തിരുവനന്തപുരം: കവയിത്രി സുഗതകുമാരിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാനും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ. പ്രകൃതിയുമായും സ്ത്രീസുരക്ഷയുമായും ബന്ധപ്പെട്ട തന്റെ സമരമുഖങ്ങളിൽ സഹകരിച്ച് പ്രവർത്തിച്ച പോരാളിയായ കവിയായിരുന്നു സുഗതകുമാരിയെന്ന് വി എസ് പറഞ്ഞു. മലയാള കവിതയ്ക്കും നമ്മുടെ പ്രകൃതിക്കും അശരണർക്കും സുഗതകുമാരിയുടെ വിയോഗം കനത്ത നഷ്ടമാണുണ്ടാക്കിയിരിക്കുന്നതെന്നും വി എസ് അനുസ്മരിച്ചു.

സുഗതകുമാരിയുടെ ഭൗതിക ശരീരം സംസ്കാരിച്ചു. തിരുവനന്തപുരം ശാന്തികവാടത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ഭൗതിക ശരീരം ആംബുലൻസിൽ നേരിട്ട് തൈക്കാട് ശാന്തികവാടത്തിൽ എത്തിക്കുകയായിരുന്നു. മന്ത്രി കടംകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ.

സുഗതകുമാരിയുടെ മകൾ ലക്ഷ്മിയും സഹോദരിമാരുടെ മക്കളായ ശ്രീദേവി, പത്മനാഭൻ ചെറുമകൻ വിഷ്ണു എന്നിവർ മാത്രമാണ് ബന്ധുക്കളെന്ന നിലയിൽ സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. ബന്ധുക്കളും പൊലീസുകാരും ശാന്തികവാടം ജീവനക്കാരുമടക്കം എല്ലാവരും പിപിഇ കിറ്റ് ധരിച്ചാണ് സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തത്. മാധ്യമപ്രവർത്തകരടക്കം മറ്റാരേയും തന്നെ ശാന്തികവടത്തിലേക്ക് പ്രവേശിപ്പില്ല. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രനും തിരുവനന്തപുരം ജില്ലാ കളക്ടർ നവജ്യോത് സിങ് കൗറും സംസ്കാരചടങ്ങിൽ പങ്കെടുത്തു. ഇരുവരും പിപിഇ കിറ്റ് ധരിച്ചാണ് ചടങ്ങിനെത്തിയത്. കോവിഡ് ബാധിച്ചാണ് ഇന്ന് രാവിലെ 10.50ന് സു​ഗതകുമാരി ടീച്ചർ അന്ത്യശ്വാസം വലിച്ചത്. ഹൃദയത്തിന്റെയും വൃക്കകളുടെയും പ്രവർത്തനശേഷി ഏറെക്കുറെ നഷ്ടപ്പെട്ടിരുന്നു.

ആറന്മുളയിലെ വഴുവേലി തറവാട്ടിൽ ഗാന്ധിയനും കവിയും കേരള നവോത്ഥാന പ്രവർത്തനങ്ങളുടെ അമരക്കാരനുമായിരുന്ന ബോധേശ്വരന്റെ (കേശവ പിള്ള) മകളായി 1934 ജനുവരി ഇരുപത്തി രണ്ടിനാണ് സുഗതകുമാരി ജനിച്ചത്. അക്കാലത്തെ പ്രശസ്ത സംസ്‌കൃതം പണ്ഡിതയായ വി. കെ കാർത്യായനി ടീച്ചറായിരുന്നു അമ്മ.സാമൂഹിക സാംസ്‌കാരികയിടങ്ങളിൽ മാതാപിതാക്കൾ നടത്തിയ ഇടപെടലുകൾ സുഗതകുമാരിയെ വളരെയധികം സ്വാധീനിച്ചിരുന്നു. പിതാവിന്റെ കവിത്വവും സാമൂഹ്യ പ്രവർത്തനങ്ങളും ദേശസ്‌നേഹവും സുഗതകുമാരിയെ വളരെയധികം സ്വാധീനിച്ചിരുന്നു.