ആലപ്പുഴ: മന്ത്രിമാരായ തോമസ് ഐസക്കും ജി.സുധാകരനും തമ്മിലുള്ള അഭിപ്രായഭിന്നത പരസ്യമായതിൽ സി.പി.എം സംസ്ഥാന നേതൃത്വത്തിന് അതൃപ്തി. 'കയർ കേരള' രാജ്യാന്തരമേളയുടെ പോസ്റ്ററിൽ നിന്ന് മന്ത്രി സുധാകരനെ ഒഴിവാക്കിയതിനെച്ചൊല്ലിയുള്ള തർക്കമാണ് ഇപ്പോൾ അങ്ങാടിപ്പാട്ടായിരിക്കുന്നത്. ഇതേക്കുറിച്ച് പ്രാഥമിക വിവരങ്ങൾ അന്വേഷിച്ച പാർട്ടി 28നും 29നും സംസ്ഥാന സമിതി യോഗത്തിൽ ഇക്കാര്യങ്ങൾ ചർച്ചചെയ്‌തേക്കുമെന്നാണ് വിവരം.

പൊതുമരാമത്തുവകുപ്പിന്റെ ആലപ്പുഴയിലെ റസ്റ്റ് ഹൗസിൽ മന്ത്രി തോമസ് ഐസക്കിന്റെ സ്ഥിരം മുറി ഒഴിപ്പിച്ചതും കയർ കേരള നടത്തിപ്പിൽനിന്നു മന്ത്രി ജി.സുധാകരനെ ഒഴിവാക്കിയതുമാണു ജില്ലയിലെ സിപിഎമ്മിൽ വീണ്ടും വിവാദങ്ങൾക്ക് ഇടയാക്കിയത്.

മുൻ കയർ മന്ത്രിയും ജില്ലയുടെ ചുമതലക്കാരനുമായ തന്നെ ഒഴിവാക്കിയാണു കയർ കേരളയുടെ പ്രചാരണ ബോർഡുകൾ സ്ഥാപിച്ചതെന്നു ജി.സുധാകരൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ജില്ലയിലെ ചില സി.പി.എം നേതാക്കൾക്കെതിരെയായിരുന്നു ആരോപണം.

മന്ത്രിയുടെ പരാതിയെത്തുടർന്ന് അദ്ദേഹത്തിന്റെകൂടി ചിത്രം ഉൾപ്പെടുത്തിയ പുതിയ ബോർഡുകൾ കയർ കേരള സംഘാടകസമിതി നഗരത്തിൽ സ്ഥാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, തോമസ് ഐസക്, ജി.സുധാകരൻ എന്നിവരുടെ ചിത്രങ്ങളാണു പുതിയ ബോർഡുകളിൽ. പുതിയ പോസ്റ്ററുകളും അച്ചടിക്കുമെന്നാണു ജില്ലിയിലെ നേതാക്കൾ പറയുന്നത്.

കയർ വകുപ്പു നടത്തുന്ന കയർ കേരള പ്രദർശനത്തിന്റെ പ്രചാരണത്തിന്റെ തുടക്കംമുതൽ മന്ത്രി ജി.സുധാകരൻ പുറത്തായിരുന്നു. കേന്ദ്രീകൃത ഓഫിസിൽനിന്നാണു പ്രചാരണവസ്തുക്കളുടെ മാതൃക തയാറാക്കി വിവിധ സ്ഥാപനങ്ങൾക്കു നൽകിയത്. ലഭിച്ച മാതൃകകൾ ഉപയോഗിച്ചു പ്രചാരണവസ്തുക്കൾ സ്ഥാപിക്കുകയാണു ചെയ്തതെന്നു ജില്ലാ സി.പി.എം നേതാക്കൾ പാർട്ടിയെ അറിയിച്ചിട്ടുണ്ട്. മന്ത്രി സുധാകരന്റെ ഇടപെടലിനെ തുടർന്ന് കയർ സ്ഥാപനത്തിൽനിന്ന് ഒഴിവാക്കപ്പെട്ട ഉദ്യോഗസ്ഥനാണു പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്.