിലത്തെ ആയുധമായി പുതിയ കെ പി സി സി അധ്യക്ഷനെതിരെ ഒളിയുദ്ധം ആരംഭിച്ചിരിക്കുന്നതെന്നും കെ ബാബു ആരോപിക്കുന്നു.
സിപിഎമ്മിന് ഏക അജണ്ടയാണ് എങ്ങിനെയും കോൺഗ്രസ് ക്ഷയിച്ചു കാണണം എന്നതും പകരം ബിജെപി വളരണം എന്നതും. ഭരണം കയ്യിലിരുന്നിട്ടും അത് ഉപയോഗിച്ചിട്ടുള്ള സകല സ്വാധീനവും ദുർവിനിയോഗം ചെയ്തിട്ടും കോൺഗ്രസിന്റെ ഒരു രോമത്തിൽ തൊടാൻ സിപിഎമ്മിന് കഴിഞ്ഞിട്ടില്ല.സിപിഎമ്മിന്റെ പ്രലോഭനങ്ങളിൽ കോൺഗ്രസ്സുകാർ വീണില്ല. കേരളത്തിലെ കോൺഗ്രസുകാർ കോൺഗ്രസിലെ ഐക്യം കൃഷ്ണമണിപോലെ കാത്തുരക്ഷിക്കുന്നവരാണെന്നത് ഇനിയും സിപിഎമ്മുകാർക്ക് മനസിലാകുന്നില്ലെന്നും കെ. ബാബു കൂട്ടിച്ചേർത്തു.