പാരിപ്പള്ളി: റബ്ബർവെട്ട് തൊഴിലാളിയെയും കൂടെ താമസിച്ചുവന്നിരുന്ന സ്ത്രീയേയും മരിച്ച നിലിയൽ കണ്ടെത്തി. മധ്യവയസ്‌കനും കൂടെ താമസിച്ചുവന്ന ബന്ധുവായ സ്ത്രീയും ആസിഡ് ഉള്ളിൽചെന്ന് മരിച്ച നിലയിലാണ് കണ്ടത്. പാരിപ്പള്ളി ചെന്തിപ്പിൽ കോളനിയിൽ അശോകൻ (50), ഇയാളോടൊപ്പം താമസിച്ചുവന്ന രമണി (43) എന്നിവരാണ് മരിച്ചത്. രാത്രി ആസിഡ് മദ്യത്തിനൊപ്പം കഴിച്ചതായി അശോകൻ പറഞ്ഞതോടെയാണ് അയൽക്കാർ അറിയുന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെട്ടില്ല.

റബർവെട്ട് തൊഴിലാളിയായ അശോകൻ അവിവാഹിതനാണ്. ഇയാളുടെ ബന്ധുവായ രമണി കുറച്ചു മാസങ്ങൾക്ക് മുമ്പ് ഭർത്താവിനേയും മക്കളേയും ഉപേക്ഷിച്ച് കൂടെ വന്ന് താമസിക്കുകയായിരുന്നു. നാലുമാസമായി ഇവർ ഒരുമിച്ച് താമസിച്ച് വരികയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. കൂടുംബത്തെ ഉപേക്ഷിച്ചാണ് ഇവർ അശോകനൊപ്പം താമസിക്കാൻ എത്തിയതെന്നാണ് പൊലീസ് അന്വേഷണത്തിൽ ലഭിക്കുന്ന വിവരം.

ആസിഡ് മദ്യത്തിൽ കലർത്തി കഴിച്ചുവെന്നാണ് പ്രാഥമിക തെളിവുകളിൽ നിന്ന് പൊലീസിന്റെ അനുമാനം. റബർഷീറ്റ് പുരയിടത്തിൽ വച്ച് ഇരുവരും ആസിഡ് മദ്യത്തിൽ കലർത്തി കഴിച്ചതെന്ന് അയൽക്കാരുടെ മൊഴിയിൽ നിന്നാണ് വ്യക്തമായത്. അശോകൻ രാത്രിയിൽ ആസിഡ് കഴിച്ചവിവരം അയൽവീട്ടുകാരെ അറിയിക്കുകയായിരുന്നു. അറിഞ്ഞയുടൻ നാട്ടുകാർ എത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രമണി അപ്പോഴേക്കും മരിച്ചിരുന്നു. പിന്നീട് അശോകനും മരണമടഞ്ഞു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. പാരിപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.