ലണ്ടൻ: വെയിൽസിലെ ലേബർ നേതാവും മുൻ മന്ത്രിയുമായിരുന്ന കാൾ സാർജിയന്റ് (48) ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടു. നോർത്ത് വെയിൽസിലെ കോന്നാഹ് ക്വേയിലെ തന്റെ വീട്ടിലായിരുന്നും കാൾ സംശയകരമായ രീതിയിൽ മരിച്ച് കിടക്കുന്നതായി കാണപ്പെട്ടത്. തങ്ങളെ അനാവശ്യമായി തൊട്ടെന്നും ലൈംഗികചൂഷണം നടത്തിയെന്നും ആരോപിച്ച് മൂന്ന് സ്ത്രീകൾ ഇദ്ദേഹത്തിനെതിരെ രംഗത്തെത്തിയതിനെ തുടർന്ന് വെൽഷ് മന്ത്രിസഭയിൽ നിന്നും പുറത്താക്കപ്പെട്ടയാളാണ് രണ്ട് കുട്ടികളുടെ പിതാവായ കാൾ സാർജിയന്റ്. വെൽഷ് ഗവൺമെന്റിൽ നിന്നും ഇദ്ദേഹത്തെ വെള്ളിയാഴ്ചയായിരുന്നു പുറത്താക്കിയിരുന്നത്.

തനിക്ക് ഈ അടിസ്ഥാനരഹിതമായ ആരോപണത്തിൽ നിന്നും മുക്തനാവുന്നതിനായി സ്വതതന്ത്രമായ ഒരു അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇന്നലെ രാവിലെ 11.30ന് ഇദ്ദേഹം വീട്ടിൽ മരിച്ച് കിടക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് ഇവിടേക്കെത്തിയത് എന്നാണ് റിപ്പോർട്ട്. മരണത്തിന്റെ യഥാർത്ഥ കാരണം ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. കുടുംബനാഥന്റെ അപ്രതീക്ഷിതമായ വിയോഗത്തിൽ ഭാര്യ ബേണിയും മക്കളായ ജാക്കും ലൂസിയും ആകെ തകർന്നിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച തനിക്കെതിരെ ആരോപണങ്ങൾ ഉയർന്ന് വരുമ്പോൾ കാൾ സാർജിയന്റ് ഭാര്യക്കൊപ്പം ന്യൂയോർക്കിലായിരുന്നു.

മൂന്ന് സ്ത്രീകൾ വെയിൽസിലെ ഫസ്റ്റ് മിനിസ്റ്ററുടെ ഓഫീസുമായി ബന്ധപ്പെടുകയും കാൾ തങ്ങൾക്ക് നേരെ ലൈംഗിക ചൂഷണം നടത്തിയെന്ന് പരാതിപ്പെടുകയും ചെയ്തതിനെ തുടർന്നാണ് അദ്ദേഹത്തെ വെയിൽസിലെ ഫസ്റ്റ് മിനിസ്റ്ററായ കാർവിൻ ജോൺസ് വെള്ളിയാഴ്ച പുറത്താക്കിയിരുന്നത്. താൻ നിരപരാധിയാണെന്ന് തെളിയിക്കുമെന്നായിരുന്നു മരിക്കുന്നതിന് നാല് ദിവസങ്ങൾക്ക് മുമ്പ് ഇറക്കിയിരുന്ന പ്രസ്താവനയിലും കാൾ ഉറച്ച സ്വരത്തിൽ വ്യക്തമാക്കിയിരുന്നത്. കാളിന്റെ മരണവിവരമറിഞ്ഞ് ഇന്നലെ രാവിലെ നോർത്ത് വെയിൽസിലെ മുൻ കൗൺസിൽ ഹൗസിലേക്ക് പൊലീസും പാരാമെഡിക്‌സും കുതിച്ചെത്തുകയും വിശദമായ പരിശോധന നടത്തി അവിടെ വച്ച് തന്നെ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു.

തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് ശേഷം പ്രൈവറ്റ് ആംബുലൻസിലായിരുന്നു ഇദ്ദേഹത്തിന്റെ മൃതദേഹം വീട്ടിൽ നിന്നും കൊണ്ട് പോയിരുന്നത്. കാളിന്റെ മരണം ഭീകരവും ഞെട്ടിപ്പിക്കുന്നതുമാണെന്നാണ് ലേബർ നേതാവ് ജെറമി കോർബിൻ പ്രതികരിച്ചിരിക്കുന്നത്. ഇത്തരം ആരോപണങ്ങൾക്ക് വിധേയരാകുന്നവർ കടുത്ത കരുതൽ എടുക്കേണ്ടിയിരിക്കുന്നുവെന്നും കോർബിൻ മുന്നറിയിപ്പേകുന്നു. മരണത്തിന് മണിക്കൂറുകൾക്ക് മുമ്പ് പോലും തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ വ്യാജമാണെന്നായിരുന്നു കാൾ തന്റെ സുഹൃത്തുക്കളോട് ആവർത്തിച്ച് വ്യക്തമാക്കിയിരുന്നത്. ആരോപണങ്ങൾ ഉയർന്നെങ്കിലും കാളിനെ അറസ്റ്റ് ചെയ്തിരുന്നില്ല. ഏതായാസും സംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് സൂക്ഷ്മമായ അന്വേഷണം തുടരുന്നുണ്ട്. മരണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ദുരൂഹതകളുണ്ടോയെന്നും ആർക്കെങ്കിലും ഇതിൽ പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.