കോഴിക്കോട്: എന്നും സ്ത്രീ പക്ഷ നിലപാടുകൾക്കൊപ്പം നിൽക്കുകയും അവരുടെ അവകാശങ്ങൾക്കു വേണ്ടി വാദിക്കുകയും ചെയ്ത് വ്യക്തിയായിരുന്നു അന്തരിച്ച പ്രശസ്ത കവയത്രി സുഗതകുമാരി. എന്നാൽ നവോത്ഥാനത്തിന്റെ അവസാനവാക്കായി ഇടതുപക്ഷം വിലയിരുത്തിയിരുന്ന, ശബിരമല സ്ത്രീ പ്രവേശനത്തിൽ തീർത്തും വ്യത്യസ്തമായ നിലപാട് ആയിരുന്നു സുഗത ടീച്ചർ എടുത്തിരുന്നത്. ശബരിമലയിൽ ഇപ്പോഴെ എത്തുന്നത് ലക്ഷങ്ങളാണ് ഇനി സ്ത്രീകൾകൂടി എത്തിയാൽ ഉണ്ടാവുന്ന പാരിസ്ഥിതിക ആഘാതം താങ്ങാവുദന്നതിൽ അപ്പുറമാണെന്നാണ് അവർ പറയുന്നത്.

'സ്ത്രീകളെ ശബരിമലയിൽപ്രവേശിപ്പിക്കരുത്. ഹിന്ദു മതം സ്തീ വിരുദ്ധമോ ഞാൻ സ്ത്രീ വിരോധിയോ ആയതുകൊണ്ടല്ല ഇതു പറയുന്നത്..ഈശ്വരനെ സ്ത്രീരൂപത്തിൽ ദർശിച്ചിട്ടുള്ള ഒരേയൊരു മതമാണ് ഹിന്ദുമതം. പ്രപഞ്ചമാതാവായി ദേവി പരാശക്തിയെ കാണുന്നു. കാലം മഹാകാളിയാണ്. ജഗദംബ എന്ന ഒറ്റവാക്കിൽ ഇതെല്ലാം ഒതുങ്ങുന്നു.പ്രകൃതി സ്‌നേഹി ആയതുകൊണ്ടാണ് താനിത് പറയുന്നത്. ഇപ്പോൾ തന്നെ അവിടെ എത്തുന്ന ലക്ഷങ്ങൾ താങ്ങാവുന്നതിനും അപ്പുറത്താണ്. സ്ത്രീകൾക്ക് കൂടി പ്രവേശനം അനുവദിച്ചാൽ രൂക്ഷമായ പാരിസ്ഥിതിക പ്രശ്‌നങ്ങണൈ് ശബരിമലയിൽ ഉണ്ടാകുന്നത്. ജനത്തിരക്കുമൂലം പമ്പ മലിനനമാകുന്നതിനും കാടിന്റെ ആവാസ വ്യവസ്ഥ തകരാനും ഇടയാകും അവർ പറഞ്ഞു. മറ്റു സാമൂഹ്യ പ്രശ്നങ്ങൾ വേറെയും വരും. ശബരിമലയിൽനിന്ന് സ്ത്രീപീഡന വാർത്തകൾ വരുന്നതിനെക്കുറിച്ച് സങ്കൽപിക്കാൻ പറ്റുമോ.'- ഈ അഭിപ്രായം പ്രശസ്ത മാധ്യമ പ്രവർത്തകയായ ലീലാമേനോനുമായി സംസാരിക്കവെയും സുഗതകുമാരി വ്യക്തമാക്കിയിരുന്നു.

പക്ഷേ അവസാനകാലത്ത് അവരെ ഇത്തരം നിലപാടുകൾ മൂലം 'സംഘിണി'യാക്കാനുള്ള ശ്രമവും ചിലരുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. പക്ഷേ ഒരിക്കലും തീവ്ര ഹിന്ദുത്വ നിലപാട് ആയിരുന്നില്ല അവരുടേത്. മാത്രമല്ല ക്ഷേത്രങ്ങളിൽ ആന എഴൂന്നള്ളിപ്പിനെതിരെ താൻ എഴുതി അയച്ച ലേഖനം 'ജന്മഭൂമി' കൊടുക്കുക പോലും ഉണ്ടായില്ലെന്നും അവർ ലീല ദാമാദരമോനോന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

