- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെപിസിസി പ്രസിഡന്റിന്റെ താൽകാലിക ചുമതല സുധാകരന് നൽകും; പ്രചരണത്തിന്റെ നേതൃത്വം രാഹുലും ആന്റണിയും ഏറ്റെടുക്കും; തന്ത്രങ്ങൾ ഒരുക്കാൻ ഉമ്മൻ ചാണ്ടിയും; കൽപ്പറ്റയിൽ മത്സരിക്കുന്ന മുല്ലപ്പള്ളി കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയും; ഒറ്റക്കെട്ടായി എല്ലാവരേയും കൊണ്ടു പോകാൻ ചെന്നിത്തലയ്ക്കും നിർദ്ദേശം; കോൺഗ്രസ് അടിമുടി മാറും
കൊച്ചി: 2101ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കെപിസിസി അധ്യക്ഷനായിരിക്കെ രമേശ് ചെന്നിത്തല മത്സരിച്ചു. അന്ന് ഹരിപ്പാട് മത്സരിക്കുമ്പോഴും കെപിസിസി അധ്യക്ഷനായി ചെന്നിത്തല തുടർന്നു. എന്നാൽ ഇത്തവണ കെപിസിസി അധ്യക്ഷനായ മുല്ലപ്പള്ളി മത്സരിച്ചാൽ ഇന്ദിരാ ഭവന്റെ ചുമതലയിൽ പുതിയ ആളെത്തും. കെപിസിസിയുടെ താൽകാലിക ചുമതല കെ സുധാകരനെ ഏൽപ്പിക്കാനാണ് കോൺഗ്രസ് ഹൈക്കമാണ്ടിന്റെ തീരുമാനം. കേരളത്തിലെ തിരഞ്ഞെടുപ്പ് മേൽനോട്ട ചുമതല ഹൈക്കമാൻഡ് ഉമ്മൻ ചാണ്ടിക്ക് നൽകും. ഇതിന്റെ ഭാഗമായി ഉമ്മൻ ചാണ്ടി അധ്യക്ഷനായ പത്തംഗ സമിതിയും രൂപവത്കരിച്ചു. സുധാകരന്റെയും ഉമ്മൻ ചാണ്ടിയുടേയും നിയമനം ഹൈക്കമാണ്ട് ഒരുമിച്ച് പ്രഖ്യാപിക്കും.
്പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, താരിഖ് അൻവർ, ശശി തരൂർ, വി എം. സുധീരൻ. കെ. മുരളീധരൻ, കെ. സുധാകരൻ തുടങ്ങിയവരാണ് പുതിയ സമിതിയിലുള്ളത്. നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെയും യു.ഡി.എഫിനെയും ഉമ്മൻ ചാണ്ടി നയിക്കണമെന്ന് പാർട്ടിക്കുള്ളിലും മുന്നണിയിലും ആവശ്യമുയർന്നിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി സജീവമല്ലാതിരുന്നത് തിരിച്ചടിയായെന്നും വിലയിരുത്തലുണ്ടായി. ഇതിനെത്തുടർന്നാണ് ഉമ്മൻ ചാണ്ടിയെ 'നായകനായി' തിരഞ്ഞെടുത്തത്. തിരഞ്ഞെടുപ്പ് സമിതിയുടെ അധ്യക്ഷ പദവിക്കൊപ്പം, തിരഞ്ഞെടുപ്പിൽ തന്ത്രങ്ങൾ രൂപവത്കരിക്കാനുള്ള ചുമതലയും ഉമ്മൻ ചാണ്ടിക്കാണ്.
എന്നാൽ ആരാകും മുഖ്യമന്ത്രിയെന്ന കാര്യത്തിൽ തീരുമാനം ഉണ്ടായിട്ടില്ല. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളിയും മത്സരത്തിനുണ്ടാകും. ഇതിനൊപ്പം വി എം സുധീരനേയും മത്സരിപ്പിക്കാനാണ് നീക്കം. അങ്ങനെ വന്നാൽ അധികാരം പിടിച്ചാൽ ഇവരിൽ ഒരാളാകും മുഖ്യമന്ത്രി. ഉമ്മൻ ചാണ്ടി കനിയുകയും മത്സരത്തിന് വരാതിരിക്കുകയും ചെയ്താൽ ചെന്നിത്തലയ്ക്കാകും കൂടുതൽ സാധ്യത. അല്ലാത്ത പക്ഷം താൽപ്പര്യമുള്ള ആളിനെ ഹൈക്കമാണ്ട് കണ്ടെത്തും. ഏതായാലും ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയിൽ കുറഞ്ഞൊന്നും ആകില്ല. ഇതു മനസ്സിലാക്കി ആഭ്യന്തര മന്ത്രിപദം ലക്ഷ്യമിട്ടാണ് മുല്ലപ്പള്ളി മത്സരത്തിനിറങ്ങുന്നത്.
പ്രചരണത്തിന്റെ നേതൃത്വം രാഹുൽ ഗാന്ധി ഏറ്റെടുക്കും. കേരളത്തിൽ ഉടനീളം പ്രചരണം നടത്തും. ആന്റണിയും സജീവമാകും. കുടുംബ യോഗങ്ങളുമായി കേരളത്തിൽ നിറയാനാണ് തീരുമാനം. എല്ലാവരേയും ഒരുമിപ്പിച്ച് കൊണ്ടു പോകേണ്ട ഉത്തരവാദിത്തമാണ് ചെന്നിത്തലയ്ക്ക്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ അടക്കം ഗ്രൂപ്പു കളി നടക്കില്ല. എല്ലാം ആന്റണി നേരിട്ട് വിലയിരുത്തുകയും ഇടപെടൽ നടത്തുകയും ചെയ്യും. അങ്ങനെ രാഹുലും ആന്റണിയും നിരീക്ഷകരായി കേരളത്തിൽ നിറയും. തിരുവനന്തപുരം കേന്ദ്രീകരിച്ചാകും ആന്റണി കാര്യങ്ങൾ ഏകോപിപ്പിക്കുക. കെപിസിസിയെ സംഘടനാ പരമായി ശക്തിപ്പെടുത്തേണ്ടത് സുധാകരന്റെ ഉത്തരവാദിത്തമാകും.
