- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒന്നാം ഏകദിനം നടന്നത് അടച്ചിട്ട സ്റ്റേഡിയത്തിൽ; കുന്നിന്മുകളിൽ നിന്ന് കളി നേരിട്ടു കണ്ട് ഇന്ത്യയുടെ 'കടുത്ത ആരാധകൻ' സുധീർ ചൗധരി; സമൂഹ മാധ്യമങ്ങളിൽ വൈറലായി ദൃശ്യങ്ങൾ
പുണെ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൂണെയിലെ അടച്ചിട്ട സ്റ്റേഡിയത്തിലാണ് ഇന്ത്യഇംഗ്ലണ്ട് ഒന്നാം ഏകദിനം നടന്നതെങ്കിലും കടുത്ത ആരാധകർ കളി നേരിട്ട് തന്നെ കണ്ടു. സച്ചിൻ തെൻഡുൽക്കറിന്റെ ആരാധകനെന്ന നിലയിൽ പ്രശസ്തനായ സുധീർ കുമാർ ചൗധരി ഉൾപ്പെടെയുള്ള ആരാധകർ മത്സരം നേരിട്ടു കണ്ടത് കുറച്ച് സാഹസപ്പെട്ടാണ്. വേദിയിൽനിന്നും ഏറെ ദൂരെയുള്ള ഒരു കുന്നിന്മുകളിൽ കയറിയാണ് 'സൂപ്പർ ഫാൻ' ഇന്ത്യഇംഗ്ലണ്ട് കളി കണ്ടത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.
സുധീർ കുമാർ ചൗധരി തന്നെയാണ് തന്റെ പതിവ് 'വേഷവിധാനങ്ങളോടെ' കുന്നിന്മുകളിൽനിന്ന് മത്സരം കാണുന്ന ദൃശ്യങ്ങൾ പങ്കുവച്ചത്. മത്സരം നടന്ന പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽനിന്ന് ദൂരെ മാറി ഒരു കുന്നാണ് മത്സരം കാണാനായി സുധീർ കുമാർ തിരഞ്ഞെടുത്തത്.
ഏകദിന മത്സരത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നതിനിടെ കുന്നിൻ മുകളിൽ നിന്നും മത്സരം വീക്ഷിക്കുന്നവരുടെ ദൃശ്യങ്ങൾ പല തവണ ലൈവ് ടെലികാസ്റ്റിൽ എടുത്ത് കാണിച്ചിരുന്നു. ഡേ നൈറ്റ് മത്സരത്തിൽ ഇന്ത്യയുടെ ബാറ്റിങ് പൂർത്തിയാകുന്നത് വരെ ആരാധകർ മത്സരം കുന്നിന്മുകളിൽ നിന്നും വീക്ഷിച്ചിരുന്നു. രണ്ടാം മത്സരവും ഇതേ സ്റ്റേഡിയത്തിലാണ് നടക്കുന്നത്.
ദേഹമാകെ ഇന്ത്യൻ ത്രിവർണ പതാകയിലെ നിറങ്ങളും പൂശി കയ്യിൽ വലിയൊരു ദേശീയ പതാകയുമായി പതിവു ശൈലിയിലാണ് കുന്നിന്മുകളിൽനിന്ന് സുധീർ കുമാർ മത്സരത്തിന് 'സാക്ഷിയായത്'. കോവിഡ് വ്യാപനം നിമിത്തം ഇത്തവണ ഒരു മാസ്‌കും അദ്ദേഹം ധരിച്ചിരുന്നു.
സ്പോർട്സ് ഡെസ്ക്