കണ്ണൂർ: തന്റെ മകനെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്ന ഭീഷണികൾക്ക് മറുപടിയുമായി വനിതാ ലീഗ് സംസ്ഥാന അദ്ധ്യക്ഷ സുഹ്റ മമ്പാട്. ലീഗ് പ്രവർത്തകനായ മകൻ നിയാസിനെതിരെ എൽഡിഎഫ് അനുകൂലി നടത്തിയ ഫേസ്‌ബുക്ക് പ്രതികരണവും മകന്റെ ഫോട്ടോയും ചേർത്താണ് ലീഗ് നേതാവിന്റെ മറുപടി. പാർട്ടി ഓഫീസിന് നേരെ കല്ലെറിഞ്ഞിരുന്നെങ്കിൽ നിയാസിനെ കൊലപ്പെടുത്തിയേനെ എന്ന് പരോക്ഷമായി സൂചിപ്പിക്കുന്നതായിരുന്നു ഭീഷണി കമന്റ്.

നിയാസ് മുഹമ്മദിന്റെ ചിത്രത്തിന് താഴെ ഒരാൾ കുറിച്ചത് ഇങ്ങനെയായിരുന്നു: 'കല്ല് ഒക്കെ കൈയിൽ എടുത്തു പട്ടി ഷോ ഒക്കെ കാണിച്ചോ, കുഴപ്പമില്ല. പക്ഷേ അത് പാർട്ടി ഓഫിസിൽ വന്നു വീണാൽ നാളെ സുഹറാടെ വീട്ടിൽ തങ്ങൾമാർ വന്നു മയ്യത്തു നിസ്‌കാരം നടത്തേണ്ടി വന്നേനെ'- എന്നായിരുന്നു.

സുഹ്‌റയുടെ മറുപടി ഇങ്ങനെ

അതിനുമാത്രം പോന്നോനൊക്കെ ചങ്ങരംകുളത്ത് സഖാവായി ഉണ്ടോടാ?. നിയാസിനെ മൂക്കിൽ വലിച്ച് കയറ്റിക്കളയുമെന്ന് ചങ്ങരംകുളത്തെ സൈബർ സഖക്കൾ പലരും സോഷ്യൽ മീഡിയയിൽ വല്ലാതെ കുരക്കുന്നു. ഈ മുഷ്ടി ചുരുട്ടാൻ പഠിപ്പിച്ചത് ഞാനാണെങ്കിൽ അതിനിയും ഉയർന്നു പൊങ്ങും.

അതേസമയം, കണ്ണൂർ പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കണ്ണൂരിൽ കളക്ടർ വിളിച്ചു ചേർത്ത സമാധാന യോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു. ഇന്ന് മുതൽ പ്രതികളെ പിടികൂടും വരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് യുഡിഫ് നേതാക്കൾ പ്രതികരിച്ചു. സമാധാന യോഗം ബഹിഷ്‌ക്കരിച്ചു യുഡിഎഫ് നടപടി തെറ്റെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. സമാധാന യോഗം ബഹിഷ്‌കരിച്ച യുഡിഎഫ് പ്രവർത്തകർ സമാധാനത്തിന് എതിരല്ലെന്നും അവരുടെ വികാരം മനസ്സിലാക്കുന്നു എന്നും പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടാനുള്ള നീക്കങ്ങൾ നടത്തുന്നുണ്ടെന്നും ജില്ലാകളക്ടറും സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു