- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൗണ്ടറുകൾക്ക് മുന്നിൽ ആൾക്കൂട്ടം പാടില്ല; ഒരുസമയം അഞ്ചു പേരിൽ കൂടുതലും അരുത്; ബിവറേജസ് കോർപ്പറേഷന്റെ കൗണ്ടറുകൾക്ക് മുന്നിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: ബെവ്ക്യൂ ആപ്പ് ഒഴിവാക്കി സർക്കാർ ഉത്തരവിറക്കിയതിന് പിന്നാലെ ബിവറേജസ് കോർപ്പറേഷൻ ഔട്ട് ലെറ്റുകൾക്ക് മുന്നിലെ ആൾക്കൂട്ടം നിയന്ത്രിക്കുന്നതിന് മാർഗ നിർദ്ദേശമായി. കൗണ്ടറുകൾക്ക് മുന്നിൽ ആൾക്കൂട്ടം പാടില്ലെന്നും ഒരുസമയം അഞ്ചു പേർ മാത്രമേ ഉണ്ടാകാൻ പാടുള്ളുവെന്നും ബിവ്റേജസ് കോർപറേഷൻ എംഡിയുടെ സർക്കുലറിൽ പറയുന്നു. ഉപഭോക്താക്കൾ തമ്മിൽ ആറടി അകലം നിർബന്ധമായും പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
നിൽക്കേണ്ട സ്ഥാനം വെള്ള പെയിന്റ് കൊണ്ട് അടയാളപ്പെടുത്തണം. തെർമൽ സ്കാനർ ഉപയോഗിച്ച് വരുന്നവരെ പരിശോധിപ്പിക്കണം. രോഗലക്ഷണങ്ങളുള്ളവരെ ഷോപ്പിലേക്കു കയറ്റരുത്. കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന് സെക്യൂരിറ്റി ജീവനക്കാർ ഉറപ്പാക്കണം. ജനത്തെ നിയന്ത്രിക്കാൻ പൊലീസ് സേവനം തേടണം. രാവിലെ 10 മുതൽ രാത്രി 9 വരെയായിരിക്കും പ്രവർത്തനം. രണ്ടാഴ്ചയ്ക്കിടെ ഷോപ്പുകളിൽ അണുനശീകരണം നടത്തണം. മാസ്കും സാനിറ്റൈസറും ജീവനക്കാർ കൃത്യമായി ഉപയോഗിക്കണമെന്നും സർക്കുലറിൽ പറയുന്നു.
കോവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം ഉറപ്പുവരുത്താൻ കഴിഞ്ഞ മെയ് 27 മുതലാണ് ബെവ്ക്യൂ ആപ്പ് പ്രാബല്യത്തിൽ വന്നത്. ബാറുകളിൽ ആപ്പ് വഴി പാഴ്സൽ വിൽപ്പന മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഡിസംബർ മുതൽ ബാറുകളിലെ പാഴ്സൽ വിൽപ്പന ഒഴിവാക്കി. ആപ്പ് വഴിയുള്ള ബുക്കിങ് ബിവറേജസ്, കൺസ്യൂമർഫെഡ് വിൽപ്പന ശാലകൾക്ക് മാത്രമായി ചുരുക്കുകയും ചെയ്തു.
ബാറുകളിൽ ബുക്കിംഗില്ലാതെ മദ്യം ലഭിക്കുന്ന സാഹചര്യത്തിൽ ആപ്പ് വഴി ബുക്കിംഗ് തുടരുന്നത് ബെവ്കോക്കും കൺസ്യൂമർ ഫെഡിനും വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തൽ ഉണ്ടായിരുന്നു. ഇതിനുപിന്നാലെ സാങ്കേതിക തകരാറുകളും ആപ്പിന്റെ പ്രവർത്തനം ഉപേക്ഷിക്കാനുള്ള നീക്കത്തിന് ആക്കം കൂട്ടി. മദ്യവിതരണത്തിന് വിർച്വൽ ക്യൂ സംവിധാനം ഒരുക്കുന്നതിന് കൊച്ചിയിലെ സ്റ്റാർട്ട് അപ്പ് ആയ ഫെയർകോഡ് ടെക്നോളജീസ് ആണ് ആപ്പ് വികസിപ്പിച്ചത്.
ബാറുകൾ പ്രവർത്തിക്കാൻ തുടങ്ങിയതോടെ ബെവ്ക്യൂ ആപ്പിന്റെ പ്രസക്തി ഇല്ലാതായെന്ന് എക്സൈസ് വകുപ്പ് വ്യക്തമാക്കിയിരുന്നു. സർക്കാരിന് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ മാസം 24 മുതൽ ബാറുകളിലെ പാഴ്സൽ വിൽപ്പന ഒഴിവാക്കി. ഇതോടെ ഇനി പ്രത്യേകം ആപ്പിന്റെ ആവശ്യമില്ലെന്നും നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
മറുനാടന് ഡെസ്ക്