' ക്ഷേത്രങ്ങളിൽ കരിയും വേണ്ട കരിമരുന്നും വേണ്ടെന്ന് പറഞ്ഞ ശ്രീനാരായണ ഗുരുവിന്റെ വാക്കുകൾ നാം മറക്കരുത്. ഹിന്ദു മതത്തിന്റെ ഒരു തത്വശാസ്ത്രത്തിലും ആനയെ എഴുന്നള്ളിപ്പിക്കണം എന്നു പറയുന്നില്ല..ആരാധനാലയങ്ങളിലെ ആനയെഴുന്നള്ളിപ്പ് അവസാനിപ്പിക്കുകതന്നെ വേണം.അടിമത്തം പോലെ പ്രാകൃതമാണ് ആന എളുന്നള്ളിപ്പെന്നും. വംശനാശഭീഷണി നേരിടുന്ന ആനകൾ എന്നോതുടങ്ങിയ ആചാരങ്ങളുടെ ഇരകളാകുന്നു. തികച്ചും കാട്ടുമൃഗമായ ആനയെ ഇണക്കി വിശ്വാസത്തിന്റെ ഭാഗമായി ജനക്കൂട്ടത്തിന്റെ ഇടയിലൂടെ കാലിൽ പലവിധ ചങ്ങലകളിട്ട് മുതുകിൽ അമിതഭാരം കയറ്റി മണിക്കൂറുകൾ പീഡിപ്പിക്കുന്ന ദുരാചാരം ഒഴിവാക്കണം.'- ഇതായിരുന്നു സുഗതകുമാരിയുടെ നിലപാട്. ഇതിനോടൊന്നും സംഘപരിവാറിന് യോജിപ്പില്ലെന്ന് വ്യക്തമാണ്. എന്നാൽ ബാലഗോകുലവം പോലുള്ളവയുടെ പരിപാടിയോട് തീർത്തും അയിത്തം കൽപ്പിച്ചവരും ആയിരുന്നില്ല അവർ. തപസ്യയുടെയും ബാലഗോകുലത്തിന്റെ പരിപാടിയിൽ പങ്കെടുക്കമ്പോൾ സംഘിണിയെന്ന് ആക്ഷേപിച്ചവരോട്, അടിസ്ഥാനമായി താൻ ഒരു ഗാന്ധിയൻ ആണെന്നും കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും വേദി പങ്കിട്ടതുമാണ് അവർ ചൂണ്ടിക്കാട്ടാറുള്ളത്.

എന്നാൽ ജിഷാ വധക്കേസിന്റെ സമയത്തും ഇതരസംസ്ഥാന തൊഴിലാളികൾ നിർബാധം കേരളത്തിലേക്ക് വരുന്ന വിഷയത്തിലും ഐഎസ് റിക്രൂട്ട്മെന്റിന്റെ സമയത്തുമൊക്കെ അവർ സംസ്ഥാന സർക്കാറിനെതിരെ ആഞ്ഞടിച്ചിരുന്നു. ജിഷയുടെ വധത്തിന്റെ പേരിൽ രാഷ്ട്രീയ നേട്ടം ഉണ്ടാക്കിയവർ അധികാരത്തിലെത്തിയിട്ട് എന്തുണ്ടായി എന്ന് സുഗത കുമാരി ധൈര്യപൂർവം ചോദിച്ചു. ഐസ് ക്രിം പാർലർ കേസിലെ പ്രതികളെ സംരക്ഷിക്കാനായി വാദിച്ചവരുടെ ഉപദേശം കേട്ട് ഭരിക്കുന്നവരിൽ നിന്ന് എന്തു പ്രതീക്ഷിക്കാനാകും എന്നായിരുന്നു അവരുടെ വാദം.

