അടൂർ: കൗമാരപ്രായക്കാരിൽ ആത്മഹത്യാപ്രവണത കൂടുന്നതായി റിപ്പോർട്ട്. സംസ്ഥാനത്ത് കഴിഞ്ഞ 140 കൗമാരപ്രായക്കാരാണ് നിസ്സാരകാര്യങ്ങൾക്ക് ആത്മഹത്യചെയ്തത്. 13-നും 18-നും ഇടയിൽ പ്രായമുള്ളവരാണ് ഇവരിൽ ഏറെയുമെന്ന്, കുട്ടികളുടെ ക്ഷേമത്തിന് പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയായ ദിശയുടെ കണക്കുകൾ വ്യക്തമാക്കുന്നു. കുടുംബവഴക്ക്, പ്രണയപ്രശ്‌നങ്ങൾ, ഫോൺ ലഭിക്കാത്തത്, പരീക്ഷയിൽ തോറ്റത് എന്നീ കാരണങ്ങൾ ആത്മഹത്യയിലേക്ക് നയിക്കുന്നെന്നാണ് കണ്ടെത്തൽ. 2020 ജനുവരിമുതൽ ജൂൺവരെയുള്ള കണക്കുകളാണ് ഇതിലേക്ക് വിരൽ ചൂണ്ടുന്നത്.

തിരുവനന്തപുരം ജില്ലയിലാണ് കൗമാരക്കാരിലെ ആത്മഹത്യ കൂടുതലും. ജില്ലയിൽ 22 കുട്ടികളാണ് നിസ്സാര കാരണങ്ങൾക്ക് ആത്മഹത്യചെയ്തത്. മലപ്പുറം-20, തൃശ്ശൂർ-17, പാലക്കാടും കൊല്ലവും 11 വീതം, കോഴിക്കോട്-10, വയനാട് ഒൻപത്, ആലപ്പുഴയും പത്തനംതിട്ടയും എട്ടുവീതം, ഇടുക്കി, എറണാകുളം, കാസർകോട് ജില്ലകളിൽ ആറുവീതം, കണ്ണൂർ നാല്, കോട്ടയം രണ്ട് എന്നിങ്ങനെയാണ് ആത്മഹത്യാ കണക്ക്

കുട്ടികളുടെ സംരക്ഷണത്തിനുള്ള സർക്കാർസംവിധാനങ്ങൾ സമയത്ത് ഇടപെടുകയോ പ്രശ്‌നങ്ങൾ പരിഹരിക്കുകയോ ചെയ്യുന്നില്ലെന്നാണ് ദിശയുടെ കണ്ടെത്തൽ. കുട്ടികളുടെ പ്രശ്‌നപരിഹാരത്തിനും വളർച്ചയ്ക്കുമായി പഞ്ചായത്തുതലത്തിൽ അങ്കണവാടി കേന്ദ്രീകരിച്ചുള്ള കൗമാരക്ലാസ്, കുടുംബശ്രീ ബാലസഭ, ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റി എന്നിവ വേണമെന്നുണ്ട്. എന്നാൽ, മിക്ക പഞ്ചായത്തിലും ഇവ സജീവമല്ല. കുട്ടികളുടെ മാനസികപ്രശ്‌നങ്ങൾ, കുടുംബപ്രശ്‌നങ്ങൾ എന്നിവ കേൾക്കാൻ സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്, സോഷ്യൽ വർക്കർ, കൗൺസിലർ എന്നിവരടങ്ങുന്ന ഒരുവിഭാഗം എല്ലാ ഉപജില്ലാ വിദ്യാഭ്യാസകേന്ദ്രങ്ങളിലും ഉണ്ടെങ്കിലും പ്രയോജനപ്പെടുന്നുമില്ല.