ഘടകക്ഷികളുടെ ഏകോപനവും ജനകീയ ഇടപെടലുകളുമാണ് ഉമ്മൻ ചാണ്ടിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. അച്ചടക്കം ആരേയും ലംഘിക്കാൻ അനുവദിക്കില്ല. കെ വി തോമസിനും പിജെ കുര്യനും മേൽ എപ്പോഴും നേതാക്കളുടെ കണ്ണുണ്ടാകും. ന്യൂനപക്ഷ വോട്ടുകൾ അതിനിർണ്ണായകമാണ്. അതുകൊണ്ട് തന്നെ മധ്യകേരളത്തിൽ ആന്റണി സജീവമായി തന്നെ ഇടപെടൽ നടത്തും. എല്ലാവർക്കും നീതിയൊരുക്കുമെന്ന് ഉറപ്പു കൊടുക്കുകയും ചെയ്യും. വിവാദ വിഷങ്ങൾ ഒന്നും കോൺഗ്രസ് ചർച്ചയാക്കുകയുമില്ല. തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് സമിതി ചെയർമാനായും തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്‌കരിക്കാനുള്ള സമിതി അധ്യക്ഷനായും ഉമ്മൻ ചാണ്ടി എത്തും. കെ. മുരളീധരൻ, വി. എം സുധീരൻ എന്നിവരെയും പത്തംഗ സമിതിയിൽ ഉൾപ്പെടുത്തി പ്രധാന നേതാക്കളെയെല്ലാം കളത്തിലിറക്കുകയാണ് ഹൈക്കമാൻഡ്. തിരഞ്ഞെടുപ്പിൽ കൂടുതലും പുതുമുഖങ്ങൾ ആയിരിക്കുമെന്ന നിർണായക പ്രഖ്യാപനം കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്റണി നടത്തി.
രമേശ് ചെന്നിത്തല നല്ല പ്രതിപക്ഷ നേതാവാണെന്ന് വ്യക്തമാക്കി നേതൃത്തിൽ തർക്കങ്ങളില്ല എന്ന് ഉമ്മൻ ചാണ്ടി അടിവരയിടുന്നു. തിരഞ്ഞെടുപ്പിൽ ഭൂരിഭാഗവും പുതുമുഖങ്ങൾ ആയിരിക്കുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എകെ ആന്റണി പറഞ്ഞു. ഇതിൽ കൂടുതൽ യുവാക്കൾക്കും വനിതകൾക്കുമായിരിക്കും പ്രാധാന്യം. നേതാക്കൾ രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയർത്തിക്കാട്ടേണ്ടതില്ലെന്നാണ് നേതാക്കൾക്ക് ഹൈക്കമാൻഡ് നൽകിയ നിർദ്ദേശം. അതേസമയം പ്രവർത്തന മികവില്ലെന്ന് കണ്ടെത്തിയ ഡിസിസികളിൽ അഴിച്ചു പണി ഉണ്ടാകും.
തദ്ദേശ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി സജീവമല്ലാതിരുന്നത് പാർട്ടിയുടെ സാദ്ധ്യതകളെ ബാധിച്ചതായാണ് വിലയിരുത്തൽ. ഉമ്മൻ ചാണ്ടിയുടെ സജീവ പ്രവർത്തനം അനിവാര്യ ഘടമാണെന്ന് ഹൈക്കമാൻഡ് വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ചുമതല. മുസ്ലിം ലീഗ് അടക്കമുള്ള ഘടകക്ഷികൾ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഉമ്മൻ ചാണ്ടി സജീവമായി ഇടപെണമെന്ന് ആവശ്യപ്പെട്ടിരുന്നു.കേരളത്തിൽ ഇക്കുറി ഭരണത്തിലേറേണ്ടത് കോൺഗ്രസിന് അനിവാര്യമായതിനാൽ ഗ്രൂപ്പുപോരില്ലാതെ ഒരുമിച്ചു പ്രവർത്തിക്കാൻ ഹൈക്കമാൻഡ് നേതാക്കളോട് ആവശ്യപ്പെടുമെന്ന് ഉന്നതവൃത്തങ്ങൾ പറഞ്ഞു.
ജനബന്ധവും ജയസാദ്ധ്യതയുമുള്ള സ്ഥാനാർത്ഥികളെ പരിഗണിക്കാനും സ്ത്രീകൾക്കും യുവാക്കൾക്കും അർഹമായ പ്രാധാന്യം നൽകാനും നിർദ്ദേശമുണ്ടാവും. സാമുദായിക സന്തുലനം ഉറപ്പാക്കാനും താത്കാലികമായുള്ള വിഷമത്തിൽ അകന്നു നിൽക്കുന്ന, പരമ്പരാഗതമായി കോൺഗ്രസിനൊപ്പം നിൽക്കുന്ന സാമുദായിക സംഘടനകളുടെ പിന്തുണ ഉറപ്പാക്കാൻ നേതാക്കൾ ശ്രദ്ധിക്കണമെന്നും ഹൈക്കമാൻഡ് ആവശ്യപ്പെടും.
മറുനാടന് മലയാളി ബ്യൂറോ