കണ്ണൂർ; ശുഹൈബിന്റെ കൊല സിപിഎം നേതൃത്വം അറിഞ്ഞുകൊണ്ട് നടത്തിയതാണെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ. കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ യൂത്ത് കോൺഗ്രസ് കീഴല്ലൂർ മണ്ഡലം പ്രസിഡന്റ് പി ബി ശുഹൈബിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ നടത്തുന്ന 24 മണിക്കൂർ ഉപവാസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിനെ തിരിച്ചടിക്കാൻ നിർബന്ധിതരാക്കരുതെന്നും സിപിഎം നേതാക്കളെകൊണ്ട് ഈ കൊലപാതകത്തിന് മറുപടി പറയിക്കുമെന്നും സുധാകരൻ പറഞ്ഞു.

ഒരാളെ കൊല്ലാൻ 37 വെട്ട് വെട്ടുന്ന സിപിഎം കിരാതന്മാരേ പോലെ അഴിഞ്ഞാടുകയാണ്. പരസ്യമായി പ്രകടനം നടത്തി പ്രഖ്യാപിച്ചാണ് സിപിഎം ഈ കൊലപാതകം നടത്തിയത്. ഇതിൽ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ജില്ലാ സെക്രട്ടറി പി ജയരാജനും മറുപടി പറയണം. അവരെക്കൊണ്ട് മറുപടി പറയിക്കും. പാർട്ടിക്ക് പങ്കില്ലെന്ന് പറഞ്ഞ് സിപിഎം ഒഴിഞ്ഞുമാറാൻ നോക്കേണ്ട.

കേരളത്തിൽ എൽഡിഎഫിന്റെയും യുഡിഎഫിന്റേയും മുഖ്യമന്ത്രിമാർ ഭരിച്ചിട്ടുണ്ട്. പിണറായി ഭരിക്കുമ്പോൾ മാത്രം സ്വന്തം മണ്ഡലത്തിൽ ഇത്രയേറെ കൊല നടന്ന സംഭവം മുമ്പൊന്നും ഉണ്ടായിട്ടില്ല. സ്വന്തം മണ്ഡലത്തിൽ അക്രമപരമ്പര അരങ്ങേറുന്ന സംഭവത്തിൽ മുഖ്യമന്ത്രിക്ക് എന്താണ് പറയാനുള്ളതെന്നും സുധാകരൻ ചോദിച്ചു. സണ്ണി ജോസഫ് എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറിമാരായ പി. രാമകൃഷ്ണൻ, സുമ ബാലകൃഷ്ണൻ, ഐഎൻടിയുസി ദേശീയ സെക്രട്ടറി കെ സുരേന്ദ്രൻ, യുഡിഎഫ് ജില്ലാ കൺവീനർ എ ഡി മുസ്തഫ എന്നിവരും പങ്കെടുത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്ന് സമരപ്പന്തലിലെത്തും.

അതേസമയം, കേസിൽ പൊലീസ് ഇതുവരെ പ്രതികളെ പിടികൂടിയില്ലെന്നത് ജില്ലയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. കണ്ണൂർ എസ്‌പിയുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. നിരവധി പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടുണ്ട്. നാല് സിഐടിയു പ്രവർത്തരുടെ പങ്കാളിത്തം പൊലീസ് സംശയിക്കുന്നുണ്ട്. എന്നാൽ ഇവരെ അറസ്റ്റ്‌ചെയ്യാൻ തക്ക തെളിവുകൾ ഇതുവരെ ലഭിച്ചില്ലെന്ന വിവരമാണ് ലഭിക്കുന്നത്.

യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ശുബൈന്റെ കൊലപാതകം കണ്ണൂർ രാഷ്ട്രീയത്തിലെ കരുത്തനെന്ന് അറിയപ്പെടുന്ന കോൺഗ്രസ് നേതാവാ കെ സുധാകരനെ ശരിക്കും തളർത്തുന്നതായിരുന്നു. ഖത്തറിൽ പൊതുവേദിയിൽ സംസാരിച്ചു കൊണ്ടിരിക്കുന്ന വേളയിലാണ് വലംകൈയായ ശുഹൈബിന്റെ മരണ വാർത്ത അദ്ദേഹം കേട്ടത്. പ്രസംഗിച്ചുകൊണ്ടിരിക്കെ വേദിയിലിരുന്ന മറ്റൊരു കോൺഗ്രസ് പ്രവർത്തകനാണ് സുധാകരന് ശുഹൈബിന്റെ വേർപാട് സംബന്ധിച്ച കുറിപ്പ് കൈമാറിയത്. കുറിപ്പ് വായിച്ച സുധാകരൻ നമ്മുടെ ഒരു പ്രവർത്തകനെ കൂടി നഷ്ടപ്പെട്ടുവെന്നു പറയുകയും വിങ്ങിപ്പൊട്ടുകയുമായിരുന്നു. തുടർന്ന് പ്രസംഗം മുഴുമിപ്പിക്കാതെ നാട്ടിലേക്ക് മടങ്ങുന്നതായി അറിയിക്കുകയും ചെയ്തു. പ്രസംഗം മുഴുവിപ്പിക്കാതെ പരിപാടി അവസാനിപ്പിച്ച് തനിക്ക് പോകണം എന്നു പറഞ്ഞ് അദ്ദേഹം ഉടനെ ഖത്തറിൽ നിന്നും അടുത്ത വിമാനത്തിൽ നാട്ടിലേക്ക് കയറുകയായിരുന്നു.

കണ്ണൂർ കോൺഗ്രസിലെ യുവാക്കൾക്ക് മികച്ച പിന്തുണ കൊടുക്കുന്ന നേതാവാണ് സുധാകരൻ. സുധാകരണന്റെ തണലിൽ തന്നെയാണ് ശുഹൈബ് യൂത്ത് കോൺഗ്രസ് മട്ടന്നൂർ മണ്ഡലം ബ്ലോക്ക് സെക്രട്ടറിയായി മാറിയതും. സി പി എമ്മിന്റെ മനുഷ്യത്വമില്ലായ്മയുടെ തെളിവാണ് ഷുഹൈബിനേറ്റ 37 വെട്ടുകളെന്ന് കെ സുധാകരൻ പറഞ്ഞിരുന്നു.

ഒരുപാട് കാലങ്ങളായി കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള സംഘർഷം കുറവായിരുന്നു. ശുഹൈബിന്റെ കൊലപാതകത്തിൽ നിന്നും സിപിഎമ്മിന് ഒഴിഞ്ഞു മാറാൻ കഴിയില്ല. ശുഹൈബിന്റെ നാളുകൾ എണ്ണപ്പെട്ടു എന്ന് മുദ്രാവാക്യം വിളിക്കുന്ന വീഡിയോയിൽ നിന്നും തന്നെ എല്ലാം വ്യക്തമാണ്. ഉമ്മയും ഉപ്പയും മൂന്ന് സഹോദരിമാരും മാത്രമുള്ള കുടുംബത്തിന്റെ അത്താണിയെയാണ് സിപിഎം ഇല്ലാതാക്കിയത്. 37 വെട്ടുവെട്ടി നടത്തിയ കൊലപാതകത്തെ കുറിച്ച് സിപിഎം ചിന്തിക്കണം. കാര്യമായ രാഷ്ട്രീയ എതിർപ്പും അവിടെ ഉണ്ടായിട്ടില്ല. ശുഹൈബിന് നേരത്തെയും വധഭീഷണി ഉണ്ടായിട്ടുണ്ട്. ചെറുപ്പക്കാർക്ക് ആവേശം പകർന്ന നേതാവാണ് ശുഹൈബ്. ഭരിക്കുന്നത് സിപിഎമ്മാണ്. ആരാടോണവർ യുദ്ധം ചെയ്യുന്നത്. ബിജെപിയോടും, മുസ്ലിംലീഗനോടും കോൺഗ്രസിനോടും അവർ യുദ്ധത്തിലാണ്. എല്ലാ പ്രദേശത്തും അവർ ആക്രമണം നടത്തുന്നു. പൊലീസ് നിഷ്‌ക്രിയരായി നോക്കിയിരിക്കുകയാണ് - ഇന്നലെ ശുഹൈബിന്റെ മരണമറിഞ്ഞ് എത്തിയതിന് പിന്നാലെ സുധാകരൻ പറഞ്ഞു.

ശുഹൈബിനെ കൊലയാളികൾ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു എന്നാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന റിയാസിന്റെ പ്രതികരണം. സിപിഎം- കോൺഗ്രസ് സംഘർഷം നിലനിന്നിരുന്ന എടയന്നൂരിൽ പാർട്ടിക്ക് വേണ്ടി ചെറുത്തുനിന്നത് ശുഹൈബായിരുന്നുവെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. ഇതുമായി ബന്ധപ്പെട്ട കേസിൽ രണ്ടാഴ്ച ജയിലിൽ റിമാന്റിൽ കഴിഞ്ഞിരുന്ന ശുഹൈബ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.