- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനുഷ്യനെ മൃഗ തുല്യമായി കൊല്ലുന്നത് ലഹരിയാക്കിയ ഗുണ്ടാ നേതാവ്; പതിനെട്ട് തികയും മുമ്പേ മണൽ മാഫിയയുടെ ഗുണ്ടയായി; കഞ്ചാവിനും മയക്കുമരുന്നിനും അടിമയായ ചോര കണ്ടാൽ അറയ്ക്കാത്ത ക്രിമിനൽ; പൊലീസിനെ വഴി തെറ്റിച്ചത് തെറ്റായ സന്ദേശം; ഒടുവിൽ ഒട്ടകം രാജേഷ് അറസ്റ്റിൽ; സുധീഷ് കൊലയിലെ പ്രധാനിയും അകത്ത്
തിരുവനന്തപുരം: പോത്തൻകോട് സുധീഷ് കൊലക്കേസിലെ മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയിൽ. തിങ്കളാഴ്ച പുലർച്ചെ കോയമ്പത്തൂരിൽ നിന്നാണ് പിടികൂടിയത്. കൊല നടന്ന് ഒമ്പത് ദിവസങ്ങൾക്ക് ശേഷമാണ് രാജേഷിനെ പിടികൂടാൻ പൊലീസിന് കഴിഞ്ഞത്. പൊലീസ് സംഘം ഇയാളെ ഉടൻ കേരളത്തിലേക്ക് എത്തിക്കും.
ഒട്ടകം രാജേഷിനെ പലസ്ഥലത്തും കണ്ടെന്ന് അവകാശപ്പെട്ട് പൊലീസിന് നേരത്തെ ലഭിച്ച സന്ദേശങ്ങളെല്ലാം തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അത്തരത്തിലുള്ള തെറ്റായ സന്ദേശം ലഭിച്ചതിനെത്തുടർന്ന് തിരച്ചിൽ നടത്താൻ പോയ പൊലീസ് സംഘമാണ് ശനിയാഴ്ച അഞ്ചുതെങ്ങ് കായലിൽ അപകടത്തിൽപ്പെട്ടത്. വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ പൊലീസ് സേനാംഗം ബാലുവിന് ജീവൻ നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യഥാർത്ഥ താവളം കണ്ടെത്തിയത്.
അഞ്ചുതെങ്ങ് കായലിലെ പൊന്നുംതുരുത്തിൽ ഒട്ടകം രാജേഷുണ്ടെന്നായിരുന്നു പൊലീസിന് ലഭിച്ചിരുന്ന വിവരം. ഇതേത്തുടർന്നാണ് പൊലീസ് സംഘം തിരച്ചിലിന് പോകുകയും അപകടത്തിൽപ്പെടുകയും ചെയ്തത്. മംഗലപുരം ചെമ്പകമംഗലം ലക്ഷംവീട് കോളനിയിൽ സുധീഷിനെയാണ് ഒട്ടകം രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിക്കൊലപ്പെടുത്തിയത്. അക്രമിസംഘം വീട്ടിൽ മക്കളുടെ മുന്നിൽവച്ച് സുധീഷിന്റെ കാൽ വെട്ടിയെടുത്തു. കാൽ വെട്ടിയെടുത്തശേഷം ബൈക്കിൽ കൊണ്ടുപോയി അര കിലോമീറ്റർ അകലെ റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. നാല് വർഷം മുമ്പ് എതിർഗുണ്ടാ സംഘത്തെ ആക്രമിക്കാനുള്ള പദ്ധതിക്കിടെ രാജേഷ് പിടിയിലായിരുന്നു. ചിറയിൻകീഴിൽ നിന്ന് ഷാഡോ പൊലീസിന്റെ പിടിയിലായ ഒട്ടകം രാജേഷിന്റെ കയ്യിൽ നിന്ന് നാടൻ ബോംബുകളും വടിവാളുകളും അന്ന് പൊലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
സുധീഷിന്റെ കൈകാലുകൾ വെട്ടിമാറ്റിയ ശേഷം ഒരു കാലെടുത്ത് ഒട്ടകം രാജേഷ് തോളിൽ വെച്ച് ബൈക്കിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു. ഇരു കൈകളും ആകാശത്തേക്ക് ഉയർത്തി ഉത്സവാഘോഷത്തോടെയാണ് രാജേഷ് ബൈക്കിലിരുന്നത്. ഒരു കിലോമീറ്റർ കഴിഞ്ഞപ്പോൾ കാല് റോഡിൽ ഉപേക്ഷിച്ചു. വീട്ടിലുണ്ടായിരുന്ന മക്കൾ സുധീഷിനെ വെട്ടിക്കൊല്ലുന്നത് നോക്കിനിൽക്കുകയായിരുന്നു. സിസിടിവിയെക്കുറിച്ച് ധാരണയുള്ള പോലെയായിരുന്നു രാജേഷിന്റെ പ്രവൃത്തി. മംഗലപുരം, ആറ്റിങ്ങൽ സ്റ്റേഷനുകളിൽ വധശ്രമം അടിപിടി കേസുകളിൽ പ്രതിയാണ് മരിച്ച സുധീഷ്. ആറ്റിങ്ങൾ മങ്ങാട്ടുമൂലയിൽ ഇക്കഴിഞ്ഞ 6ന് സുധീഷിന്റെ സംഘം വീട് ആക്രമിച്ച് രണ്ട് പേരെ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു.
രാജേഷിന്റെ സംഘത്തിന് നേരെയായിരുന്നു ഈ ആക്രമണമെന്നാണ് വിവരം. ഈ കേസിൽ അഞ്ച് പേർ ഇപ്പോൾ ജയിലിലാണ്. പ്രത്യാക്രമണം തുടരുമെന്ന് മനസിലാക്കിയ സുധീഷ് കല്ലൂർ പാണൻ വിളയിലെ അമ്മയുടെ കുടുംബ വീട്ടിൽ ഒളിവിലായിരുന്നു.തീവ്രവാദി സംഘങ്ങൾ തലവെട്ട് കൊലപാതകങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന രീതിയിലാണ് ഒട്ടകം രാജേഷിന്റെ സംഘത്തിന്റേയും രീതി. ആക്രമണത്തെക്കുറിച്ചുള്ള കഥകൾ ഭീതി പരത്താനായി ഉപയോഗിക്കും. ലഹരി മരുന്നിന് അടിമയാണ്. മനുഷ്യനെ മൃഗ തുല്യമായി കൊല്ലുന്നത് ഇയാൾക്ക് ലഹരിയാണെന്നാണ് പൊലീസ് നൽകുന്ന സൂചന.
ചിറയിൻകീഴ് അഴൂർ, പെരുങ്കുഴി, മേഖലകൾ കേന്ദ്രീകരിച്ചാണ് ഒട്ടകം രാജേഷിന്റെ ഗുണ്ടാ പ്രവർത്തനം. പ്രായപൂർത്തിയാകും മുമ്പേ മണൽ മാഫിയയുടെയും ക്വട്ടേഷൻ സംഘങ്ങളുടെയും ഗുണ്ടയായി മാറിയ രാജേഷ് അമ്പതോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. അടിപിടി കേസുകളിൽ ചെറുപ്രായത്തിലെ ജയിലിൽ പോകേണ്ടിവന്ന രാജേഷ് പിന്നീട് കുറ്റകൃത്യങ്ങളുടെ തോഴനായി. വർഷങ്ങൾക്ക് മുമ്പ് ഒരു കൊലപാതകക്കേസിൽ പ്രതിയായെങ്കിലും തെളിവില്ലാത്തതിനാൽ വെറുതെ വിട്ടിരുന്നു. ജയിൽ വാസത്തിനിടെ സമാന കേസുകളിൽ പിടിക്കപ്പെട്ട് എത്തുന്ന ഗുണ്ടകളും ക്രിമിനലുകളുമായി ചങ്ങാത്തം കൂടും. ജാമ്യത്തിലിറങ്ങിയാൽ ഇവരുമായി ചേർന്ന് പുതിയ ഓപ്പറേഷനുകൾ പ്ളാൻ ചെയ്യും. നാട്ടിൽ നിരന്തരം പ്രശ്നമുണ്ടാക്കുന്ന ഇയാൾ പൊലീസിനും തലവേദനയായിരുന്നു.
ഗുണ്ടാ ആക്ടിലും മാസങ്ങളോളം ജയിലിൽ കഴിഞ്ഞു. കഞ്ചാവ് കച്ചവടവും സജീവമായി നടത്തി. അയൽ സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് എത്തിച്ച് ചില്ലറ വിൽപ്പനക്കാർക്ക് വിൽക്കുന്നതാണ് രീതി. ഇതിനായി മാസത്തിൽ രണ്ട് തവണ ആന്ധ്രയിലോ തമിഴ്നാട്ടിലോ പോകും. ജോയിന്റ്, സ്റ്റഫ് എന്നീ കോഡ് വാക്കുകളിലാണ് കഞ്ചാവ് വിറ്റിരുന്നത്. ചിറയിൻകീഴ്, പെരുങ്കുഴി റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് ഇടപാട്. ചിറയിൻകീഴ്, പോത്തൻകോട്, പൂജപ്പുര, വാമനപുരം സ്റ്റേഷനുകളിൽ അമ്പതോളം കേസുകളിൽ പ്രതിയാണ്. ശാസ്തവട്ടം ലാലു വധക്കേസ്, പൊലീസുകാരെ ആക്രമിച്ച കേസ് എന്നിവയിൽ വിചാരണ നേരിടുന്നു.