'ഇതരസംസ്ഥാന തൊഴിലാളികളെ വോട്ടേഴ്‌സ് ലിസ്റ്റിൽ പെടുത്തി സ്വന്തം പാർട്ടിക്ക് ഒപ്പം നിർത്താനാകുമോ എന്നതാണ് രാഷ്ടീയനേതാക്കൾ നോക്കുന്നത്. കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമായിരിക്കും ഇതരസംസ്ഥാനങ്ങളിൽനിന്നുള്ളവരുടെ ക്രമാതീതമായ കുടിയേറ്റം. സാംസ്കാരികമായി വൻ ദുരന്തത്തിലേക്കാണ് ഇത് കേരളത്തെ കൊണ്ടു ചെന്നെത്തിക്കുക. നമുക്ക് സാസ്‌ക്കാരകമായി ഒരു തരത്തിലും പൊരുത്തപ്പെടാൻ പറ്റാത്തവരാണ് ഇവിടെ ജോലിക്കായി എത്തുന്നത്.വിദ്യാഭ്യാസ നിലവാരം കുറഞ്ഞവർ മാത്രമല്ല ക്രിമനൽ പശ്ചാത്തലമുള്ളവരുമാണ് ഇവരിൽ അധികവും. അവർ ഇവിടെ വീടും വെച്ച് ഇവിടെനിന്ന് കല്യാണവും കഴിച്ച് ഇവിടുത്തുകാരായി മാറും. നമ്മുടെ പാവം പെൺകുട്ടികളെ വളച്ചെടുക്കാൻ അവർക്ക് പ്രയാസമൊന്നും കാണില്ല. ഭീകരസംഘടനയായ ഐ എസിൽ ചേരാൻ വരെ നമ്മുടെ കുട്ടികളെ സ്വാധീനിച്ച് കൊണ്ടുപോകാൻ കഴിയുന്നു'- സുഗതകുമാരി ചൂണ്ടിക്കാട്ടുന്നു.

അതുപോലെ ലൗജിഹാദ് വിഷയത്തിലും തീർത്തും വ്യത്യസ്തമായ നിലപാട് ആയിരുന്നു സുഗതകുമാരിയുടേത്. ലീലാ ദാമോദര മോനോന് നൽകിയ അഭിമുഖത്തിൽ അവർ പറയുന്നു. '. ഭീകരപ്രവർത്തനത്തെ പ്രോത്സാഹിപ്പിച്ച സംസ്ഥാന സർക്കാരുകളാണ് ഇപ്പോഴത്തെ അവസ്ഥക്ക് കാരണം. പ്രണയക്കുരുക്കിൽപ്പെടുത്തി പെൺകുട്ടികളെ മതംമാറ്റി ഭീകരപ്രവർത്തനത്തിന് ഇരയാക്കുന്നവരെയും സംഘടനകളെയും നിയമത്തിന് മുന്നിലെത്തിക്കണം. ഇതിന് മതവുമായോ വിശ്വാസവുമായ ബന്ധിപ്പിക്കരുത്. കാസർകോട്,മലപ്പുറം ജില്ലകളിൽ സ്‌ക്കൂളുകളിൽ കഴിഞ്ഞ സർക്കാറിന്റെ കാലത്ത് മലയാളം അദ്ധ്യാപകരുടെ ഒഴിവു വന്നപ്പോൾ നിയമിച്ചത് അറബി അദ്ധ്യാപകരെയാണ്. മലയാളം എഴുതാൻ പോലും അറിയാത്ത അറബി മാത്രം അറിയാവുന്നയാളുകളെയാണ് നിയമിച്ചത്്. വിദ്യാഭ്യാസമന്ത്രിയുടെ നിർദ്ദേശപ്രകാരമായിരുന്നു നിയമനമെന്നാണറിയാൻ കഴിഞ്ഞത്. പ്രതിപക്ഷത്തിനും ഇക്കാര്യത്തിൽ പ്രശ്‌നമില്ല. ഇത്തരം ചെറിയ ചെറിയ വിഷയങ്ങളിലെ വിട്ടുവീഴ്ചകളാണ് മഹാദുരന്തത്തിലേക്ക് എത്തിക്കുന്നത്.'- സുഗതകുമാരി ചൂണ്ടിക്കാട്ടി.

എന്നാൽ ഇത്തരം നിലപാടുകൾ സംഘപരിവാറിനാണ് വളം ചെയ്യുക എന്ന നിലപാടാണ് ചിലർ എടുത്തുത്. അതുകൊണ്ടുതന്നെ അവരെ സംഘിണിയാക്കാൻ ആസൂത്രിതമായ നീക്കങ്ങളും ചിലരുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു.