തിരുവനന്തപുരം: ശബരിമലയിൽ നിരോധനാജ്ഞ പിൻവലിക്കണം എന്നാവശ്യപ്പെട്ട് ബിജെപി സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന നിരാഹാര സമരപന്തലിന് മുന്നിൽ ആത്മഹത്യാശ്രമം. ബിജെപി നേതാവ് സി കെ പത്മനാഭൻ നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് മുന്നിലാണ് ഇന്ന് പുലർച്ചെ ആത്മഹത്യാ ശ്രമം നടന്നത്. തിരുവനന്തപുരം മുട്ടട അഞ്ചുവയൽ സ്വദേശി വേണുഗോപാലൻ നായരെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സമരപ്പന്തലിലേക്ക് ഓടിക്കയറിയ ആൾ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. പ്രവർത്തകരുടെയും പൊലീസിന്റെയും സമയോചിതമായ ഇടപെടലാണ് വൻദുരന്തം ഒഴിവാക്കിയതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് പറഞ്ഞു. തുടർന്ന് ഇയാളെ സമരപന്തലിലുള്ളവർ മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചു. 70 ശതമാനത്തോളം പൊള്ളലേറ്റതായി മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.

ശരണം വിളിച്ചു കൊണ്ടായിരുന്നു വേണുഗോപാലൻ നായരുടെ ആത്മഹത്യാ ശ്രമം. അയ്യപ്പഭക്തരനാണ് ഇയാളെന്നാണ് അറിയുന്നത്. സത്യാഗ്രഹ പന്തലിന് മുന്നിലേക്ക് ഓടിക്കയറിയ ശേഷം മണ്ണെണ്ണ ശരീരത്തിൽ ഒഴിച്ച് ആത്മഹത്യയ്ക്ക് തുനിയുകയാരുന്നു. ശബരിമല ക്ഷേത്ര വിഷയത്തിലുള്ള സർക്കാറിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു ഇയാളുടെ പ്രതിഷേധമെന്ന് എം ടി രമേശ് പറഞ്ഞു

സമരപ്പന്തലിന് ആവശ്യമായ സുരക്ഷയൊരുക്കിയില്ലെന്നും, ശബരിമല വിഷയത്തിലെ ജനവികാരം സർക്കാർ കണ്ടില്ലെന്ന് നടിക്കരുതെന്നും അദ്ദേഹം പറഞ്ഞു. അങ്ങേയറ്റം അലംഭാവ പൂർവ്വമായ സമീപനമാണ് നടത്തിയതെന്നും നേതാവ്. ശബരിമല പ്രശ്‌നം വികാരപരമായ മുന്നേറ്റമായി മാറുകയാണെന്നും വിശ്വാസികളുടെ വികാരം മുഖവിലക്കെടുക്കണം. ഇല്ലാത്ത പക്ഷം ദുരന്തങ്ങൾ ആവർത്തിക്കപ്പെടുമെന്നും എം ടി രമേശ് പറഞ്ഞു.

ശബരിമല വിഷയത്തിൽ സർക്കാർ ഇന്നലെ നിരോധനാജ്ഞ നീട്ടിയിരുന്നു. ഇതിന് ശേഷമാണ് ആത്മഹത്യാ ശ്രമം ഉണ്ടായത്. ബിജെപി നടത്തുന്ന സമരം ഒത്തുതീർപ്പാക്കണമെന്ന ആവശ്യത്തോട് സർക്കാർ മുഖം തിരിക്കുന്നു എന്നാണ് ബിജെപി നേതാക്കളുടെ പൊതുപരാതി. ഇതിനിടെയാണ് സമരപന്തലിന് സമീപം ആത്മഹത്യാ ശ്രമം നടക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ശബരിമലയിൽ നാല് ദിവസത്തേക്ക് കൂടിയാണ് നിരോധനാജ്ഞ നീട്ടിയത്. ഇലവുങ്കൽ മുതൽ സന്നിധാനം വരെയും നിരോധനാജ്ഞ തുടരും. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളക്ടറാണ് ഉത്തരവിട്ടത്.നിരോധനാജ്ഞയ്‌ക്കെതിരെ പ്രതിഷേധം നിലനിൽക്കുന്നതിനിടെയാണ് നടപടി. സന്നിധാനം, പമ്പ, നിലക്കൽ, ഇലവുങ്കൽ തുടങ്ങിയ സ്ഥലങ്ങളിൽ ശബരിമല നട തുറന്നതുമുതൽ നിരോധനജ്ഞ പ്രഖ്യാപിച്ചിരുന്നു.

ഏഴ് ദിവസത്തേക്കായിരുന്നു ആദ്യം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പിന്നീട് പൊലീസ് റിപ്പോർട്ട് നൽകിയതിനെ തുടർന്ന് നിരോധനാജ്ഞ ഘട്ടം ഘട്ടമായി നീട്ടുകയായിരുന്നു. നിരോധനാജ്ഞ നിലവിലുള്ളതിനാൽ ശബരിമലയിൽ ദർശനത്തിനെത്തുന്ന ഭക്തരെ ശരണം വിളിച്ചുവെന്ന കാരണത്താൽ പൊലീസ് പലവട്ടം അറസ്റ്റ് ചെയ്തിരുന്നു.