ചാരുഹാസന്റെ മകളാണ് സുഹാസിനി. മണിരത്‌നം എന്ന സംവിധായകന്റെ ഭാര്യയും. അതിന് അപ്പുറത്തേക്ക് സ്വന്തമായ വ്യക്തിത്വം അവർ വളർത്തിയെടുത്തു. സിനിമയിൽ നായികയായി തിളങ്ങി. സംവിധായകയുമായി. പക്ഷേ സിനിമിയിൽ ഇപ്പോൾ അത്ര സജീവമല്ല. അതിന് കാരണം സുഹാസിനി വിശദീകരിക്കുകയാണ്.

മൂന്ന് വർഷം സിനിമാറ്റോഗ്രാഫിയും ഫിലിംമേക്കിംഗും പഠിച്ചു. അതാണ് എന്റെ വിദ്യാഭ്യാസ യോഗ്യത. വളരെ യാദ്യച്ഛികമായാണ് അഭിനയരംഗത്ത് എത്തിപ്പെട്ടത്. പക്ഷേ എന്റെ അഭിനയം എന്നെയോ പ്രേക്ഷകരെയോ ബോറടിപ്പിച്ചിട്ടില്ലന്നു കരുതുന്നു. ഇന്ദിരയ്ക്കുശേഷം തമിഴിൽ ധാരാളം ഹ്രസ്വചിത്രങ്ങളും സീരിയലുകളും സംവിധാനം ചെയ്തു. സിനിമാ സംവിധാന രംഗത്തേക്കില്ലെന്ന് തീരുമാനിക്കാൻ കാരണം മകൻ നന്ദനാണ്്. ഞാനോ അവന്റെ അച്ഛനോ കൂടെയുണ്ടാവണമെന്നത് അവന് നിർബന്ധമാണ്. അവന്റെയടുത്തുനിന്ന് മാറിനിൽക്കുന്ന ജോലിയെക്കുറിച്ച് ചിന്തിക്കാനേ കഴിയില്ല.

ഭർത്താവിനൊപ്പം ഒരേ ഫീൽഡിൽ ജോലിചെയ്യാൻ കഴിയുന്നത് ഭാഗ്യമാണ്. അതൊരു നല്ല എക്സ്പീരിയൻസായിത്തന്നെയാണ് തോന്നിയത്. മണിയും ഞാനും ഒരേ രീതിയിൽ ചിന്തിക്കുന്നവരാണ്. ഇഷ്ടങ്ങളും ഒരുപോലെ. അദ്ദേഹത്തിന്റെ സിനിമകൾക്ക് നല്ല സംഭാഷണമെഴുതാൻ മിടുക്കി ഞാൻ തന്നെയാണ്. പക്ഷേ ഞാനൊരു മടിച്ചിയാണ്.-സുഹാസിനി പറയുന്നു