ദുബായ്: പ്രണയം നഷ്ടമാകുമോ എന്ന ഭയം ഉള്ളിൽ നിറഞ്ഞതോടെ പ്രവാസിയായ 24കാരിയുടെ ആത്മഹത്യാ ശ്രമം. ദുബായിലാണ് സംഭവം. താൻ പ്രണയിച്ച യുവാവിന്റെ വീട്ടുകാർ മറ്റ് വിവാഹം ആലോചിക്കുന്നതായി അറിഞ്ഞതോടെയാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതിന് പിന്നാലെ യുവാവിനും യുവതിക്കുമെതിരെ കോടതി ശിക്ഷയും വിധിച്ചു. ആത്മഹത്യാ ശ്രമത്തിനും നിയമ വിരുദ്ധമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനുമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഇവർ തമ്മിൽ പ്രണയത്തിലായിരുന്നു.  പെൺകുട്ടി ഇന്ത്യൻ വംശജയാണ്.

ഒന്നര വർഷം മുൻപാണ് ഇവിടെ സെയിൽസ് ഗേളായി യുവതി ജോലി ചെയ്യാൻ തുടങ്ങിയത്. 26കാരനായ യുവാവുമായാണ് യുവതി പ്രണയത്തിലായിരുന്നത് എന്നാണ് വിവരം. കാമുകന്റെ അമ്മ നാട്ടിൽ മറ്റ് വിവാഹാലോചനകൾ നടത്തുന്നുണ്ടെന്ന് യുവതി അറിഞ്ഞതോടെ ഇവർ വിഷാദാവസ്ഥയിലായിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യാ ശ്രമം. ദുബായിലെ ഒരു മെട്രോ സ്റ്റേഷനിൽ വെച്ച് യുവതി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടതോടെ മെഡിക്കൽ സംഘമെത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് പിന്നാമ്പുറ കഥകൾ പുറത്ത് വരുന്നത്. ഉദ്യോഗസ്ഥരെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പെൺകുട്ടി വെളിപ്പെടുത്തിയത്. 'ദുബായിലും ഷാർജയിലും വെച്ച് പലതവണ തങ്ങൾ ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ട്. ഇതിന് താൻ പണം വാങ്ങിയില്ല. തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും സ്വർണ്ണ നെക്ലേസ് സമ്മാനമായി  നൽകുകയും  ചെയ്തിരുന്നു. 

എന്നാൽ നാട്ടിൽമറ്റൊരു വിവാഹാലോചന നടക്കുന്നുവെന്നറിഞ്ഞതോടെ താൻ മാനസികമായി തകർന്നു.  കാമുകൻ തന്ന ഉറപ്പ് പാലിക്കാനായാണ് ആത്മഹത്യാശ്രമം നടത്തിയതെന്നും' യുവതി പറഞ്ഞു. വിചാരണയ്‌ക്കൊടുവിൽ ഇരുവർക്കും ഒരു മാസം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ഇവരെ നാടുകടത്താനും ഉത്തരവിട്ടിട്ടുണ്ട്. വിധിക്കെതിരെ ഇരുവരും അപ്പീൽ നൽകിയതിനാൽ ശിക്ഷ ഉടനടി നടപ്പാക്കില്ല.