- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സത്യത്തിനും നീതിക്കും വേണ്ടിയുള്ള കോൺഗ്രസിന്റെ പോരാട്ടം ജലപീരങ്കിയിലും ഗ്രനേഡിലും ലാത്തിചാർജിലും ഒലിച്ച് പോകുകയില്ല; അടിച്ചമർത്തിയാൽ തളരുന്നതല്ല കോൺഗ്രസ് വീര്യമെന്ന് കെ സുധാകരൻ എംപി; സിഐ സുധീറിനെ പുറത്താക്കണമെന്ന് കെപിസിസി അധ്യക്ഷൻ
തിരുവനന്തപുരം: ഗാർഹിക പീഡനത്തെ തുടർന്ന് ആലുവയിലെ നിയമവിദ്യാർത്ഥിനിയെ ആത്മഹത്യയിലേക്കു നയിച്ച സിഐ സുധീറിനെ സർവീസിൽ നിന്ന് പുറത്താക്കണം എന്നാവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തെ അടിച്ചമർത്താൻ നോക്കിയാൽ തളരുന്നതല്ല കോൺഗ്രസ് വീര്യമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. ഈ ധർമസമരത്തിൽ ആത്യന്തിക വിജയം കോൺഗ്രസ് നേടുക തന്നെ ചെയ്യും.
സത്യത്തിനും നീതിക്കും വേണ്ടിയുള്ള കോൺഗ്രസിന്റെ പോരാട്ടം ജലപീരങ്കിയിലും ഗ്രനേഡിലും ലാത്തിചാർജിലും ഒലിച്ച് പോകുകയില്ലെന്നു സുധാകരൻ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് സിഐയ്ക്ക് ഗുരുതരവീഴ്ചയുണ്ടായെന്ന് ഡിവൈഎസ്പിയുടെ റിപ്പോർട്ട് വന്നപ്പോൾ ഇയാളെ പൊലീസ് ആസ്ഥാനത്ത് നിയമനം നല്കി പിണറായി സർക്കാർ ആദരിക്കുകയാണു ചെയ്തത്. ആരോരണവിധേയരെ കുടിയിരുത്താനുള്ള സ്ഥലമാണ് പൊലീസ് ആസ്ഥാനം? പാമ്പിനെ കടിപ്പിച്ച് കൊന്ന ഉത്രയുടെയും മോഫിയുടെയും മരണത്തിന് ഈ ഉദ്യോഗസ്ഥൻ ഉത്തരവാദിയാണ്. നിരവധി പേർ ഇയാൾക്കെതിരേ പരാതിയുമായി രംഗത്തുവന്നു. ക്രമസമാധാനപാലന ചുമതലയിൽ നിന്ന് ഇയാളെ മാറ്റി നിർത്തണമെന്ന ശിപാർശപോലും ആഭ്യന്തര വകുപ്പ് കാറ്റിൽപ്പറത്തി.പൊലീസ് സേനയിലെ ഇത്തരം പുഴുക്കുത്തുകളെ രാഷ്ട്രീയ പരിഗണനവച്ച് മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. ഇവരെ സംരക്ഷിക്കുക വഴി മുഖ്യമന്ത്രി നൽകുന്ന സന്ദേശം സിപിഎം സത്രീപക്ഷത്തല്ലെന്നു തന്നെയാണെന്നും സുധാകരൻ പറഞ്ഞു.
സ്ത്രീ സുരക്ഷക്കായി വാതോരാതെ പ്രസംഗിക്കുകയും മതിലുകൾ നിർമ്മിക്കുകയും ചെയ്ത പിണറായി ഭരണത്തിൽ സ്ത്രീകൾക്കെതിരായ അതിക്രങ്ങൾ പെരുകുകയാണ്. ഇരകൾക്കൊപ്പമല്ല വേട്ടക്കാർക്കൊപ്പമാണ് സർക്കാരും ഭരണസംവിധാനവുമെന്ന് ഓരോ സംഭവും തെളിയിക്കുന്നു. ഈ വർഷം മാത്രം 11,124 കേസുകളാണ് സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ പേരിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. ഇതിൽ 3252 കേസുകളും ഗാർഹിക പീഡനത്തെ തുടർന്നാണ്. ഈ വർഷം 8 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പിണറായി സർക്കാരിന്റെ കീഴിൽ സ്ത്രീകൾ ഒട്ടും സുരക്ഷിതരല്ല എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്നും സുധാകരൻ പറഞ്ഞു.