കൊലപാതകം പ്രതികൾ ആസൂത്രണം ചെയ്തത് സിനിമയെ വെല്ലുന്ന തരത്തിലാണ്. ഓട്ടോയിലും ബൈക്കുകളിലും മാരകായുധങ്ങളുമായി ഒന്നിച്ചെത്തിയ 11 അംഗ സംഘം വീടിന് 500 മീറ്റർ മാറി വാഹനങ്ങൾ ഒതുക്കിയശേഷം ആയുധങ്ങളുമായി ഒരുമിച്ച് സുധീഷുള്ള സ്ഥലം ലക്ഷ്യമാക്കി നടവഴിലൂടെ നീങ്ങുകയായിരുന്നു. സുധീഷ് ഒളിവിൽ കഴിഞ്ഞിരുന്ന ബന്ധുവീടിന് 300 മീറ്റർ അകലെ വെച്ച് സംഘം നാലായി തിരിയുകയും രക്ഷപ്പെട്ട് പോകാതിരിക്കാൻ നാലിടങ്ങളിൽ ഓരോ സംഘവും നിലയുറപ്പിച്ച ശേഷമാണ് നാടൻ ബോംബെറിഞ്ഞ് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
സ്ഫോടന ശബ്ദം കേട്ടതോടെ സമീപത്തെ പറമ്പിൽ ഇരുന്നിരുന്ന സുധീഷ് അപകടം തിരിച്ചറിഞ്ഞ് രക്ഷപ്പെടുന്നതിനിടയിൽ വിവിധയിടങ്ങളിൽ നിലയുറപ്പിച്ച അക്രമി സംഘം സുധീഷിന് നേരെ പാഞ്ഞടുക്കുകയായിരുന്നു്. ആയുധങ്ങളുമായി സുധീഷിനെ തിരഞ്ഞെത്തിയ സംഘം സമീപവാസികളെ ആയുധം കാട്ടി കൊലവിളി നടത്തി ഓരോ വീടും പരിശോധിച്ചു. ഇതിന് ശേഷമാണ് സുധീഷ് പ്രാണരക്ഷാർത്ഥം ഓടിക്കയറിയ വീട് കണ്ടെത്തുകയും വാതിൽ തകർത്ത് ഉള്ളിൽക്കടന്ന് വീട്ടിലുണ്ടായിരുന്ന കുട്ടികളുടെ മുന്നിലിട്ട് അതിക്രൂരമായി വെട്ടിക്കൊന്നതും. ഇരുകാലിലും കൈകളിലും നിരവധി വെട്ടുകളുണ്ട്.
അക്രമണത്തിനിടെ വേർപെട്ട ഇടതുകാലുമായി മടങ്ങിയ സംഘം 500 മീറ്റർ അകലെ ജംഗ്ഷനിൽ എത്തി വലിച്ചെറിയുകയായിരുന്നു. സംഭവശേഷം രണ്ട് മണിക്കൂറാണ് സുധീഷ് വെട്ടേറ്റ് കിടന്നത്. പൊലീസെത്തി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുമ്പോൾ ഒട്ടകം രാജേഷും ഉണ്ണിയും ചേർന്നാണ് തന്നെ വെട്ടിയതെന്ന് സുധീഷ് മൊഴി നൽകുകയും ഉദ്യോഗസ്ഥർ അത് വിഡിയോയിൽ രേഖപ്പെടുത്തുകയും ചെയ്തു. പിന്നീടായിരുന്നു മരണം.
ആറ്റിങ്ങൾ സംഭവത്തെ തുടർന്ന് ഒളിവിൽ കഴിഞ്ഞ സുധീഷിന്റെ വിവരങ്ങൾ ഗുണ്ടാ സംഘത്തിന് എങ്ങനെ ലഭിച്ചു എന്നതിനെ കുറിച്ചും പൊലീസ് അന്വഷണം നടത്തുന്നുണ്ട്. ഗുണ്ടാ സംഘം മംഗലപുരത്തിനും കല്ലൂരിനും ഇടയിലെ ആളൊഴിഞ്ഞ സ്ഥലത്തെ പാലത്തിന് സമീപം കൊലപാതകത്തിന് തയ്യാറെടുപ്പ് നടത്തിയതായും പൊലീസിന് വിവരം ലഭിച്ചു.ഇക്കഴിഞ്ഞ ആറിന് ആറ്റിങ്ങൽ മങ്ങാട്ടുമൂലയിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട ഗുണ്ടാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
മറുനാടന് മലയാളി ബ്യൂറോ