മുംബൈ: ആരാധകരെ ത്രസിപ്പിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പഞ്ചാബ് കിങ്‌സ് മത്സരത്തിനിടെ ഗ്യാലറിയുടെ ശ്രദ്ധാകേന്ദ്രമായി നടൻ ഷാരൂഖ് ഖാന്റെ മക്കൾ. മത്സരം കാണാൻ നടൻ ഷാരൂഖ് ഖാന്റെ മക്കളായ ആര്യൻ ഖാനും സുഹാനയും അബ്‌റാമും നേരിട്ടെത്തിയിരുന്നു. വലിയ ആവേശത്തിലായിരുന്നു ഇവർ ഗ്യാലറിയിൽ മത്സരം കാണാൻ ഇരുന്നത്.

സുഹാനയുടെ അടുത്ത സുഹൃത്തും നടിയുമായ അനന്യ പാണ്ഡെയും ഒപ്പമുണ്ടായിരുന്നു. ആന്ദ്രേ റസ്സലിന്റെ വെടിക്കെട്ടിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് രണ്ടാം ജയമാണ് സ്വന്തമാക്കിയത്. പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിനാണ് കൊൽക്കത്ത തകർത്തത്.

മുൻനിര താരങ്ങൾ പരാജയപ്പെട്ടപ്പോൾ 31 പന്തിൽ 70 റൺസുമായി പുറത്താവാതെ നിന്ന് റസ്സൽ കൊൽക്കത്തയെ വിജയത്തിലേക്ക് നയിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബ് കിങ്സ് 18.2 ഓവറിൽ 137ന് എല്ലാവരും പുറത്തായി.

മറുപടി ബാറ്റിംഗിൽ കൊൽക്കത്ത 14.3 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. സാം ബില്ലംഗിസ് (24) റസ്സലിനൊപ്പം പുറത്താവാതെ നിന്നു. നാല് വിക്കറ്റ് നേടിയ കൊൽക്കത്ത പേസർ ഉമേഷ് യാദവാണ് മാൻ ഓഫ് ദ മാച്ച്. ഷാരൂഖ് ഖാനും ജൂഹി ചൗളയുമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിന്റെ ഉടമകൾ.