കാസർഗോഡ്: വിദ്യാർത്ഥിനിയെ അശ്ലീല വീഡിയോ കാട്ടി പീഡിപ്പിച്ച പ്രതി ബദിയടുക്കയിലെ സുഹ്റാബി ഉപയോഗിച്ച ഫോൺ കണ്ടെത്താനായില്ല. സുഹ്റാബിയുടെ പെരളയിലുള്ള വീട്ടിലും മറ്റും പൊലീസ് പരിശോധന നടത്തിയെങ്കിലും പോക്സോ കേസെടുത്തതോടെ പ്രതി ഇത് നശിപ്പിച്ചുവെന്നാണ് പൊലീസ് കരുതുന്നത്.

കഴിഞ്ഞ ഓഗസ്റ്റ് 17 നാണ് പതിനാല് കാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച വിവരം പുറം ലോകമറിയുന്നത്. ജില്ലയിലെ മലയോര മേഖലയായ ബദിയടുക്കയിലെ സുഹ്റാബിയുടെ വീട്ടിൽ മാതാവിനൊപ്പം ജോലിക്ക് നിൽക്കുകയായിരുന്നു വിദ്യാർത്ഥിനി. സുഹ്റാബിയുടെ ഗൾഫിലുള്ള ഭർത്താവ് അബൂബക്കർ വീട്ടിലെത്തിയപ്പോൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും ഇതിന് സുഹ്റാബി സഹായം ചെയ്തു കൊടുത്തുവെന്നുമാണ് കേസ്.

നഗ്‌ന വീഡിയോ കാട്ടി പെൺകുട്ടിയെ സുഹ്റാബി സ്വവർഗ്ഗരതിക്കിരയാക്കിയതായും ആരോപണമുയർന്നിരുന്നു. പെൺകുട്ടിയുടെ മാതാവ് സുഹ്റാബിയുടെ വീട്ടിൽ ജോലിക്ക് നിൽക്കുകയായിരുന്നു. അവർക്ക് കൂട്ടായി ഈ വീട്ടിൽ പെൺകുട്ടി എത്തുകയും അടുത്തുള്ള സ്‌ക്കൂളിൽ പഠനം തുടരുകയും ചെയ്തിരുന്നു. ഇതിന്റെയെല്ലാം പിറകിൽ സുഹ്റാബിയുടെ പ്രേരണയാണെന്നാണ് വിവരം. പെൺകുട്ടി ക്ലാസുമുറിയിൽ അസ്വസ്തത പ്രകടിപ്പിക്കുകയും ഇത് തിരിച്ചറിഞ്ഞ അദ്ധ്യാപിക ചൈൽഡ് ലൈനിന് പരാതി നൽകുകയും ചെയ്തു. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസിലിങ്ങിലാണ് പീഡന വിവരം പുറത്തായത്.

സുഹ്റാബിയും അവരുടെ ഭർത്താവും ചേർന്ന് പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ മൊഴി. മാത്രമല്ല സുഹ്റാബിയുടെ വീട്ടിൽ പെൺകുട്ടിയെ ബാലവേലക്ക് നിർത്തിയതായും കണ്ടെത്തിയിട്ടുണ്ട്. പോക്സോ പ്രകാരം കേസെടുത്ത ഉടൻ സുഹ്റാബി ഒളിവിൽ പോവുകയായിരുന്നു. ബംഗ്ളൂരുവിലും മറ്റ് രഹസ്യ കേന്ദ്രങ്ങളിലും തങ്ങിയ ശേഷം െൈഹക്കോടതിയിൽ മുൻകൂർ ജാമ്യഹരജി നൽകി. എന്നാൽ ഹരജി തള്ളിയതോടെ സുഹ്റാബി വീണ്ടും ഒളിവിൽ കഴിയുകയായിരുന്നു. അതേ സമയം പൊലീസ് സുഹ്റാബിയെ സംരക്ഷിക്കുന്നുവെന്ന് കാട്ടി ഡി.വൈ. എഫ്.ഐ. പൊലീസ് സ്റ്റേഷനു മുന്നിൽ രാപ്പകൽ സമരം നടത്തി.

അവർ ജില്ലാ പൊലീസ് ചീഫ് ഓഫീസിന് മുമ്പാകെ മാർച്ച് നടത്തുമെന്ന് പ്രഖ്യാപിക്കുകയും ജനാധിപത്യാ മഹിളാ അസോസിയേഷനും പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തുമെന്ന് പറഞ്ഞ് രംഗത്തെത്തിയതോടെ പൊലീസ് സജീവമായി. സമരം പ്രഖ്യാപിച്ച ദിവസത്തിന്റെ തലേന്ന് സുഹ്റാബി നാടകീയമായി ഡി.വൈ. എസ്. പി മുമ്പാകെ ഹാജരാകുകയായിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ സുഹ്റാബിയെ കോടതി രണ്ടാഴ്‌ച്ചക്ക് റിമാന്റ് ചെയ്തു.

എന്നാൽ പെൺകുട്ടിയെ ദൃശ്യങ്ങൾ കാണിച്ച മൊബൈൽ ഫോൺ കണ്ടെത്താൻ പൊലീസ് കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തിയെങ്കിലും അത് ലഭിച്ചില്ല. സുഹ്റാബി താമസിക്കുന്ന രണ്ട് വീടുകളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. അത് നശിപ്പിച്ചുവെന്നാണ് പൊലീസ് കരുതുന്നത്. സുഹ്റാബിയുടെ ഭർത്താവും പ്രതിയുമായ അബൂബക്കറിനെ ഗൾഫിൽ നിന്നും നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. .