- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുധീഷിനെ തീർക്കാൻ തയ്യാറാക്കിയത് പെർഫെക്ട് പ്ലാൻ; മദ്യം നൽകി അവശനാക്കിയ ശേഷം 11 അംഗ അക്രമി സംഘത്തെ വിളിച്ചു വരുത്തി; ഇരുകാലുകളും കൈയും വെട്ടിമാറ്റിയത് സുധീഷ് പ്രതികരിക്കില്ലെന്ന് ഉറപ്പിച്ച ശേഷം; കേസിലെ മുഖ്യപ്രതിയായ ഒട്ടകം രാജേഷിനെ ഇനിയും പിടികൂടാൻ ആയില്ല
തിരുവനന്തപുരം: പോത്തൻകോട് കല്ലൂരിൽ ചെമ്പകമംഗലം കോളനിയിൽ സുധീഷിനെ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ. സുധീഷിനെ രക്ഷപെടാൻ വഴിയൊരുക്കാത്ത വിധത്തിലായിരുന്നു അക്രമി സംഘം എല്ലാം തയ്യാറാക്കിയത്. മദ്യം നൽകി സുധീഷിനെ അവശനിലയിൽ ആക്കിയ ശേഷം ഗുണ്ടാ സംഘത്തെ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ ചോദ്യംചെയ്തതിൽ നിന്നാണ് ഈ നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. പൊലീസിനെ ഒളിച്ച് കോളനിയിൽ ഒളിവിൽ കഴിയുകയായിരുന്ന സുധീഷിനെ കുറിച്ച് അക്രമി സംഘത്തിന് വിവരം നൽകിയത് ആരാണെന്ന് പൊലീസ് അന്വേഷിക്കുകയാണ്.
മദ്യം നൽകി സുധീഷിനെ അവശനിലയിലാക്കിയ ശേഷമാണ് 11 അംഗസംഘത്തെ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയത്. ഒളിവിൽ കഴിഞ്ഞിരുന്ന സുധീഷിനെ കോളനിയിലെ ഒരു വീട്ടിലേക്ക് ഓടിച്ച് കയറ്റിയ ശേഷം കൈയും ഇരുകാലുകളും വെട്ടിമാറ്റുകയായിരുന്നു. ശരീരത്തിൽ മറ്റ് മുറിവുകളൊന്നും ഉണ്ടായിരുന്നില്ല. സുധീഷ് തിരിച്ച് പ്രതികരിച്ചതിന്റെ ലക്ഷണങ്ങളും ഇല്ല. സുധീഷ് കോളനിയിലുണ്ടെന്ന വിവരം ലഭിച്ചത് ഭാര്യാ സഹോദരനായ ശ്യാമിനാണ്. ലഹരി ഇടപാട് സംബന്ധിച്ച് സുധീഷും അളിയൻ ശ്യാമും തമ്മിൽ തർക്കമുണ്ടായിരുന്നു. ശ്യാമിനെ സുധീഷ് ഏതാനം ദിവസം മുൻപ് മർദ്ദിക്കുകയും ചെയ്തിരുന്നു. ഈ തർക്കത്തിലെ പ്രതികാരമെന്ന നിലയിൽ കൂടിയാണ് കൊലപാതകം നടത്തിയത്.
മർദ്ദിച്ചതിലുള്ള പ്രതികാരമാണ് സഹോദരി ഭർത്താവിനെ കൊന്ന കൊലയാളി സംഘത്തിൽ ഉൾപ്പെടാൻ ശ്യാമിനെ പ്രേരിപ്പിച്ചത്. ഇന്നലെ അറസ്റ്റിലായവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിൽ നിന്നാണ് സുധീഷിനെ കെണിയിൽ കുടുക്കിയതാണെന്ന് പൊലീസ് മനസ്സിലാക്കിയത്. വിവിധ കേസുകളിൽ സുധീഷിനോട് പ്രതികാരം സൂക്ഷിച്ചിരുന്നവരാണ് അക്രമിസംഘത്തിലെ 11 പേർ. ഇവരെ ഏകോപിപ്പച്ചതും ഗൂഢാലോചന നടത്തിയതും എപ്രകാരമാണെന്ന് അറിയാൻ ശ്യാം, ഉണ്ണി, ഒട്ടകം രാജേഷ് എന്നിവരെ കൂടി അറസ്റ്റ് ചെയ്യേണ്ടതുണ്ട്.
11 പ്രതികളുള്ളതിൽ എട്ട് പേർ ഇതുവരെ അറസ്റ്റിലായി. മൂന്ന് പേർ കൂടി ഉടനെ പിടിയിലാകുമെന്നാണ് പൊലീസ് പറയുന്നത്. ഇവർക്ക് പുറമേ പ്രതികളെ സഹായിച്ചവരേയും ഗൂഢാലോചനയിൽ പങ്കെടുത്തവരും അറസ്റ്റ് ചെയ്യും. പ്രതികളുടെ മൊബൈൽ ഫോൺ കോളുകൾ ഉൾപ്പെടെ പൊലീസ് പരിശോധിക്കും. അതോടൊപ്പം തന്നെ കൊലപാതകത്തിന് പിന്നിൽ ലഹരി ഇടപാട് സംബന്ധിച്ച സംഘത്തിന്റെ ഇടപെടലും പൊലീസ് അന്വേഷിക്കുന്നുണ്ട്.
സുധീഷ് വധക്കേസിൽ ലഹരിമാഫിയയ്ക്കുള്ള ബന്ധവും ഗൂഢാലോചനയും അന്വേഷിക്കുമെന്ന് ദക്ഷിണമേഖലാ ഡി.ഐ.ജി. സഞ്ജയ്കുമാർ ഗുരുദിൻ പറഞ്ഞു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തിട്ടുള്ളവർ 11 പേരാണ്. ഇനി പിടികൂടാനുള്ള മൂന്നുപേർക്ക് വേണ്ടിയുള്ള ഊർജിതമായ അന്വേഷണത്തിലാണ് പൊലീസ്. എത്രയുംവേഗം അവരെക്കൂടി അറസ്റ്റു ചെയ്യും. അതിനുശേഷം കേസിന്റെ മറ്റു വശങ്ങൾ വിശദമായി പരിശോധിച്ച് ചർച്ചചെയ്തശേഷം ആവശ്യമായ എല്ലാകാര്യങ്ങളിലും അന്വേഷണം നടത്തും.
കൊലപാതകത്തിൽ ലഹരിമാഫിയയ്ക്കുള്ള ബന്ധം വളരെ ഗൗരവമായിത്തന്നെ പൊലീസ് കണ്ടിട്ടുണ്ട്. ലഹരിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കേസിൽ എങ്ങനെയെല്ലാം ബന്ധപ്പെട്ടിട്ടുണ്ടെന്ന് വിശദമായി പരിശോധിച്ചശേഷം തുടർനടപടിയുണ്ടാകും. ഗൂഢാലോചനയിൽ പങ്കെടുത്തവർ, പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവർ, ഒളിവിൽക്കഴിയാൻ സഹായിച്ചവർ തുടങ്ങിയവരെയെല്ലാം കണ്ടെത്തി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